ADVERTISEMENT

17 വർഷവും എട്ടു മാസവും!പള്ളിവാസൽ വിപുലീകരണ പദ്ധതി യാഥാർഥ്യമാകുന്നത് രണ്ടു ദശകത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ്. പദ്ധതിക്കായി അണക്കെട്ട് നിർമിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ടണൽ മുതൽ പവർഹൗസ് വരെ മാത്രം നിർമിക്കേണ്ട ചെറുകിട ജലവൈദ്യുതപദ്ധതിയായിരുന്നു പള്ളിവാസൽ വിപുലീകരണ പദ്ധതി. 2007 മാർച്ച് ഒന്നിന് ആരംഭിച്ച പദ്ധതിയുടെ എസ്റ്റിമേറ്റ് 250 കോടി രൂപയായിരുന്നു. നാലു വർഷം കൊണ്ട് പണി പൂർത്തിയാക്കി കെഎസ്ഇബിക്ക് കൈമാറണമെന്നായിരുന്നു കരാർ. 2024 ൽ പദ്ധതി കമ്മിഷനിങ്ങിന് ഒരുങ്ങുമ്പോൾ ആകെ ചെലവ് 600 കോടി രൂപ. 60 മെഗാവാട്ട് പദ്ധതിയുടെ ഒരു ദിവസത്തെ ഉൽപാദനക്ഷമത 15 ലക്ഷം യൂണിറ്റ് വൈദ്യുതിയാണെങ്കിൽ, യൂണിറ്റിന് ശരാശരി 5 രൂപ വച്ച് കണക്കാക്കിയാൽ പോലും ഒരു ദിവസത്തെ ഉൽപാദന നഷ്ടം 75 ലക്ഷം രൂപ! നഷ്ടം ആരുടേതാണ്? സംശയമെന്ത്, നികുതിദായകരായ പൊതുജനങ്ങളുടേതുതന്നെ. ശമ്പളം കൊടുക്കാനും പെൻഷനെടുക്കാനും പ്രതിദിനം 100 കോടി രൂപ വീതം കടമെടുത്തുകൊണ്ടിരിക്കുകയാണ് സംസ്ഥാനം. ആ കടത്തിന്റെ വലിയൊരു ഭാഗം വൈദ്യുതി വാങ്ങുന്നതിന് വേണ്ടിയാണ്.

പള്ളിവാസൽ പദ്ധതി മാത്രമല്ല, ആ പട്ടികയിൽ 125 ചെറുകിട വൈദ്യുതപദ്ധതികൾ വേറെയുമുണ്ട്. പള്ളിവാസൽ വിപുലീകരണ പദ്ധതിക്കൊപ്പം കമ്മിഷൻ ചെയ്യുന്ന തൊട്ടിയാർ പദ്ധതി പൂർത്തിയാകുന്നത് 15 വർഷമെടുത്താണ്, ഭൂതത്താൻകെട്ട് പദ്ധതി ആരംഭിച്ചിട്ട് 30 വർഷം കഴിഞ്ഞു.

പള്ളിവാസൽ വൈദ്യുതി വിപുലീകരണ പദ്ധതിയുടെ ഭാഗമായി പഴയ മൂന്നാറിലെ തുരങ്ക കവാടത്തിൽ സ്ഥാപിച്ച ഷട്ടറുകൾ
പള്ളിവാസൽ വൈദ്യുതി വിപുലീകരണ പദ്ധതിയുടെ ഭാഗമായി പഴയ മൂന്നാറിലെ തുരങ്ക കവാടത്തിൽ സ്ഥാപിച്ച ഷട്ടറുകൾ

‘‘കഴിഞ്ഞ 30 വർഷമായി ഭൂതത്താൻകെട്ടിന്റെ പണി ഇഴഞ്ഞുനീങ്ങുകയാണ്. 1994 ൽ നിർമാണം ആരംഭിച്ച പദ്ധതിയാണ്. 365 ദിവസവും വൈദ്യുതി എടുക്കാവുന്ന പവർ ഹൗസാണ് ഭൂതത്താൻ കെട്ട്. ഇത്തരത്തിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡ് കൈകാര്യം ചെയ്യുന്ന ഒരു ഡസനോളം ചെറുകിട വൈദ്യുതി പദ്ധതികളുണ്ട്. അതിനെല്ലാം ദശകങ്ങളുടെ കാലതാമസമാണ് വന്നിരിക്കുന്നത്. ഈ രംഗത്തെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് കാരണം. 851 സിവിൽ എൻജിനീയർമാരാണ് കെഎസ്ഇബിയുടെ പദ്ധതികൾ കൈകാര്യം ചെയ്യുന്നത്. പദ്ധതികൾ ഏറ്റെടുക്കുക, പൂർത്തീകരിക്കുക, കമ്മിഷൻ ചെയ്ത് കെഎസ്ഇബിക്ക് സമർപ്പിക്കുക എന്നുള്ളതാണ് ഇവരുടെ പ്രധാന ജോലി. കഴിഞ്ഞ 14 വർഷം കൊണ്ട് ഈ എൻജിനീയർമാർ കൂട്ടിച്ചേർത്തത് നിസ്സാരമായ 99 മെഗാവാട്ട് മാത്രമാണ്. നമ്മുടെ നികുതിപ്പണം കൊണ്ടാണ് ഇവർ തമാശ കളിക്കുന്നത്.’’ – പള്ളിവാസലിലെ മുൻ പ്രോജക്ട് മാനേജർ ജേക്കബ് ജോസ് പറയുന്നു.

