നിലമ്പൂരിൽ മാത്രമല്ല കോഴിക്കോടും പുരുഷാരം; സിപിഎമ്മിന് തലവേദനയായി അൻവർ, ഉന്നം വയ്ക്കുന്നത് പിണറായിയെ
Mail This Article
കോഴിക്കോട്∙ വർഗീയ ശക്തികൾക്കെതിരെ ശക്തമായ പോരാട്ടം നയിക്കുകയും മതേതരത്വത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന പാർട്ടി എന്ന സിപിഎമ്മിന്റെ അവകാശവാദത്തിന്റെ കടയ്ക്കൽ കോടാലി വച്ച് പി.വി.അൻവർ. മുതലക്കുളത്ത് മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട വിശദീകരണ യോഗത്തിൽ പ്രസംഗിച്ച അൻവർ കൂടുതൽ സമയവും ചെലവഴിച്ചത് മുഖ്യമന്ത്രി പിണറായി വിജയനേയും പൊലീസിനേയും ആക്രമിക്കാനായിരുന്നു. ഇംഗ്ലീഷ് പത്രത്തിനു പിണറായി വിജയൻ നൽകിയ അഭിമുഖം ഉയർത്തിപ്പിടിച്ചായിരുന്നു അൻവറിന്റെ ആക്രമണം. നിലമ്പൂരിൽ മാത്രമല്ല കോഴിക്കോട്ടും അൻവറിനെ കേൾക്കാൻ ആളുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വിശദീകരണ യോഗം.
സ്വർണക്കടത്ത് കൂടുതലും നടക്കുന്നത് മലപ്പുറം ജില്ലയിലാണെന്ന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ പരാമർശം ഉയർത്തിപ്പിടിച്ചായിരുന്നു അൻവറിന്റെ ആക്രമണം. സ്വർണക്കടത്ത് നടക്കുന്നത് മുസ്‌ലിം സമുദായം ഏറെയുള്ള മലപ്പുറത്താണെന്നും ഇങ്ങനെ അനധികൃതമായി എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് വരുത്തിത്തീർക്കാനുമാണ് പിണറായി വിജയൻ ശ്രമിച്ചതെന്നാണ് അൻവർ പറഞ്ഞുവച്ചത്. മനോരമ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾക്കൊന്നും അഭിമുഖം നൽകാതെ ഡൽഹിയിൽ വായിക്കപ്പെടുന്ന ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം നൽകിയതിൽ ഉദ്ദേശ്യം വളരെ വ്യക്തമാണെന്നും അൻവർ പറഞ്ഞു. സിഎഎ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുസ്‌ലിം സമുദായത്തിനെ രക്ഷിക്കാൻ സിപിഎമ്മിനെ സാധിക്കൂ എന്ന തരത്തിലായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയത്. മുസ്‌ലിം ലീഗിനെ ചേർത്തു നിർത്താനും ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. മലബാറിലെ മുസ്‌ലിം സമുദായത്തെ കൂടുതൽ ചേർത്തു നിർത്താൻ സിപിഎം കാര്യമായി പണിയെടുക്കുന്നതിനിടെയാണ് അൻവർ എന്ന ഒറ്റയാൻ സിപിഎമ്മിന്റെ അനിഷേധ്യ നേതാവായ പിണറായി വിജയനെ ഉന്നംവച്ച് പാർട്ടിയുടെ മതേതര മുഖത്തിന് മേൽ കരിവാരിത്തേച്ചത്. കേരളം മാറ്റിനിർത്തി വർഗീയതയ്ക്ക് കടന്നുവരാൻ വഴിയൊരുക്കിയതും പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു.
മാമിക്കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച അൻവർ എംഡിഎംഎ കടത്തുന്നത് പൊലീസുകാർ തന്നെയാണെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു. വടകരയിലെ മുഹമ്മദ് ആഷിർ ഉൾപ്പെടെയുള്ളവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം പൊലീസ് അട്ടിമറിച്ചുവെന്നും അൻവർ ആരോപിച്ചു. രണ്ട് ദിവസത്തിനകം അജിത് കുമാറിനെ മാറ്റുമെങ്കിലും അടുത്ത കസേരയിൽ അദ്ദേഹത്തെ പ്രതിഷ്ഠിക്കുമെന്നും പറഞ്ഞു. അജിത് കുമാറിെന സസ്പെൻഡ് ചെയ്യാൻ മാത്രമുള്ള തെളിവുകൾ താൻ നൽകിയിട്ടുണ്ട്. എന്നാൽ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട. പി.ശശിയാണ് എല്ലാത്തിനും പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പല സാമ്പത്തിക ഇടപാട് കേസിലും ശശി ഇടപെട്ടു. താൻ നേരിട്ട് കണ്ട് ബോധിപ്പിച്ച കാര്യങ്ങളിൽ പോലും ശശി നീതിക്കൊപ്പം നിന്നില്ല. ഇങ്ങനെ പൊലീസിനെ അടിമുടി സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പരാമർശങ്ങളാണ് അൻവർ നടത്തിയത്. ആഭ്യന്തര വകുപ്പിനെ അടച്ചാക്ഷേപിക്കാൻ അൻവറിനെ പ്രേരിപ്പിച്ചത്, മുഖ്യമന്ത്രിയും ശശിയും ചേർന്ന് വകുപ്പ് നിയന്ത്രിക്കുന്നുവെന്ന കാരണമാകാം. പൊലീസിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇടിച്ചു താഴ്ത്തുന്നതായിരുന്നു അൻവറിന്റെ പ്രസംഗം. നിങ്ങൾ പണം മുടക്കി ആരംഭിച്ച സംരംഭമോ വ്യാപാരമോ നാളെ നിങ്ങളുടേതാകില്ല. മറ്റൊരാൾ അവകാശ വാദവുമായി വന്നാൽ പൊലീസ് അയാൾക്കൊപ്പമായിരിക്കും നിൽക്കുക എന്നും അൻവർ തുറന്നടിച്ചു.
എട്ടുവർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഇതുപോലെ ആക്രമിക്കാൻ പ്രതിപക്ഷം പോലും മുതിർന്നിട്ടില്ല. അൻവർ തെളിവ് സഹിതം ആരോപണങ്ങൾ ഉയർത്തുന്നതും അൻവറിനെ കേൾക്കാൻ ആളുകൂടുന്നതും സിപിഎമ്മിന് ചെറിയ തലവേദനയല്ല ഉണ്ടാക്കുന്നത്. വരും ദിവസങ്ങളിലും മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും അൻവർ വിശദീകരണ യോഗം വിളിച്ചു ചേർക്കുന്നുണ്ട്. ഇനിയെന്തെല്ലാമാണ് അൻവർ വിളിച്ചുപറയാൻ പോകുന്നതെന്ന ആശങ്കയിലാണ് സിപിഎം. അൻവറിനെ കേൾക്കാൻ പാർട്ടി അനുഭാവികൾ പോലും എത്തുന്നു എന്നതാണ് ഏറ്റവും വലിയ തിരിച്ചടി. അടുത്തകാലം വരെ പ്രതിപക്ഷത്തെ ആക്രമിക്കാൻ സിപിഎം ഉപയോഗിച്ച കുന്തമുനയായിരുന്നു അൻവർ എങ്കിൽ അതിപ്പോൾ സ്വന്തം നെഞ്ചിലേക്കാണ് തിരിഞ്ഞിരിക്കുന്നതെന്ന് മലബാറിലെ സിപിഎം പ്രവർത്തകരെങ്കിലും സമ്മതിക്കുന്നു.