വയനാട്ടിലേക്ക് വിളിച്ചാൽ പോരാ, വന്നെത്താൻ നല്ല വഴി വേണം; കുരുക്കിക്കൊല്ലുന്നൊരു ചുരം
Mail This Article
കൽപറ്റ ∙ സഞ്ചാരികളെ വയനാട്ടിലേക്കു ക്ഷണിച്ച് നാടുനീളെ പ്രചാരണം നടത്തുമ്പോഴും അങ്ങോട്ടുള്ള വഴി നന്നാക്കുന്ന കാര്യത്തിലെ അലംഭാവത്തിൽ മാറ്റമില്ല. താമരശ്ശേരി ചുരത്തിലെ വനപാതയിൽ യാത്രക്കാർ കുടുങ്ങുന്നത് തുടരുകയാണ്. ശനിയാഴ്ച രാത്രി ഏഴാം വളവിൽ ലോറി മറിഞ്ഞതോടെ ഗതാഗതക്കുരുക്ക് 12 കിലോമീറ്ററോളം നീണ്ടു. രാത്രി എട്ടരയ്ക്ക് ചുരത്തിൽ കുടുങ്ങിയ യാത്രക്കാർ ചുരം കടന്നത് പുലർച്ചെ ഒന്നരയ്ക്കാണ്.
വനപാതയിൽ കുടിവെള്ളം പോലുമില്ലാതെ പെട്ടുപോയത് നൂറുകണക്കിനാളുകൾ. ഒടുവിൽ അടിവാരത്തുനിന്നു കുപ്പിവെള്ളം എത്തിച്ച് യാത്രക്കാർക്കു നൽകുകയായിരുന്നു. വയനാട്ടിലേക്കു വരുന്നവർ ഈ ഗതികേട് അനുഭവിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. താൽക്കാലിക പരിഹാരം കാണാൻ പോലും ഒരു വകുപ്പും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല.
അപകടങ്ങളുടെ ചുരം
ശനിയാഴ്ച താമരശ്ശേരി ചുരത്തിലുണ്ടായത് മൂന്നു വലിയ അപകടങ്ങളാണ്. രാവിലെ പത്തരയോടെ, പ്ലൈവുഡ് കയറ്റി വന്ന പിക്കപ്പ് ലോറിക്ക് തീപിടിച്ചു. ഉച്ചതിരിഞ്ഞ് കാർ നിയന്ത്രണം വിട്ട് ഓവുചാലിലേക്കു മറിഞ്ഞു. ഈ സമയത്തെല്ലാം മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. അന്നുതന്നെ ഒരു കണ്ടെയ്നർ ലോറിയും ചില ചെറിയ വാഹനങ്ങളും കേടായിരുന്നു. എന്നാൽ അവിടെ റോഡിനു വീതിയുണ്ടായിരുന്നതിനാൽ കുറച്ചു സമയം മാത്രമേ ഗതാഗതക്കുരുക്കുണ്ടായുള്ളൂ. രാത്രി എട്ടരയോടെ, മരം കയറ്റി വന്ന ലോറി ഏഴാം വളവിൽ മറിഞ്ഞതോടെ ഗതാഗതം സ്തംഭിച്ചു. അഞ്ചു മണിക്കൂറാണ് 12 കിലോമീറ്ററിലേറെ വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. ഒടുവിൽ അടിവാരത്തുംനിന്നും താമരശ്ശേരിയിൽനിന്നും ജെസിബിയും ക്രെയിനും എത്തിച്ചാണ് ലോറി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
ചുരത്തിൽ ലോറി മറഞ്ഞപ്പോൾ ട്രാഫിക് പൊലീസെത്തിയെങ്കിലും നിസ്സഹായരായിരുന്നു. ഇതിനിടെ റോഡ് മുഴുവൻ വാഹനങ്ങൾ നിറഞ്ഞു. അടിവാരത്തുനിന്നു ക്രെയിനിനും ജെസിബിക്കും അപകടസ്ഥലത്തേക്ക് എത്താൻ സാധിക്കാത്തവിധം റോഡ് ബ്ലോക്കായി. ഒടുവിൽ യാത്രക്കാരും ഡ്രൈവർമാരും ഇറങ്ങിയാണ് ഗതാഗതം നിയന്ത്രിച്ച് ഇവ എത്തിച്ചത്. അഞ്ചും പത്തും മണിക്കൂർ പച്ചവെള്ളം പോലും കിട്ടാതെ ചുരത്തിൽ ആളുകൾ കുടുങ്ങുന്നത് ആദ്യമായല്ല. ഈ ദുരന്തം അവസാനിപ്പിക്കാൻ ചെറുവിരൽ പോലും അനക്കാൻ സർക്കാരിനു താൽപര്യവുമില്ല.