എസാർ, ഡിഇസി, കോസ്റ്റൽ പ്രോജക്ട് എന്നീ കമ്പനികളുടെ കൺസോർഷ്യമാണ് പള്ളിവാസൽ വിപുലീകരണ പദ്ധതി ആരംഭിക്കുന്നത്. അഞ്ചുകിലോമീറ്റർ പാറ തുരന്നുള്ള തുരങ്കനിർമാണം, 584 മീറ്റർ ശേഷിക്കെ സ്തംഭിച്ചു. ആ ഭാഗത്ത് പാറയ്ക്കു പകരം മണ്ണിലൂടെയായിരുന്നു തുരങ്കം നിർമ്മിക്കേണ്ടിയിരുന്നത്. മണ്ണിടിഞ്ഞതോടെയാണ് പണി നിലച്ചത്. ഇ. ശ്രീധരനടക്കമുള്ളവരുടെ നിർദേശം സ്വീകരിച്ചെങ്കിലും അതും കെഎസ്ഇബി നടപ്പിലാക്കിയില്ല. 2014ൽ നിർമാണം നിലയ്ക്കുമ്പോൾ 75 ശതമാനത്തോളം പണി പൂർത്തിയായിരുന്നു. ഉപേക്ഷിക്കപ്പെട്ടതായി കെഎസ്ഇബി തന്നെ വിശേഷിപ്പിച്ച പദ്ധതി 2017 ൽ ജേക്കബ് ജോസ് പൊതുതാൽപര്യ ഹർജി (WPC 33239) നൽ‌കിയതോടെയാണ് പുനരാരംഭിക്കുന്നത്. 2020 അവസാനത്തോടെ പദ്ധതി പൂർത്തിയാക്കുമെന്ന് അന്ന് വൈദ്യുതി മന്ത്രിയായിരുന്ന എം.എം.മണി നിയമസഭയിൽ പറഞ്ഞെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഒച്ചിഴയും വേഗത്തിൽ മാത്രമായിരുന്നു. പദ്ധതിക്കുവേണ്ടി ഇറക്കുമതി ചെയ്ത ജനറേറ്ററുകളുൾപ്പെടെയുള്ള ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുകയും ചെയ്തു. 

പള്ളിവാസൽ പവർ ഹൗസ്
പള്ളിവാസൽ പവർ ഹൗസ്

കേരളത്തിനാവശ്യമായ വൈദ്യുതി പൂർണമായും നമുക്ക് ഉൽപാദിപ്പിക്കാൻ സാധിക്കില്ലെന്നും പുറമേ വാങ്ങേണ്ടിവരുമെന്നുള്ളതും വസ്തുതയാണ്. വൈദ്യുതി പുറത്തുനിന്നു വാങ്ങിയതിന് കഴിഞ്ഞ വർഷം കേരളത്തിനു ചെലവായത് 13,200 കോടി രൂപയാണ്. കേരളത്തിൽ പള്ളിവാസൽ മുതൽ, കഴിഞ്ഞ 31 വർഷമായി മുടങ്ങിക്കിടക്കുന്ന കണ്ണൂരിലെ വഞ്ചിയം പദ്ധതി വരെ എണ്ണിത്തീർത്താൽ, 777 മെഗാവാട്ട് ശേഷിയുള്ള 126 ചെറുകിട ജലവൈദ്യുത പദ്ധതികളാണ് പൂർത്തിയാകാനുള്ളത്. 126 ചെറുകിട വൈദ്യുത പദ്ധതികളിൽ ഭൂരിഭാഗവും മഴക്കാലത്ത് മാത്രം വൈദ്യുതി ഉൽപാദിപ്പിക്കുന്നവയാണ്. വൈദ്യുതി ഒരു യൂണിറ്റിന് അഞ്ചുരൂപ നിരക്കിൽ കണക്കാക്കിയാൽ പോലും, ഈ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പൂർത്തിയാക്കിയാൽ വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍നിന്ന് പ്രതിവര്‍ഷം 1500 കോടി രൂപ ലാഭിക്കാൻ കേരളത്തിന് കഴിയും.

