മൂന്നാം നിലയിൽനിന്ന് ചാടി മഹാരാഷ്‌ട്ര ഡപ്യൂട്ടി സ്‌പീക്കർ; വലയിലാക്കി ഫയർഫോഴ്സ് – വിഡിയോ
Mail This Article
മുംബൈ∙ പ്രതിഷേധത്തിനിടെ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്‌ട്ര ഡപ്യൂട്ടി സ്‌പീക്കർ നർഹരി സിർവാൾ. ഇദ്ദേഹത്തിനൊപ്പം ഒരു എംപിയും മൂന്നു എംഎൽഎമാരും ഉണ്ടായിരുന്നു. മഹാരാഷ്‌ട്ര സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് എൻസിപി (അജിത് പവാര്‍ വിഭാഗം) എംഎൽഎയായ നർഹരി സിർവാൾ താഴേക്ക് ചാടിയത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിടത്തില്‍ ഫയർഫോഴ്സ് നേരത്തെ സ്ഥാപിച്ചിരുന്ന സുരക്ഷാവലയിൽ കുരുങ്ങിയതിനാല്‍ കൂടുതല്‍ പരുക്കുകളില്ലാതെ ഇവർ രക്ഷപ്പെട്ടു.
ഡപ്യൂട്ടി സ്പീക്കറും മറ്റ് ജനപ്രതിനിധികളും കെട്ടിടത്തിൽ നിന്ന് എടുത്തു ചാടിയതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുരക്ഷാ വലയിലേക്ക് വീണ ഇവർ തിരികെ കയറുന്നതും വിഡിയോയിൽ കാണാം. ബിജെപി എംപി ഹേമന്ദ് സവ്ര, എംഎൽഎമാരായ കിരൺ ലഹാമതെ, കിരാമൻ ഖോസ്കർ, രാജേഷ് പാട്ടീൽ എന്നിവരാണ് ഡപ്യൂട്ടി സ്പീക്കർക്കൊപ്പം ഉണ്ടായിരുന്നത്.
പട്ടികവർഗ സംവരണ വിഭാഗത്തിൽ, ദംഗർ സമുദായത്തെ ഉൾപ്പെടുത്തിയതിനെതിരെ വിവിധ ആദിവാസി വിഭാഗങ്ങൾ നിയമസഭാ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു വരുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഡപ്യൂട്ടി സ്പീക്കറും സംഘവും എടുത്തുചാടിയത്. ദംഗർ വിഭാഗത്തെ പട്ടികവർഗ സംവരണത്തിൽ നിന്ന് മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.