സ്വർണം പിടിക്കൽ തുടരണം; രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണം: നിർദേശവുമായി ഡിജിപി
Mail This Article
തിരുവനന്തപുരം∙ പൊലീസിന് കിട്ടുന്ന വിവരമനുസരിച്ച് സ്വർണം പിടിക്കൽ തുടരണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ്. വിവാദങ്ങളെ തുടർന്ന് നടപടികളിൽ നിന്ന് പിന്മാറരുതെന്നും അദ്ദേഹം നിർദേശം നൽകി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകനയോഗത്തിലാണ് ഡിജിപിയുടെ നിർദേശം.
മയക്കുമരുന്ന് കേസുകളിൽ വേഗം ചാർജ് ഷീറ്റ് പൂർത്തിയാക്കാനും, എടിഎം കവർച്ചയുടെ പശ്ചാത്തലത്തിൽ രാത്രികാല പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താനും സംസ്ഥാന പൊലീസ് മേധാവി അവലോകന യോഗത്തിൽ നിർദേശിച്ചു. ഈ വർഷം ജൂൺ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെ അവലോകന യോഗമാണ് തിങ്കളാഴ്ച പൊലീസ് ആസ്ഥാനത്ത് നടന്നത്.
സ്കൂൾ, കോളജ് അധികൃതരുമായി സംസാരിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ഇതിനായി ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ കൊണ്ടുവന്ന മാപ്പിങ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
സൈബർ കുറ്റകൃത്യങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടപ്പാക്കും. എടിഎം കവർച്ചയുടെ പശ്ചാത്തലത്തിൽ രാത്രികാല പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താനും സോൺ ഐജിമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താനും ഡിജിപി നിർദേശിച്ചു.
പോക്സോ കേസുകളിൽ ചാർജ് ഷീറ്റ് നൽകാൻ വൈകുകയാണെങ്കിൽ റേഞ്ച് ഡിഐജിമാർ വിലയിരുത്തി നടപടിയെടുക്കണം. മാവോയിസ്റ്റ് സംഘങ്ങളുടെ പ്രവർത്തനം നിരീക്കാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കണം. യോഗത്തിൽ എഡിജിപിമാർ, സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ, സിറ്റി പൊലീസ് കമ്മീഷണർമാർ എന്നിവർ പങ്കെടുത്തു.