നാഗചൈതന്യ– സമാന്ത വിവാഹമോചനം: വിവാദ പ്രസ്താവനയിൽ തെലങ്കാന മന്ത്രിക്കെതിരെ പരാതിയുമായി നാഗാർജുന
Mail This Article
ഹൈദരാബാദ്∙ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ തെലങ്കാന മന്ത്രി കൊണ്ട സുരേഖയ്ക്കെതിരെ മാനനഷ്ട കേസ് നൽകി നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുന. തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രി ആരോപണം ഉന്നയിച്ചതെന്നും മനഃപൂർവം ആരോപണങ്ങൾ പ്രചരിപ്പിച്ചതാണെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ നേരത്തേ ബിആർഎസ് നേതാവ് കെ.ടി.രാമറാവുവും മാനനഷ്ടത്തിന് വക്കീൽ നോട്ടിസ് അയച്ചിരുന്നു. പരാമർശത്തിന് 24 മണിക്കൂറിനകം മാപ്പു പറയണമെന്നും ഇല്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമ നടപടികളിലേക്കു കടക്കുമെന്നും കെടിആർ അറിയിച്ചിരുന്നു.
നാഗചൈതന്യയും സമാന്തയും വിവാഹമോചിതരാകാൻ കാരണം കെടിആർ ആണെന്ന കൊണ്ട സുരേഖയുടെ പ്രസ്താവനയാണ് വിവാദമായത്. ‘‘ലഹരിമരുന്ന് മാഫിയയാണ് കെടിആര്‍, സിനിമാ ഇൻഡസ്ട്രിയിലെ പലര്‍ക്കും അദ്ദേഹം ലഹരിമരുന്ന് എത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ പല നടിമാരും അഭിനയം നിര്‍ത്തി പോയി. കെടിആർ വീട്ടിൽ ലഹരിപാർട്ടികൾ നടത്തുമായിരുന്നു. ഇതിലേക്ക് സമാന്തയെ അയയ്ക്കാൻ നാഗാർജുനയോടു പറഞ്ഞു.
ഇല്ലെങ്കിൽ നാഗാർജുനയുടെ എൻ കൺവൻഷൻ സെന്റർ പൊളിക്കുന്നതുമായി മുന്നോട്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. നാഗാർജുന നാഗചൈതന്യയോട് സമാന്തയെ കെടിആറിന്റെ വീട്ടിലേക്കു വിടാൻ പറഞ്ഞു. ഇതിനു സമാന്ത വിസമ്മതിച്ചു. ഇതാണു വിവാഹമോചനത്തിലെത്താൻ കാരണം’’– എന്നാണ് കൊണ്ട സുരേഖ പറഞ്ഞത്.