പിആർ വിവാദം അവസാനിപ്പിച്ച് സിപിഎം, മനാഫിനെതിരെ പരാതി, തുടരുന്ന ഹിസ്ബുല്ല–ഇസ്രയേൽ യുദ്ധം: ഇന്നത്തെ പ്രധാനവാർത്തകൾ
Mail This Article
∙ ദേശീയപത്രത്തിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മുഖ്യമന്ത്രിയുടെ വാദം ആവർത്തിച്ച് രംഗത്തെത്തിയതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. സർക്കാരിന് പിആർ ഏജൻസിയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ എം.വി.ഗോവിന്ദനും ആവർത്തിച്ചു. ഇതോടെ പിആർ വിവാദം അവസാനിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. കുറ്റക്കാരനെന്ന് കണ്ടാൽ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നടപടിയെടുക്കുമെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.
ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബവും ലോറിയുടമ മനാഫും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ ഇന്നും വാർത്തയായി. സമൂഹത്തിൽ ചേരിതിരിവിന് ശ്രമിക്കുന്നു എന്നാരോപിച്ച് അർജുന്റെ സഹോദരി നൽകിയ പരാതിയിൽ പൊലീസ് മനാഫിനെതിരെ കേസെടുത്തു. മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് മനാഫ് പ്രതികരിച്ചു.
ഛത്തീസ്‍ഗഢിൽ വൻ ഏറ്റുമുട്ടലിൽ മുപ്പതോളം മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.
ഇസ്രയേൽ–ഹിസ്ബുല്ല യുദ്ധം തുടരുന്നു. ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറെ വധിച്ചു. ഇസ്രയേലിനെതിരെ സന്ദേശവുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയും രംഗത്തെത്തി. ഇസ്രയേലിന് എതിരായ മിസൈൽ ആക്രമണം പൊതുസേവനം എന്നാണ് ഖമനയിയുടെ പ്രതികരണം.
56 വർഷം മുമ്പ് ഹിമാചൽ പ്രദേശിലെ റോത്തങ് പാസിൽ സൈനിക വിമാന അപടകത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിയായ സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.