ബൂമറാങ് പോലെ അൻവർ: മലബാർ സിപിഎമ്മിനെ കൈവിടുമോ?; ജലീലിന്റെ പോക്ക് എങ്ങോട്ട്?
Mail This Article
കോഴിക്കോട്∙ പി.വി.അൻവറിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നെഞ്ചിടിപ്പേറി മലപ്പുറത്തെ സിപിഎമ്മുകാർ. മലബാറിലെയും പ്രത്യേകിച്ചു മലപ്പുറത്തെയും മുസ്‌ലിം വിഭാഗക്കാർക്കിടയിൽ സ്വാധീനം ഉണ്ടാക്കാൻ കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് അൻവറും സ്വർണക്കടത്ത് പരാമർശങ്ങളുമെല്ലാം ബൂമറാങ് പോലെ തിരിച്ചടിക്കുന്നത്. യുഡിഎഫിനെ കടന്നാക്രമിക്കാൻ അൻവറിനെ സിപിഎം കയറൂരി വിടുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. അതേ അൻവറാണ് ഇപ്പോൾ മുഖ്യമന്ത്രിയോട് കൊമ്പുകോർത്തത്. അൻവറിനെ എങ്ങനെ പ്രതിരോധിക്കുമെന്നു സംസ്ഥാന നേതൃത്വത്തിനുപോലും പിടിയില്ലാത്ത സാഹചര്യമാണ്.
മുസ്‌ലിം ലീഗിനെ ഉൾപ്പെടെ മറുകണ്ടം ചാടിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ ശ്രമിച്ച സിപിഎമ്മിന് ഇരുട്ടടിയാണ് പി.വി.അൻവറിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം. പാർട്ടി രൂപീകരിക്കില്ലെന്നു പറഞ്ഞ അൻവർ ഒടുവിൽ പാർട്ടി രൂപീകരിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ മത്സരിക്കുമെന്നും വ്യക്തമാക്കി. പാർട്ടി രൂപീകരിക്കാനില്ലെന്ന മുൻ നിലപാടിൽനിന്നു പിൻമാറാൻ അൻവറിനെ പ്രേരിപ്പിച്ചത് തന്റെ കൂടെ ആളുണ്ടെന്ന തോന്നലാണ്. നിലമ്പൂർ ചന്തക്കുന്നിലും കോഴിക്കോട്ടും വിളിച്ചുചേർത്ത യോഗങ്ങളിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ ആളുകൾ എത്തി. ചന്തക്കുന്നിലെ യോഗത്തിന് 300 കസേരകളാണ് ഒരുക്കിയത്. എന്നാൽ ആയിരങ്ങളാണു തടിച്ചുകൂടിയത്. കോഴിക്കോട് മാമി തിരോധാനക്കേസ് വിശദീകരിക്കുന്നതിനു വിളിച്ചചേർത്ത യോഗത്തിലും നൂറുകണക്കിനാളുകളാണു പങ്കെടുത്തത്. ഇതോടെയാണ് പാർട്ടി രൂപീകരിക്കാം എന്ന തീരുമാനത്തിലേക്ക് അൻവർ എത്തിയത്.
പാലം വലിച്ച് പടക്കുതിരകൾ
മുസ്‌ലിം വോട്ടുകൾ ഉറപ്പിക്കാതെ മലബാറിൽ മുന്നേറ്റം സാധിക്കില്ലെന്നു മനസ്സിലായതോടെയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് സിപിഎം ലീഗിനെ ചാക്കിട്ടുപിടിക്കാൻ നോക്കിയത്. എന്നാൽ ലീഗ് വീണില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു കനത്ത തിരിച്ചടി നേരിടേണ്ടതായും വന്നു. ഇതോടെ തിരഞ്ഞെടുപ്പ് ഫലം വന്ന് ഏതാനും ദിവസങ്ങൾക്കുശേഷം കോഴിക്കോട് നടത്തിയ എൻജിഒ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലീഗിനെതിരെ ആഞ്ഞടിച്ചു. ലീഗിനെ ചേർത്തുനിർത്തി മുസ്‌ലിം വോട്ട് ഉറപ്പിക്കാനാകില്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് മുഖ്യമന്ത്രി തിരിച്ചടിച്ചത്.
മലബാറിലെ മുസ്‌ലിം വോട്ട് ഉറപ്പിക്കാൻ സിപിഎം ആശ്രയിച്ചതിൽ പ്രധാനികളാണ് കെ.ടി.ജലീലും പി.വി.അൻവറും. രണ്ടുപേരും വലതുപക്ഷത്തുനിന്നു വന്നവരുമാണ്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും മലപ്പുറത്തെയും കോഴിക്കോട്ടെയും മുസ്‌ലിം വോട്ടുകളിലേക്കു കടന്നുകയറാൻ ഇവർ രണ്ടുപേരും സിപിഎമ്മിന്റെ പാലമായിരുന്നു. യുഡിഎഫിന്റെ കുത്തക മണ്ഡലമായ നിലമ്പൂരിലെ ജയത്തോടെ അൻവർ സിപിഎമ്മിന്റെ വേണ്ടപ്പെട്ടവനായി. കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ചതോടെ കെ.ടി.ജലീലും സിപിഎമ്മിന്റെ കണ്ണിലുണ്ണിയായി. മലപ്പുറത്തെ രണ്ടു പടക്കുതിരകളാണ് പാലം വലിച്ച് എൽഡിഎഫ് പാളയംവിട്ടത്. അൻവറിനൊപ്പം ചേരാനില്ലെന്ന് കെ.ടി.ജലീൽ വ്യക്തമാക്കിയത് തൽക്കാലം സിപിഎമ്മിന് ആശ്വാസമാണ്. എന്നാൽ ജലീലിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഇനിയും വ്യക്തമല്ല. പാർലമെന്ററി രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കുന്നുവെന്നു പ്രഖ്യാപിച്ചെങ്കിലും പഴയ തട്ടകമായ ലീഗിലേക്കു തിരിച്ചുപോയാൽ സിപിഎമ്മിനു വലിയ ക്ഷീണമാകും. ആദ്യം അൻവറിനൊപ്പംനിന്ന ജലീൽ പിന്നീടു കാലുമാറിയതിനു പിന്നിൽ ഇടപെടൽ ഉണ്ടായെന്നും സംശയിക്കുന്നു.
പി.വി.അൻവറിനുള്ളത് സമൂഹമാധ്യമത്തിലെ പിന്തുണ മാത്രമാണെന്നും ജനപിന്തുണ അല്ലെന്നുമായിരുന്നു സിപിഎം കണക്കുകൂട്ടൽ. എന്നാൽ ചന്തക്കുന്നിലെ ആൾക്കൂട്ടം സിപിഎമ്മിനെ മാത്രമല്ല അൻവറിനെയും ഞെട്ടിച്ചു. ഇതോടെ പാർട്ടി രൂപീകരിക്കാൻ അൻവറിനു ധൈര്യം വന്നു. അൻവറിന്റെ പരിപാടിയിൽ പങ്കെടുത്തവരിൽ നിരവധി സിപിഎം അനുഭാവികളുണ്ടായിരുന്നുവെന്നത് പാർട്ടിക്ക് വലിയ ക്ഷീണമാണ്.