വിവാദ അഭിമുഖം: മുഖ്യമന്ത്രിക്കും പത്രത്തിനും ലേഖികയ്ക്കും എതിരെ കേസെടുക്കണം: പരാതി കോടതിയിൽ
Mail This Article
കൊച്ചി ∙ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തിനും ലേഖികയ്ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് അഭിഭാഷകനായ എം. ബൈജു നോയൽ പരാതി നൽകിയത്.
മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിന് പ്രേരിപ്പിക്കുന്നതാണ് അഭിമുഖത്തിലെ പരാമർശങ്ങൾ എന്നാണ് പരാതിയിലെ ആക്ഷേപം. താൻ പരാതിയുമായി എറണാകുളം സെൻട്രൽ പൊലീസിനെയും സിറ്റി പൊലീസ് കമ്മിഷണറേയും സമീപിച്ചിട്ടും പരാതിയിൽ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് ഹർജിയിൽ പറയുന്നു.
സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ പരാമർശങ്ങൾ വിവിധ മത, ജാതി വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നതാണെന്നാണ് പരാതിക്കാരന്റെ ആക്ഷേപം. ഇത് ഭാരതീയ ന്യായ സംഹിതയിലെ 196, 3(5) വകുപ്പുകൾ പ്രകാരം കുറ്റകരമാണെന്നാണ് പരാതിക്കാരൻ പറയുന്നത്.
മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട് അഭിമുഖത്തിൽ വന്ന പരാമർശങ്ങൾ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസ് രംഗത്തു വന്നതോടെ അഭിമുഖവുമായി ബന്ധപ്പെട്ട വിവരങ്ങൾ പത്രം പുറത്തുവിട്ടിരുന്നു. പി.ആർ ഏജൻസിയാണ് അഭിമുഖ കാര്യവുമായി തങ്ങളെ സമീപിച്ചതെന്നായിരുന്നു വെളിപ്പെടുത്തൽ.
അഭിമുഖത്തിനു ശേഷം പിആർ ഏജൻസി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലം നല്‍കിയതും അഭിമുഖത്തിന്റെ ഭാഗമായി നൽകി. അത് തങ്ങളുടെ ഭാഗത്തു നിന്ന് സംഭവിച്ച പിഴവായിരുന്നുവെന്ന് പത്രം വ്യക്താക്കിയിരുന്നു. പിന്നീട് അഭിമുഖത്തിലെ വിവാദ ഭാഗങ്ങൾ ഒഴിവാക്കിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.