ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രിസഭയിൽ
Mail This Article
ചെന്നൈ∙ തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന. ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഗവർണർക്ക് കത്തു നൽകി. ഞായറാഴ്ച വൈകിട്ട് 3.30ന് ഉദയനിധി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. പുനഃസംഘടനയോടെ സ്റ്റാലിന്റെ മകനും കായിക–യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധിയുടെ നേതൃത്വത്തിലുള്ള യുവനിര മന്ത്രിസഭയിൽ ശക്തിയാർജിക്കും. ഡിഎംകെയിൽ ഉദയനിധിക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് പുതിയ പദവി.
കൈക്കൂലിക്കേസിൽ ജയിലിലായിരുന്ന സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും. സെന്തിൽ ബാലാജി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ സ്റ്റാലിൻ മന്ത്രിസഭയിൽ ഉടൻ പുനഃസംഘടനയുണ്ടാകുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. കൈക്കൂലിക്കേസിൽ 2023 ജൂണിലാണ് എക്സൈസ് മന്ത്രിയായിരുന്ന സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ജയിലിലായ സെന്തിൽ വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനെതിരെ ഗവർണർ ആർ.എൻ.രവി രംഗത്തെത്തിയിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ സെന്തിൽ മന്ത്രിസ്ഥാനം രാജിവച്ചു.