‘‘മാർച്ച് 15 മുതൽ മേയ് 31 വരെയുള്ള രണ്ടരമാസം വേനൽക്കാലത്ത് പീക്ക് ലോഡ് 5800 മെഗാവാട്ടിലേക്ക് ഉയർന്നു. അതായത് പ്രതിദിനം 11 കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ഇത്തവണ ചൂടു കൂടിയതോടെ എയർ കണ്ടീഷണർ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയിലെത്തി കേരളം. വീട്ടിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്കു മുതൽ ഇലക്ട്രിക് വാഹനങ്ങൾക്കു വരെ വൈദ്യുതി ഉപഭോഗം കൂടിയിരിക്കുകയാണ്. ഈ രീതിയിൽ മുന്നോട്ടുപോയാൽ അടുത്ത ആറു വർഷത്തിനുള്ളിൽ പീക്ക് ലോഡ് 10,000 മെഗാവാട്ട് അഥവാ 20 കോടി യൂണിറ്റിലേക്ക് കയറും. സോളർ അടക്കം നമ്മുടെ ഉൽപാദനശേഷി 4000 മെഗാവാട്ട് മാത്രമാണ്. പുതിയ ഉൽപാദന പദ്ധതികൾക്ക് 43,200 കോടി രൂപ ചെലവാകും എന്നാണ് കെഎസ്ഇബിയുടെ ചെയർമാൻ പറഞ്ഞിരിക്കുന്നത്. ഇത് എവിടെനിന്നു നാം കണ്ടെത്തും? ചെറുകിട ജലവൈദ്യുത പദ്ധതികളുടെ കൃത്യമായ സ്ഥിതിവിവരക്കണക്ക് പുറത്തുവിടണം. അതിൽ കെഎസ്ഇബി പൂർത്തിയാക്കാൻ പോകുന്ന പദ്ധതികളേതെന്ന് രേഖപ്പെടുത്തണം. ബാക്കിയുള്ളതിൽ പകുതി ജില്ലാ പഞ്ചായത്തുകൾക്കും ജില്ലാ സഹകരണ ബാങ്കുകൾക്കും ഊരാളുങ്കൽ പോലുള്ള സ്ഥാപനങ്ങൾക്കും കൊടുക്കണം. മിച്ചമുള്ളത് കേരളത്തിലെ സ്വകാര്യ കമ്പനികൾക്കും കൊടുക്കണം. സംസ്ഥാനത്തെ വിഭവശേഷിയുടെ മുകളിൽ അടയിരിക്കുന്ന നിലപാട് തിരുത്തിയേ മതിയാകൂ. ഒരു വർഷം മറ്റു സംസ്ഥാനങ്ങൾക്കു നൽകുന്നതിന്റെ പത്തിലൊന്ന് മുടക്കി കേരളത്തിലെ കോളജുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവയുടെ മുകളിൽ സൗജന്യമായി സോളർ പാനലുകൾ സ്ഥാപിക്കണം’’ ജേക്കബ് ജോസ് പറഞ്ഞു.  

പള്ളിവാസൽ പവർ ഹൗസിലേക്കുള്ള തുരങ്കത്തിലേക്കു വെള്ളം തിരിച്ചുവിടുന്ന പഴയ മൂന്നാറിലെ ഹെഡ്‌വർക്സ് ഡാം.
പള്ളിവാസൽ പവർ ഹൗസിലേക്കുള്ള തുരങ്കത്തിലേക്കു വെള്ളം തിരിച്ചുവിടുന്ന പഴയ മൂന്നാറിലെ ഹെഡ്‌വർക്സ് ഡാം.

