മാമി തിരോധാന കേസിൽ സിബിഐ അന്വേഷണമില്ല; ഹർജി തീർപ്പാക്കി ഹൈക്കോടതി
Mail This Article
കൊച്ചി∙ കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാന കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഹമ്മദ് ആട്ടൂരിന്റെ ഭാര്യ റുക്സാന നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുവെന്ന സർക്കാർ വാദം അംഗീകരിച്ചാണ് നടപടി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. 22ന് തലക്കുളത്തൂരിൽവച്ച് ഫോൺ ഓൺ ആയി. മാമി ഭാര്യ സബയെ വിളിച്ചു. സുഹൃത്തായ അൻവർ അമീനോട് തന്നെ വിളിക്കാൻ പറയണമെന്നു പറഞ്ഞു. മറ്റൊരു സുഹൃത്തിനെയും മാമി വിളിച്ചു.
മാമിയെ അൻവർ തിരിച്ചു വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്നു 22 ന് രാത്രി മാമിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. മാമിയുടെ തിരോധാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനും പങ്കുണ്ടെന്ന് പി.വി.അൻവർ എംഎൽഎ ആരോപിച്ചിരുന്നു.