ADVERTISEMENT

ജറുസലം∙ മൂന്നു മാസം മുൻപ് നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിലെ ഹമാസ് സർക്കാരിന്റെ തലവൻ റൗഹി മുഷ്താഹയെ വധിച്ചെന്ന് ഇസ്രയേൽ. ഇസ്രയേൽ ഡിഫൻസ് ഫോഴ്സും (ഐഡിഎഫ്) ഇസ്രയേൽ സെക്യൂരിറ്റി അതോറിറ്റിയുമാണ് ഐഎസ്എ) പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 2 സുരക്ഷാ ഉദ്യോഗസ്ഥരെയും വധിച്ചെന്നും ഇസ്രയേൽ വ്യക്തമാക്കി. ‘‘ഗാസ മുനമ്പിൽ ഐഡിഎഫും ഐഎസ്എയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ താഴെ പറയുന്ന ഭീകരരെ വധിച്ചു. റൗഹി മുഷ്താഹ (ഹമാസ് സർക്കാർ തലവൻ), ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലും ഹമാസിന്റെ ലേബർ കമ്മിറ്റിയിലും സുരക്ഷാ പോർട്ട്ഫോളിയോ വഹിച്ചിരുന്ന സമേഹ് അൽ-സിറാജ്, ഹമാസിന്റെ ജനറൽ സെക്യൂരിറ്റി മെക്കാനിസത്തിന്റെ കമാൻഡർ സമി ഔദെഹ്’’– പ്രസ്താവനയിൽ പറഞ്ഞു. വടക്കൻ ഗാസയിലെ ഭൂഗർഭ ഒളിത്താവളത്തിൽ വച്ചാണ് ഐഎഎഫിന്റെ യുദ്ധവിമാനങ്ങൾ ഇവരെ ആക്രമിച്ചത്. ഒക്ടോബർ 7-ലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ എല്ലാവരെയും ഐഡിഎഫ് പിന്തുടരുമെന്നും ഇസ്രയേലിനെ ഭീഷണിപ്പെടുത്തുന്നവർക്ക് എതിരായി പ്രവർത്തിക്കുമെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഇറാന്റെ മിസൈൽ ആക്രമണങ്ങൾ മധ്യപൂർവദേശത്തു സ്ഥിതി കൂടുതൽ വഷളാക്കവേ, ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടലിലാണ് ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും. സിറിയയിലെ ഡമാസ്‌കസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍, ഹിസ്ബുല്ല തലവനായിരുന്ന ഹസൻ നസ്റല്ലയുടെ മരുമകന്‍ ജാഫര്‍ അല്‍ ഖാസിർ കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ ഹസൻ നസ്റല്ല കൊല്ലപ്പെട്ടിരുന്നു. ഡമാസ്‌കസിലെ മാസെ ജില്ലയിലെ പാര്‍പ്പിടസമുച്ചയം കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ജാഫറിനെ കൂടാതെ ലബനീസ് പൗരന്മാരും കൊല്ലപ്പെട്ടു.

മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരുക്കേറ്റു. ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടർന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങൾക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി പറഞ്ഞു. ഹിസ്ബുല്ലയെ നേരിടാൻ ലബനനിലേക്കു കരമാർഗം നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 8 സൈനികരെ നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. അതിർത്തി പട്ടണമായ മറൂൺ എൽ റാസിനു സമീപം റോക്കറ്റുകൾ ഉപയോഗിച്ച് 3 ഇസ്രയേലി മെർക്കാവ ടാങ്കുകളെ നശിപ്പിച്ചതായി ഹിസ്ബുല്ല അറിയിച്ചു. ആക്രമണത്തിനിടെ 8 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു.

ലബനൻ യുദ്ധമുഖത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേൽ നേരിട്ട ഏറ്റവും വലിയ ആൾനാശമാണിത്. കൂടുതൽ സൈനികർ ലബനനിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ 24 ഗ്രാമങ്ങളിൽനിന്നു കൂടി ജനങ്ങൾ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ മുന്നറിയിപ്പു നൽകി. “നമ്മളെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇറാന്റെ തിന്മയുടെ അച്ചുതണ്ടിനെതിരായ കഠിനയുദ്ധത്തിലാണ്. നമ്മൾ ഒരുമിച്ച് നിൽക്കും, ദൈവസഹായത്താൽ വിജയിക്കും’’– അനുശോചന വിഡിയോയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ലബനനിൽ അൻപതോളം പേർ കൊല്ലപ്പെട്ടെന്നാണു വിവരം. ചൊവ്വാഴ്ച ഇറാൻ ഇരുന്നൂറോളം മിസൈലുകൾ ഇസ്രയേലിന് നേരെ വിക്ഷേപിച്ചിരുന്നു. ഇറാനെതിരെ ശക്തമായി തിരിച്ചടിക്കാനാണ് ഇസ്രയേലും പ്രധാന സഖ്യകക്ഷിയായ യുഎസും തീരുമാനിച്ചിട്ടുള്ളത്.

2006നുശേഷം ഇതാദ്യമായാണ് ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും നേർക്കുനേർ വെടിയുതിർക്കുന്നത്. ഇസ്രയേൽ എന്തെങ്കിലും ചെയ്താൽ ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇറാൻ താക്കീത് നൽകി. ചൊവ്വാഴ്ച ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്കു മിനിറ്റുകൾക്കു മുൻപ് ടെൽ അവീവിലെ ജഫയിലുണ്ടായ വെടിവയ്പിൽ 7 പേരാണു കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പൊലീസ് അറിയിച്ചു. രണ്ടു പലസ്തീൻ യുവാക്കളാണു വെടിവയ്പ് നടത്തിയത്. അതിനിടെ, ഡെൻമാർക്കിൽ കോപ്പൻഹേഗനിൽ ഇസ്രയേൽ എംബസിക്കു സമീപം 2 സ്ഫോടനങ്ങളുണ്ടായ സംഭവത്തിൽ 3 പേർ കസ്റ്റഡിയിലായി. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോടു ജാഗ്രത പാലിക്കാനും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാനും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ഗൾഫ് രാജ്യങ്ങളിൽ അടക്കം മധ്യപൂർവദേശത്തു വിമാനസർവീസുകൾ തടസ്സപ്പെട്ടു.

English Summary:

Israel-Hezbollah war: 6 killed in fresh Israeli strike on Lebanon's Beirut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com