‘എന്നെ അറിയിക്കാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ മുറിയിൽ’; രാജ്യസഭാ ചെയർമാന് കത്തുമായി മല്ലികാർജുൻ ഖർഗെ
Mail This Article
ന്യൂഡൽഹി∙ സിഐഎസ്എഫ്, സെൻട്രൽ പബ്ലിക്ക് വർക്സ് വിഭാഗം, ടാറ്റാ പ്രോജക്ട് എന്നിവയിലെ ഉദ്യോഗസ്ഥർ തന്നെ അറിയിക്കാതെ പാർലമെന്റിലെ തന്റെ മുറിയിൽ പ്രവേശിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിന് കത്തയച്ചു.
‘‘ ഇത് അസാധാരണ സംഭവവികാസമാണ്. എംപി എന്ന നിലയിലും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലും എനിക്ക് ചേംബർ അനുവദിച്ചിരിക്കുന്ന നിയമങ്ങളുടെയും പദവികളുടെയും നഗ്നമായ ലംഘനമാണിത്’’ – ഖർഗെ കത്തിൽ ആരോപിക്കുന്നു.
“ ആരുടെ അധികാരത്തിനും നിർദേശങ്ങൾക്കും കീഴിലാണ് അവർ അനുവാദമില്ലാതെ എന്റെ ചേംബറിൽ പ്രവേശിച്ചതെന്ന് അറിയാൻ ഞാൻ ആവശ്യപ്പെടുന്നു. ഇത് ഗൗരവമായി കാണണം. പ്രതിപക്ഷ നേതാവിന്റെ അന്തസിനെ ഹനിക്കുന്ന ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. പ്രവേശനം ആവശ്യമാണെങ്കിൽ, എന്റെ അനുവാദം തേടണം. ഈ വിഷയത്തിൽ നിങ്ങളുടെ പെട്ടെന്നുള്ള പ്രതികരണം പ്രതീക്ഷിക്കുന്നു ’’ – മല്ലികാർജുൻ ഖർഗെ കത്തിൽ പറയുന്നു.
അതിനിടെ, വിവിധ ഓഫിസുകളിൽ ചില അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ പ്രതികരണം. ഓഫിസുകളുടെ താക്കോൽ സിഐഎസ്എഫിന്റെ പക്കലില്ല. പാർലമെന്റിലുടനീളം സുരക്ഷയ്ക്കായി മാത്രമാണ് സിഐഎസ്എഫ് നിലകൊള്ളുന്നത്. അറ്റകുറ്റപ്പണികളെ കുറിച്ച് സേനയെ അറിയിച്ചു. അവർ പുനരുദ്ധാരണം നടത്തുന്ന ഉദ്യോഗസ്ഥരോടൊപ്പം വിവിധ ഓഫിസുകളിലെത്തി ഇത് ശരിയാണോ എന്ന് പരിശോധിക്കുകയായിരുന്നുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.