ADVERTISEMENT

തിരുവനന്തപുരം∙ എസ്എടി ആശുപത്രിയിലെ വൈദ്യുതി തകരാർ പരിഹരിച്ചെന്ന് അധികൃതർ. ട്രാൻസ്ഫോർമറിലെ ബ്രേക്കറുകൾ തകരാറിലായതായിരുന്നു പ്രതിസന്ധിക്ക് കാരണം. ബ്രേക്കറുകൾ മാറ്റിസ്ഥാപിച്ചുവെന്ന് പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം അറിയിച്ചു. ഇതോടെ ആശുപത്രിയിലെ ജനറേറ്ററുകൾ ഒഴിവാക്കി. ഞായറാഴ്ച രാത്രി മുതൽ വൈദ്യുതി മുടങ്ങിയതോടെ ജനറേറ്ററിന്റെ സഹായത്താലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്.

വൈദ്യുതി തകരാറുമായി ബന്ധപ്പെട്ട് സമഗ്ര സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. നാലുമണിക്കൂർ വൈദ്യുതി മുടങ്ങിയതിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടുദിവസമായി ആശുപത്രിയിൽ വൈദ്യുതി തകരാറുണ്ടായിട്ടും പകരം ജനറേറ്റർ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാൻ വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല. ഈ വിവരം ആരോഗ്യവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. വൈദ്യുതി തകരാർ പരിഹരിക്കുന്നതിനായി പിന്നീട് ജനറേറ്റർ എത്തിച്ചെങ്കിലും ഇതും തകരാറിലായി. പ്രതിഷേധത്തിനൊടുവിൽ മറ്റൊരു ജനറേറ്ററെത്തിച്ചാണ് നാലു മണിക്കൂറിനുശേഷം വൈദ്യുതി പുനഃസ്ഥാപിച്ച് പ്രശ്നം പരിഹരിച്ചത്. 

∙ വകുപ്പുകൾ തമ്മിൽ ആരോപണം

ആശുപത്രി വൈദ്യുതി മുടക്കത്തിൽ കെഎസ്ഇബിയും ആരോഗ്യവകുപ്പും തമ്മിൽ ആരോപണപ്രത്യാരോപണവുമായി രംഗത്തെത്തിയിരുന്നു. വൈദ്യുതി മുടക്കത്തിൽ തങ്ങൾക്ക് റോളില്ലെന്നായിരുന്നു കെഎസ്ഇബി അവകാശവാദം. എന്നാൽ കെഎസ്ഇബി അറ്റകുറ്റപ്പണി പൂർത്തിയാകാത്തതാണ് സംഭവം കൈവിട്ട് പോകാൻ കാരണമെന്നാണ് മാധ്യമങ്ങളോട് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞത്. പക്ഷേ വൈദ്യുതി മുടങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും കെഎസ്ഇബി ജീവനക്കാരും പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗവും പരിശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ല. അവസാനം താൽക്കാലിക ജനറേറ്റർ സംവിധാനം ഒരുക്കിയാണ് ആശുപത്രിയിൽ വൈദ്യുതി എത്തിച്ചത്.

ആശങ്ക ; ഒടുവിൽ ആശ്വാസം

വൈദ്യുതി മുടക്കിയ ആദ്യ സമയങ്ങളിൽ ആശുപത്രിക്ക് പുറത്ത് ഉണ്ടായിരുന്ന കൂട്ടിരിപ്പുകാരും ബന്ധുക്കളും സംയമനം പാലിച്ചാണ് നിലകൊണ്ടത്. സാധാരണ സംഭവിക്കുന്ന വൈദ്യുതി മുടക്കമെന്ന് മാത്രമാണ് ഇവരും ധരിച്ചത്. മുടക്കം ഒരു മണിക്കൂറോളം നീണ്ടതോടെ പരസ്പരം ചർച്ചയായി. പിന്നാലെ ഇൻഫർമേഷൻ കൗണ്ടറിലേക്ക് അന്വേഷകരുടെ നിര നീണ്ടു. ആശുപത്രിക്ക് അകത്ത് ഉണ്ടായിരുന്നവർ ഇടനാഴിയിലേക്ക് വന്നതോടെ ആശുപത്രിയുടെ മുൻവശത്തെ ഗ്രിൽ അടച്ചു. ഇതിനിടയിൽ സംഘർഷസാധ്യത പരിഗണിച്ച് പൊലീസും സ്ഥലത്ത് എത്തി.

