മൊസാദിന്റെ മുറ്റത്തും ഇറാന്റെ മിസൈൽ; വൻ ഗർത്തം രൂപപ്പെട്ടു, മണ്ണ് മൂടി വാഹനങ്ങൾ– വിഡിയോ
Mail This Article
ടെൽ അവീവ് ∙ ഇസ്രയേലിലേക്ക് ഇറാൻ തൊടുത്ത മിസൈലുകളിലൊന്ന് പതിച്ചത് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ആസ്ഥാനത്തിനു സമീപമെന്ന് റിപ്പോർട്ടുകൾ. ടെൽ അവീവിലെ ആസ്ഥാനത്തിനു സമീപം ഒരു വൻ ഗർത്തം രൂപപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മൊസാദ് ആസ്ഥാനത്തുനിന്ന് 3 കിലോമീറ്റർ മാത്രം അകലെ ഹെർസ്‍ലിയയിലെ ഒരു ബഹുനില അപ്പാർട്ട്മെന്റിന് സമീപത്തു നിന്ന് ചിത്രീകരിച്ച വിഡിയോ ആണ് പ്രചരിക്കുന്നത്. വിഡിയോയിൽ, പാർക്കിങ് സ്ഥലത്തു രൂപപ്പെട്ട ഗർത്തം കാണാം. മിസൈൽ ആക്രമണത്തിൽ പൊടിപടലങ്ങൾ ഉയർന്ന് വാഹനങ്ങൾ മണ്ണിൽ മൂടിയതും കാണാം. ഒരു സിനിമ കോംപ്ലക്സിൽനിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് മിസൈൽ വീണത്.
ഇന്നലെയാണ് ഇറാൻ ഇസ്രയേലിനു നേരെ 180 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്. അതിൽ ഭൂരിഭാഗവും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവച്ചിട്ടുവെന്നാണ് റിപ്പോർട്ടുകൾ.