നെഹ്റു ട്രോഫി വള്ളംകളി: പരാതിയുമായി കൈനകരി ബോട്ട് ക്ലബ്; പ്രതിഷേധക്കാരെ നീക്കി പൊലീസ്
Mail This Article
ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിയിലെ ജേതാക്കളെ നിശ്ചയിച്ചതു സംബന്ധിച്ചു തർക്കം. വള്ളംകളി ഫലത്തിനെതിരെ രണ്ടാം സ്ഥാനക്കാരായ വീയപുരം ചുണ്ടന്റെ തുഴച്ചിൽക്കാരായ കൈനകരി വില്ലേജ് ബോട്ട് ക്ലബ് പരാതിയുമായെത്തി. പ്രതിഷേധിച്ച തുഴച്ചിൽക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനാണു ഒന്നാമതെത്തിയത്. 0.5 മൈക്രോസെക്കൻഡിന്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ ഒന്നാമതെത്തിയത്. ഇലക്ട്രോണിക് സംവിധാനത്തിലാണു ജേതാക്കളെ നിശ്ചയിച്ചത്. കലക്ടറുടെ നേതൃത്വത്തിൽ പരാതി പരിശോധിച്ചു കാരിച്ചാൽ തന്നെ വിജയിയെന്നു പ്രഖ്യാപിച്ചു.
സമാപന ചടങ്ങിനു ശേഷമാണ് കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ നെഹ്റു പവിലിയനിൽ തർക്കമുണ്ടായത്. സമ്മാന വിതരണം കഴിഞ്ഞ് വള്ളംകളി സംഘാടകരും മറ്റു ക്ലബ്ബുകളും പിരിഞ്ഞു പോയെങ്കിലും വിബിസി ടീമംഗങ്ങളും ഭാരവാഹികളും നെഹ്റു പവലിയനിൽ തന്നെ തുടർന്നു. പൊലീസ് ബലം പ്രയോഗിച്ചാണ് ഇവരെ നീക്കം ചെയ്തത്. മർദ്ദനത്തിൽ പരുക്കേറ്റവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.