ADVERTISEMENT

തൃശൂർ ∙ ദേശീയപാതയിൽ കാർ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വർണം കവർന്ന കേസിലെ അഞ്ചംഗ ക്വട്ടേഷൻ സംഘത്തിന്റെ നേതാവ് ഇൻസ്റ്റഗ്രാം താരം. കവർച്ച ആസൂത്രണം ചെയ്തു നടപ്പാക്കിയ സംഘത്തലവൻ പത്തനംതിട്ട തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടിൽ റോഷൻ വർഗീസിന് (29) ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തോളം ഫോളോവേഴ്സുണ്ട്. റോഷൻ മോഷ്ടാവാണെന്ന് ഫോളോവേഴ്സിന് മിക്കവർക്കും അറിയില്ല. പ്ലസ്ടുവരെ പഠിച്ച റോഷന് 22 കേസുകളുണ്ട്. കവർച്ച നടന്ന സമയത്ത് അതുവഴിപോയ സ്വകാര്യ ബസിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് നിർണായകമായത്.

റോഷന്റെ സംഘത്തിൽപ്പെട്ട തിരുവല്ല ആലംതുരുത്തി മാങ്കുളത്തിൽ ഷിജോ വർഗീസ് (23), തൃശൂർ എസ്എൻ പുരം പള്ളിനട ഊളക്കൽ സിദ്ദീഖ് (26), നെല്ലായി കൊളത്തൂർ തൈവളപ്പിൽ നിശാന്ത് (24), കയ്പമംഗലം മൂന്നുപീടിക അടിപ്പറമ്പിൽ നിഖിൽ നാഥ് (36) എന്നിവരെയും സിറ്റി പൊലീസ് പിടികൂടി. ഇവരെ റിമാൻഡ് ചെയ്തു. ഇനി നാലുപേർ പിടിയിലാകാനുണ്ട്. കോയമ്പത്തൂരിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്നു തൃശൂരിലെ ജ്വല്ലറിയിലേക്കു രണ്ടരക്കിലോ സ്വർണമാലകളുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ പട്ടിക്കാട് കല്ലിടുക്കിൽ വച്ചാണു ക്വട്ടേഷൻ സംഘം ആക്രമിച്ചത്. ഏറെ ദൂരം യുവാക്കളുടെ കാറിനെ 3 കാറുകളിൽ പിന്തുടർന്ന ഇവർ തടഞ്ഞുനിർത്തി കാറിന്റെ ചില്ലു തകർത്തു ഡോർ തുറന്നു. കത്തി കഴുത്തിൽവച്ചു ഭീഷണിപ്പെടുത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയി. സ്വർണം ഒളിപ്പിച്ചു വച്ചിരുന്ന കാറും ഇവർ കൈവശപ്പെടുത്തി. പ്രതികളിൽ സിദ്ദീഖ്, നിശാന്ത്, നിഖിൽനാഥ് എന്നിവരെ ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്കു കുതിരാനിൽ നിന്നു പിടികൂടിയിരുന്നു.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണു സംഘത്തലവൻ റോഷനെക്കുറിച്ചു വിവരം ലഭിക്കുന്നത്. പ്രതികൾ വാഹനത്തിൽ ഉപയോഗിച്ചിരുന്നതു വ്യാജ നമ്പർപ്ലേറ്റ് ആയതിനാൽ അന്വേഷണം ദുഷ്കരമായി. രണ്ടുകാറുകൾ പൊലീസ് കണ്ടെടുത്തു. പ്രതി റോഷൻ തമിഴ്നാട്ടിലും കർണാടകയിലും സമ‍ാനരീതിയിലുള്ള കവർച്ചകൾ നടത്തിയിട്ടുണ്ട്. റോഷനെതിരെ തിരുവല്ല, ചങ്ങനാശേരി, ചേർത്തല സ്റ്റേഷനുകളിൽ 22 കേസുകൾ നിലവിലുണ്ട്. ഷിജോയ്ക്കെതിരെ 9 കേസുകളും സിദ്ദീഖിനെതിരെ 8 കേസുകളും നിശാന്തിനെതിരെ ഒരു കേസും നിഖിലിനെതിരെ 12 കേസും നിലവിലുണ്ട്. പ്രതികൾ യുവാക്കളിൽ നിന്നു തട്ടിയെടുത്ത കാർ നടത്തറയിൽ നിന്നു നേരത്തെ കണ്ടെടുത്തിരുന്നു. കോയമ്പത്തൂരിൽനിന്ന് സ്വർണം കൊണ്ടുവരുന്നത് സംഘത്തെ അറിയിച്ച ആളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com