ADVERTISEMENT

അമേഠി ∙ ഉത്തർപ്രദേശിലെ അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടിൽക്കയറി വെടിവച്ചു കൊന്നു. സർക്കാർ സ്കൂൾ അധ്യാപകനായ ഭവാനി നഗർ സ്വദേശി സുനിൽകുമാർ (35), ഭാര്യ പൂനം ഭാരതി, ഒന്നും ആറും വയസ്സുള്ള പെൺമക്കൾ എന്നിവരാണു കൊല്ലപ്പെട്ടത്. കുടുംബം ഭയത്തിലാണു കഴിയുന്നതെന്നു പൂനം നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പു നൽകി.

ഒരാളെ ഭയമുണ്ടെന്നു രണ്ടു മാസം മുൻപു പൂനം പൊലീസ് പരാതി നൽകിയിരുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. തന്നെ കൊല്ലുമെന്നു പലതവണ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഇയാളാണ് ഉത്തരവാദിയെന്നും പരാതിയിൽ പൂനം ചൂണ്ടിക്കാട്ടി. കൊലപാതകം മോഷണശ്രമത്തിനിടെ സംഭവിച്ചതല്ലെന്നും ആസൂത്രിതമാണെന്നാണു പ്രാഥമിക നിഗമനമെന്നും പൊലീസ് സൂചിപ്പിച്ചു. ചന്ദൻ വർമ എന്നയാൾക്കെതിരെ ലൈംഗികാതിക്രമം, ജീവനു ഭീഷണി, എസ്‌സി/എസ്‌സി നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണു പൂനം പരാതിയിൽ ആരോപിച്ചിരുന്നത്.

ഓഗസ്റ്റിൽ നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ഓഗസ്റ്റ് 18ന് കുഞ്ഞിനു മരുന്നു വാങ്ങാനായി ഭർത്താവിനൊപ്പം റായ്ബറേലിയിലെ ആശുപത്രിയിൽ പോയപ്പോൾ ചന്ദൻ വർമ പൂനത്തിനോടു മോശമായി പെരുമാറിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. എതിർത്തപ്പോൾ തന്നെയും ഭർത്താവിനെയും അടിച്ചെന്നും ജാതി അധിക്ഷേപം നടത്തിയെന്നും പൂനം പറഞ്ഞു. ‘‘ഈ സംഭവം മറ്റാരോടെങ്കിലും പറഞ്ഞാൽ നിങ്ങളെ ഞാൻ കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. കുടുംബം ഭയത്തിലാണു കഴിയുന്നത്. എനിക്കോ കുടുംബത്തിനോ എന്തെങ്കിലും അപകടം സംഭവിച്ചാൽ ചന്ദൻ വർമയാണ് ഉത്തരവാദി. ഉചിതമായ നടപടിയെടുക്കണം’’– പൂനം പരാതിയിൽ ആവശ്യപ്പെട്ടു.

‘‘മാസ്റ്റർ സാഹിബ് (സുനിൽകുമാർ) വളരെ ലാളിത്യമുള്ള വ്യക്തിയാണ്. ഇവിടെ താമസം തുടങ്ങിയിട്ടു രണ്ടുമൂന്നു മാസമായി. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ആക്രമികൾ എങ്ങനെയാണ് എത്തിയത് എന്നറിയില്ല. മുൻഭാഗത്തു കൂടെ വീട്ടിലേക്കു കയറുന്നതായി ശ്രദ്ധയിൽപ്പെട്ടില്ല. വീട്ടിൽനിന്ന് അഞ്ചുവട്ടം വെടിയുതിർക്കുന്ന ശബ്ദം കേട്ടു’’– സുനിൽകുമാറിന്റെ വീടിനു സമീപത്തെ മെഡിക്കൽ സ്റ്റോർ ഉടമ രാം മനോഹർ യാദവ് പറഞ്ഞു. കൂട്ടക്കൊലയിൽ ചന്ദനു പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി. യുപി പൊലീസിന്റെ പ്രത്യേക സംഘമാണ് (എസ്‌ടിഎഫ്) കേസ് അന്വേഷിക്കുന്നത്.

English Summary:

Amethi Family Murder: Wife Filed Complaint Two Months Ago, Police Failed to Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com