ADVERTISEMENT

മലപ്പുറം∙ മറ്റാരുടെയോ കാലിലാണു നില്‍ക്കുന്നതെന്നു തന്നെ ആക്ഷേപിച്ച പി.വി.അൻവറിനു മറുപടിയുമായി കെ.ടി.ജലീൽ. താൻ ഒരാളുടെയും കാലിലല്ല നിൽക്കുന്നതെന്നും സ്വന്തം കാലിലേ എന്നും നിന്നിട്ടുള്ളൂ എന്നും ഫെയ്സ്ബുക് കുറിപ്പിൽ ജലീൽ പറഞ്ഞു. ഒരു പ്രമാണിയുടെയും ഊരമ്മേൽ ഇന്നോളം ജലീൽ കൂരകെട്ടി താമസിച്ചിട്ടില്ലെന്നും കുറിപ്പിൽ വ്യക്തമാക്കി. പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണംവരെ അങ്ങനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്നേഹം കൊണ്ടാണെന്നും ജലീൽ പറഞ്ഞു.

ജലിലീന്റെ കുറിപ്പിന്റെ പൂർണരൂപം:

മിസ്റ്റർ പി.വി.അൻവർ, ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല. കെ.ടി.ജലീൽ ഒരാളുടെയും കാലിലല്ല നിൽക്കുന്നത്, എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ. 2006ലെ തിരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എന്റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണു മത്സരിച്ചത്. ഒരു ‘വാൾപോസ്റ്റർ’ പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. 2016ൽ അബ്ദുറഹിമാനും അൻവറും മത്സരിച്ച ഘട്ടത്തിലും ഒരു സാമ്പത്തിക സഹായവും അവരോടും അഭ്യർഥിച്ചിട്ടില്ല. അബ്ദുറഹിമാനും അൻവറും ലോക്സഭയിലേക്ക് പൊന്നാനിയിൽനിന്ന് മത്സരിച്ച ഘട്ടങ്ങളിൽ, നിരവധി പൊതുയോഗങ്ങളിൽ ഞാൻ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദർഭത്തിലും സ്ഥാനാർഥികളിൽ നിന്നോ തിരഞ്ഞെടുപ്പ് കമ്മിറ്റികളിൽനിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. സ്വന്തം കീശയിൽനിന്ന് ഇല്ലാത്ത കാശെടുത്താണു യോഗസ്ഥലങ്ങളിൽ ഓടിയെത്തിയത്. ഒരു പ്രമാണിയുടെയും ഊരമ്മേൽ, ഇന്നോളം ജലീൽ കൂരകെട്ടി താമസിച്ചിട്ടില്ല.

സ്വന്തം കുടുംബസ്വത്ത് പോലും വേണ്ടെന്ന് നേരത്തേ പ്രഖ്യാപിച്ച ഒരാൾക്ക് ആരെപ്പേടിക്കാൻ? ഇനി ഒരു തിരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അർഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ ഒരാൾക്ക് നിൽക്കാൻ അപരന്റെ കാലുകൾ എന്തിന്? ലീഗിലായിരുന്ന കാലത്ത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ! പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്നേഹം കൊണ്ടാണ്. വമ്പൻമാരായ നാല് കേന്ദ്ര അന്വേഷണ ഏജൻസികൾ കൊമ്പുകുലുക്കി വേട്ടയ്ക്കിറങ്ങി പരിശോധിച്ചിട്ടും എന്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല.

മേൽപ്പോട്ട് നോക്കിയാൽ ആകാശവും കീഴ്പോട്ട് നോക്കിയാൽ ഭൂമിയും മാത്രമുള്ള എനിക്ക് പടച്ച തമ്പുരാനെയും എന്റെ ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല. തെറ്റ് ചെയ്യുന്നവർക്കല്ലേ നാട്ടുകാരെപ്പോലും പേടിക്കേണ്ടതുള്ളൂ. താങ്കൾക്ക് ശരിയെന്ന് തോന്നിയത് താങ്കൾ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ പറഞ്ഞു. സമ്പത്തിന്റെ കാര്യത്തിൽ മാത്രമേ താങ്കളെക്കാൾ ഞാൻ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കിൽ അങ്ങനെ....

സ്നേഹത്തോടെ

ഡോ:കെ.ടി.ജലീൽ

English Summary:

K.T. Jaleel Affirms Loyalty to Pinarayi Vijayan Amidst Controvers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com