വൈദ്യുതി വാങ്ങാനുള്ള കോടികളുടെ നഷ്ടം മാത്രമല്ല വിലയിരുത്തേണ്ടത്. ചെറുകിട വൈദ്യുതപദ്ധതികളുടെ പേരിൽ കേരളത്തിന് പ്രത്യക്ഷമായും പരോക്ഷമായും നഷ്ടമായത് എണ്ണമില്ലാത്തത്ര കോടികളാണ്. 2016 ൽ പൂർത്തിയാക്കേണ്ടിയിരുന്ന ഭൂതത്താൻകെട്ട് പദ്ധതി തീർക്കാൻ 12 കോടി രൂപയാണ് കണക്കാക്കുന്നതെങ്കിൽ പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിനാലുണ്ടാകുന്ന ഉൽപാദനനഷ്ടം പ്രതിവർഷം 32 കോടിയാണ്. പള്ളിവാസൽ പദ്ധതിക്കായി 2010ൽ ചൈനയിൽനിന്നിറക്കിയ ജനറേറ്ററുകളും ടർബൈനുകളും ഉൾപ്പെടെ ഉപകരണങ്ങൾ നശിച്ചുപോയിരുന്നു. അതു മാറ്റി വാങ്ങേണ്ടിവരുമ്പോൾ അല്ലെങ്കിൽ നന്നാക്കുമ്പോൾ ഉണ്ടാകുന്ന ധനനഷ്ടം വളരെ വലുതാണ്. സർക്കാർ ഖജനാവ് കാലിയായിക്കൊണ്ടിരിക്കുകയാണെങ്കിലും കമ്മിഷൻ വീണ് ഉദ്യോഗസ്ഥരുടെ കീശവീർക്കുന്നുണ്ട്. 

പുസ്തകത്തിന്റെ കവർ, ജേക്കബ് ജോസ്
പള്ളിവാസലിന്റെ പശ്ചാത്തലത്തിൽ ജേക്കബ് എഴുതിയ ടണൽ അറ്റ് പള്ളിവാസൽ എന്ന നോവലിന്റെ കവർ, ജേക്കബ് ജോസ്

‘‘ഇന്നത്തെപ്പോലെ ആധുനിക കമ്യൂണിക്കേഷൻ ഉപകരണങ്ങളോ നിർമാണ യന്ത്രങ്ങളോ ഇല്ലാത്ത കാലത്ത് പണി തുടങ്ങിയ പദ്ധതിയാണ് ഇടുക്കി ജലവൈദ്യുതപദ്ധതി. 780 മെഗാവാട്ടിന്റെ വൻ പദ്ധതിയുടെ നിർമാണം 1969 ലാണ് ആരംഭിക്കുന്നത്. 1976 ൽ അന്നത്തെ പ്രധാനമന്ത്രി അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 780 മെഗാവാട്ടിന്റെ പദ്ധതി അരനൂറ്റാണ്ടുമുൻപ് എട്ടുവർഷം കൊണ്ട് പണിതീർത്തെങ്കിൽ ആധുനിക കാലത്ത് അണക്കെട്ട് വേണ്ടാത്ത പള്ളിവാസൽ വിപുലീകരണ പദ്ധതി പൂർത്തിയാക്കാനെടുത്തത് 17 വർഷവും 8 മാസവുമാണ്. കേരളത്തിലെ നികുതിദായകരായ പൊതുജനങ്ങളും രാഷ്ട്രീയ നേതൃത്വവും ഉദ്ദേശ്യശുദ്ധിയുള്ള സാങ്കേതിക വിദഗ്ധരും ഇത് പരിശോധിക്കണം, പരിഹാരം കണ്ടെത്തണം. കെഎസ്ഇബിയിൽ അഴിച്ചുപണി നടത്തി ഇനി ഒരിക്കലും ഇതാവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണം.’’– ജേക്കബ് ജോസ് പറയുന്നു. 

വൈദ്യുതി ബോർഡിലെ അസി.എൻജിനീയർ ഉൾപ്പെടെ എട്ടുപേർ മരിച്ച പന്നിയാർ പെൻസ്റ്റോക്ക് ദുരന്തവും ‘ശാസ്ത്രീയമായി നടത്തിയ അഴിമതി’കളുടെ കോടിക്കിലുക്കവുമുൾപ്പെടെ പള്ളിവാസൽ വിപുലീകരണ പദ്ധതി പലതവണ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിന്റെ  അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കും മാറ്റം സംഭവിച്ചിട്ടില്ലെന്നു മാത്രം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഈ പദ്ധതികൾക്ക് ജീവൻ വച്ചാൽ അവിടെ തുറക്കപ്പെടുന്നത് യുവ എൻജിനീയർമാർ മുതൽ തൊഴിലാളികൾ വരെയുള്ളവർ‌ക്കുള്ള അവസരങ്ങളാണ്. അനുബന്ധ തൊഴിൽ സാധ്യതകൾ വേറെയും. പദ്ധതികളെല്ലാം നയന മനോഹരമായ മലയോര പ്രദേശങ്ങളിലാണ്. പദ്ധതിക്ക് ചുറ്റുമുള്ള പ്രദേശത്ത് ചെറിയ പാർക്കുകൾ ഒരുക്കിയും റോപ്‌വേ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടാക്കിയും ആ പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയെടുക്കാനും സാധിക്കും.

English Summary:

KSEB Under Fire: Mismanagement and Delays Plague Kerala's Small Hydropower Dreams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com