വൈദ്യുതി വരാൻ പിന്നെയും സമയം എടുത്തതോടെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആശങ്ക അണപൊട്ടി. കൂട്ടിരിപ്പുകാർ മുദ്രാവാക്യം വിളിച്ച് ആശുപത്രിക്ക് മുന്നിലേക്ക് എത്തിയപ്പോൾ കൂടെയുള്ള കുട്ടികളെയും ഗർഭിണികളെയും കുറിച്ചായിരുന്നു ആശുപത്രിക്ക് അകത്ത് ഉള്ളവരുടെ ആശങ്ക. ആരോഗ്യവകുപ്പ് എന്ത് നോക്കിയിരിക്കുകയാണെന്ന് രോഗികൾ ചോദിച്ചു. പാവപ്പെട്ട കുട്ടികളുടെയും സ്ത്രീകളുടെയും ജീവന് ഒരു വിലയുമില്ലേയെന്ന് പറഞ്ഞായിരുന്നു ആശുപത്രിക്ക് ഉള്ളിൽ ഉള്ളവരുടെ വിലാപം. ലേബർ റൂമുകളിൽ ഉള്ളവരെയും കുട്ടികളെയും ഓർത്തായിരുന്നു പുറത്ത് ഉള്ളവരുടെ വേദന. സംഘർഷം വലിയ രീതിയിലേക്ക് പോകാതിരിക്കാനായി കൂടുതൽ പൊലീസിനെ ആശുപത്രിക്ക് മുന്നിലേക്ക് എത്തിച്ചു. തുടർന്ന് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതായി പൊലീസ് പലവട്ടം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം തണുത്തു. ഇതിനിടയിൽ അറ്റകുറ്റപ്പണിക്കായി കൂടുതൽ ജീവനക്കാരും സ്ഥലത്ത് എത്തി. 

ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, മെഡിക്കൽ ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവരും സ്ഥലത്ത് ഉണ്ടായിരുന്നു. സംഭവം രൂക്ഷമായതോടെ ആരോഗ്യമന്ത്രി വിഷയത്തിൽ ഇടപെട്ടു. താൽക്കാലിക ജനറേറ്റർ സംവിധാനം ഒരുക്കാനായിരുന്നു മന്ത്രിയുടെ നിർദേശം. ഇതിനു ശേഷവും സമയം ഏറെ വൈകിയാണ് താൽക്കാലിക ജനറേറ്റർ സംവിധാനം ഒരുക്കിയത്. മൂന്നു മണിക്കൂറിലധികം വൈദ്യുതി മുടങ്ങിയതിന്റെ ഉത്തരവാദികൾ ആരൊക്കെയെന്ന് അറിയാനാണ് സമഗ്ര സാങ്കേതിക സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്.

ആശുപത്രി അധികൃതർക്കും ആരോഗ്യവകുപ്പിനും വീഴ്ചയുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. എസ്എടി പോലെയുള്ള ആശുപത്രിയിൽ ഒരു മിനിറ്റ് പോലും വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. അറ്റകുറ്റപ്പണി നടത്തിയാൽ പോലും പകരം സംവിധാനം ഒരുക്കുകയും അത് കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ പരിശോധിച്ച് ഉറപ്പാക്കുകയും വേണം. നിലവിൽ ഇതൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. അതിനാലാണ് സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com