റോഡിൽ ഏറ്റുമുട്ടി യാത്രക്കാർ
ചുരത്തിൽ കുടുങ്ങുന്നത് യാത്രക്കാരുടെ ക്ഷമപരീക്ഷണത്തിന്റെ എല്ലാ പരിധികളും ലംഘിക്കുന്നതാണ്. ശനിയാഴ്ച രാത്രി ഗതാഗതക്കുരുക്കിൽ കുടുങ്ങിയ കാർ യാത്രക്കാരും ലോറി ഡ്രൈവറും തമ്മിൽ ഏറ്റുമുട്ടി. ലോറി ഡ്രൈവറെ ഒരു സംഘം യുവാക്കൾ മർദിച്ചു. ലോറി സൈഡ് തെറ്റിച്ച് വന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം പ്രശ്നങ്ങളുടെ പ്രധാന കാരണം ചുരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണ്. നൂറുകണക്കിനു വാഹനങ്ങളെയും ആയിരക്കണക്കിനു യാത്രക്കാരെയും നിയന്ത്രിക്കാൻ രണ്ടോ മൂന്നോ പൊലീസുകാരാണ് ഉണ്ടാവുക.
ഇല്ല, താൽക്കാലിക പരിഹാരം പോലും
ചുരം ബദൽപാതകളുടെയും തുരങ്കപാതയുടെയും നിർമാണം എത്രയും വേഗം ആരംഭിക്കുമെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ചുരത്തിലെ മൂന്നു വളവുകൾ നിവർത്താൻ ഇതുവരെ സാധിച്ചില്ല. അഞ്ചു മുതൽ എട്ടു വരെ വളവുകളാണ് തീരെ വീതിയില്ലാത്തത്. ഇവിടെ കാർ കേടായാൽപോലും ഗതാഗതം സ്തംഭിക്കും. ഈ വളവുകൾ നിവർത്താൻ വനംവകുപ്പ് അഞ്ചു വർഷം മുൻപു സ്ഥലം വിട്ടു നൽകിയതാണ്. നിർമാണത്തിനുള്ള ഫണ്ടും അനുവദിച്ചു. എന്നാൽ യാതൊരു ജോലിയും തുടങ്ങിയില്ല. വളവുകൾ ഒറ്റ മാസം കൊണ്ടു നിവർത്താൻ സാധിക്കുമെങ്കിലും നടപടിയില്ല. മഴ പെയ്തതോടെ ഈ വളവുകളിൽ വൻ കുഴികൾ രൂപപ്പെട്ടതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാനും ബുദ്ധിമുട്ടാണ്.
കാത്തിരിക്കുന്നു അപകടം
കഴിഞ്ഞ വർഷം പൂജ അവധിക്ക് നിരവധി യാത്രക്കാരാണ് വയനാട്ടിലേക്ക് എത്തിയത്. ഇതിനിടെ വാഹനങ്ങൾ കേടായതോടെ 12 മണിക്കൂറോളം ചുരത്തിൽ ആൾക്കാർ കുടുങ്ങി. അന്നു ഭക്ഷണവും വെള്ളവും എത്തിച്ചു നൽകി. സ്ത്രീകൾക്ക് ഉപയോഗിക്കാൻ ഷാൾ മറച്ചുകെട്ടി താൽക്കാലിക ശുചിമുറി ഉണ്ടാക്കേണ്ടി വന്നു. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ പൂജ അവധിയാണ് വരുന്നത്. നിരവധി യാത്രക്കാരാണ് വയനാട്ടിലേക്ക് വരാൻ തയാറായി നിൽക്കുന്നതും. അവരെയൊക്കെ ഇപ്പോൾ അലട്ടുന്ന പ്രശ്നം ചുരത്തിൽ കുടുങ്ങുമോ എന്നതാണ്.
ചുരത്തിലെ ബ്ലോക്ക് നിയന്ത്രിക്കാൻ എന്താണു ചെയ്യേണ്ടതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അതു ചെയ്യേണ്ട അധികാരികൾ ഇതിനെതിരെ പുറം തിരിഞ്ഞു നിൽക്കുന്നു. ചരക്കു ലോറികൾ നിയന്ത്രിക്കുക, വാഹനം കേടായാൽ നന്നാക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, അനധികൃത പാർക്കിങ് തടയുക, അമിത വേഗവും ഓവർടേക്കിങ്ങും തടയുക എന്നീ കാര്യങ്ങളാണ് ഏറ്റവും അടിയന്തരമായി ചെയ്യാൻ സാധിക്കുക. എന്നാൽ നാല് പൊലീസുകാർ മാത്രം വിചാരിച്ചാൽ ഇതൊന്നും നടക്കില്ല. കഴിഞ്ഞ പൂജ അവധിക്ക് യാത്രക്കാർ നേരിട്ട ദുരിതം ഈ വർഷവും ആവർത്തിക്കാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുകയാണ്.