മലപ്പുറത്തെ അധിക്ഷേപിച്ചു: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
Mail This Article
കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയനുനേരെ കണ്ണൂരിൽ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കണ്ണൂർ കാൽടെക്സ് വഴി കടന്നുപോകുമ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരുടെ നേതൃത്വത്തിൽ കരിങ്കൊടി കാട്ടിയത്. ഇരുവരേയും ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ മുസ്‌ലിം ലീഗും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് മലപ്പുറം ജില്ലയെ ആകെ അപമാനിക്കുന്ന നടപടിയാണ് ഉണ്ടാകുന്നതെന്നും ഇത്തരത്തിൽ മലപ്പുറത്തെ അപമാനിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നുമായിരുന്നു ലീഗിന്റെ ആരോപണം. അധികാരം നിലനിർത്താനും സ്വന്തം കുടുംബം ചെയ്ത വൃത്തികേടുകൾ മറച്ചുവയ്ക്കാനും ഒരു പ്രദേശത്തെയാകെ അപമാനിക്കുന്ന നടപടിയിൽനിന്ന് മുഖ്യമന്ത്രി പുറകോട്ട് പോയില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ആളിക്കത്തിക്കുമെന്നും ലീഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.