‘ലോറിക്ക് അർജുന്റെ പേരിടും, ചിതയടങ്ങും മുൻപ് ക്രൂശിക്കരുതായിരുന്നു; യുട്യൂബ് ചാനൽ നിർത്തില്ല’
Mail This Article
കോഴിക്കോട് ∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ പേരിൽ ഫണ്ടുപിരിവ് നടത്തിയിട്ടില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ലോറി ഉടമ മനാഫ്. തെറ്റ് ചെയ്തെന്നു കണ്ടെത്തുകയാണെങ്കിൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബം മനാഫിന് എതിരെ ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെയാണു പ്രതികരണം.
‘‘ഇപ്പോഴാണ് ആരോപണങ്ങൾ അറിയുന്നത്. എനിക്കു ഫോൺ വന്നു കൊണ്ടിരിക്കുകയാണ്. യുട്യൂബ് ചാനൽ തുടങ്ങിയത് തിരച്ചിലിന്റെ വിവരങ്ങൾ പങ്കുവയ്ക്കാനാണ്. അർജുനെ കിട്ടിയതോടെ അത് അവസാനിപ്പിച്ചതാണ്. ആരോപണങ്ങൾ വന്നതോടെ അത് തുടരാൻ തന്നെയാണ് തീരുമാനം. ലോറിക്ക് അർജുന്റെ പേരുതന്നെ ഇടും. അർജുന്റെ ചിത അടങ്ങും മുൻപ് എന്നെ ക്രൂശിക്കരുതായിരുന്നു.’’ മനാഫ് പറഞ്ഞു.
യുട്യൂബ് ചാനൽ തുടങ്ങിയതിലെ തെറ്റ് എന്താണെന്നും അർജുന്റെ കുടംബത്തെ സ്വന്തം കുടുംബമായിട്ടാണു കണ്ടതെന്നും മനാഫ് മാധ്യമങ്ങൾക്കു മുൻപിൽ വിശദീകരിച്ചു. ‘‘അർജുന് വേണ്ടി പിരിവ് നടത്തിയിട്ടില്ല. എന്റെ സ്വത്തും മുതലും വിറ്റിട്ടാണ് ഞാൻ നിൽക്കുന്നത്. പിരിവ് നടത്തിയെന്നതിന് തെളിവ് കൊണ്ടുവന്നാൽ മാനാഞ്ചിറ സ്ക്വയറിന്റെ നടുവിൽ വന്നുനിൽക്കാം, കല്ലെറിഞ്ഞ് കൊന്നോളൂ. ഞാനൊരു കാര്യം ഏറ്റെടുത്ത് പൂർത്തിയാക്കി. അത് കഴിഞ്ഞു.
എനിക്ക് നേരിട്ട കുറെ പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. യുട്യൂബ് ചാനൽ തുടങ്ങിയതിലെ തെറ്റ് എന്താണ്? പത്തായിരം സബ്സ്ക്രൈബേഴ്സാണ് ചാനലിന് ഉള്ളത്. അവർക്ക് കാര്യങ്ങൾ മനസ്സിലാകാൻ വേണ്ടി വല്ലപ്പോഴും ലൈവ് ഇടും’’– മനാഫ് വിശദീകരിച്ചു.
ജനങ്ങള്‍ അർജുന്റെ വിഷയം മറന്നുപോകാതിരിക്കാൻ ശ്രമിച്ചു. വിഷയം ജനങ്ങളിലെത്തണം. അർജുന്റെ കുടംബത്തെ സ്വന്തം കുടുംബമായിട്ടാണു കണ്ടത്. അവർ എന്നെ തള്ളിപ്പറഞ്ഞാലും അവർ എനിക്ക് കുടുംബമാണ്. ഷിരൂരിൽ തിരച്ചിൽ നടക്കുമ്പോൾ അർജുന്റെ കുടംബത്തിന്റെ ഫോൺ എടുത്തില്ലെന്ന ആരോപണം കളവാണ്. അർജുന്റെ കുടുംബത്തിന്റെ ആരോപണം എന്തുകൊണ്ടാണെന്ന് അറിയില്ല– മനാഫ് പറഞ്ഞു.