പോരാട്ടത്തിന്റെ ഓർമകൾ ബാക്കി; യാത്രയാകുന്നു, കനൽച്ചോപ്പുള്ള ആ ചെമ്പനീർപ്പൂവ്
Mail This Article
പാനൂർ ∙ 1994 – യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ സമരരംഗത്തായിരുന്നു ഡിവൈഎഫ്ഐ. നവംബർ 25 ന് അന്നത്തെ സഹകരണമന്ത്രി എം.വി.രാഘവൻ സഹകരണ അർബൻ സൊസൈറ്റിയുടെ സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യാൻ കൂത്തുപറമ്പിലെത്തി. കരിങ്കൊടിയുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിയെ തടഞ്ഞതോടെ പൊലീസ് വെടിവയ്പുണ്ടായി. കൂത്തുപറമ്പ് നരവൂരിലെ റോഷൻ, കോടിയേരിയിലെ മധു, കുണ്ടുചിറയിലെ ബാബു, അരയാക്കൂലിലെ ഷിബുലാൽ, പാനൂരിലെ രാജീവൻ എന്നീ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ വെടിയേറ്റു മരിച്ചു. ചൊക്ലി പുതുക്കുടി പുഷ്പനും വെടിയേറ്റു. പുഷ്പന്റെ കഴുത്തിൽ തറച്ച വെടിയുണ്ട പിറകിലൂടെ പുറത്തെത്തിയത് സുഷുമ്ന നാഡിക്കു ക്ഷതമേൽപിച്ചായിരുന്നു. അന്നു മുതൽ ചലനമറ്റു കിടക്കയിലായി 24 കാരനായ പുഷ്പൻ. ആത്മവീര്യം ചോരാതെ മൂന്നു പതിറ്റാണ്ടോളം ഒരേ കിടപ്പിൽ കഴിഞ്ഞപ്പോഴും പുഷ്പനു താങ്ങും തണലുമായി പാർട്ടിയും സഖാക്കളുമുണ്ടായിരുന്നു.
-
Also Read
കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ അന്തരിച്ചു
മേനപ്രത്തെ പുഷ്പന്റെ വീട് സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും രാഷ്ട്രീയ തീർഥാടന കേന്ദ്രമായി. പാർട്ടിയുടെ സംസ്ഥാന നേതൃനിരയിൽ, പുഷ്പന്റെ വീടു സന്ദർശിക്കാത്തവർ ചുരുക്കമാണ്. പാർട്ടി ചുമതലയിലെത്തുന്നവർ പുഷ്പനെ സന്ദർശിക്കുക പതിവാണ്; മുഖ്യമന്ത്രിമാരടക്കം.
പുഷ്പന്റെ തറവാട് വീടിനു സമീപം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി വീടുവച്ചു നൽകി. കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേൽ നോട്ടത്തിൽ പാർട്ടി ചികിത്സാ സംവിധാനം ഒരുക്കി. പരിചരിക്കാൻ പാർട്ടി പ്രവർത്തകരുണ്ടായിരുന്നു. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ പുഷ്പന്റെ സഹോദരൻ പ്രകാശന് റവന്യൂ വകുപ്പിൽ ജോലി നൽകി. തണ്ടൊടിഞ്ഞിട്ടും കാലങ്ങളോളം വാടാത്ത ചെമ്പനിനീർപ്പൂവായി തലയുയർത്തി നിന്ന പുഷ്പൻ ഓർമയാകുമ്പോഴും ആ ജീവിതത്തിന്റെ കനൽത്തിളക്കം ബാക്കിനിൽക്കുന്നു.