തലസ്ഥാനത്ത് താമര വിരിയിക്കാൻ ബിജെപി; വാർഡ് പുനർവിഭജനത്തിൽ ശ്രദ്ധ പതിപ്പിക്കും
Mail This Article
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ബിജെപി തീരുമാനം. ഇതിന്റെ ഭാഗമായി വാർഡ് പുനർവിഭജനത്തിൽ പാർട്ടിയുടെ കേഡർ സംവിധാനം പൂർണമായും പ്രയോജനപ്പെടുത്താനാണ് നീക്കം. സിപിഎം ഇഷ്ടത്തിനനുസരിച്ച് വാർഡുകൾ വിഭജിക്കാനുള്ള നീക്കം മുളയിലേ നുള്ളണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം മുതിർന്ന നേതാക്കളെ ഉൾക്കൊള്ളിച്ച് ഡീലിമിറ്റേഷൻ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയാകും ഡീലിമിറ്റേഷനിൽ പാർട്ടി തീരുമാനം കൈക്കൊള്ളുക. വാർഡ് വിഭജനത്തിൽ ആക്ഷേപങ്ങളുള്ള പക്ഷം നിയമപരമായും രാഷ്ട്രീയപരമായും നേരിടണമെന്നാണ് നേതാക്കൾക്കിടയിലെ ധാരണ. സിപിഎമ്മിന് അനുകൂലമായി വാർഡുകളെ വെട്ടിമുറിക്കാനാകും നീക്കമെന്നും കരുതൽ വേണമെന്നുമാണ് തീരുമാനം.
വാർഡ് പുനർവിഭജനത്തോടെ 101 വാർഡുകൾ കോർപ്പറേഷനിലുണ്ടാകും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബൂത്ത് തിരിച്ചുള്ള വോട്ടിങ് കണക്കുകൾ പ്രകാരം കോർപ്പറേഷനിലെ 70 വാർഡുകളിൽ ബിജെപി ഒന്നാമത് എത്തിയിരുന്നു. 13 വാർഡുകളിൽ രണ്ടാം സ്ഥാനത്തുമെത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ ലോക്സഭാ വോട്ടിങ് രീതി അല്ലെങ്കിലും ആഞ്ഞുപിടിച്ചാൽ കേവല ഭൂരിപക്ഷം നേടാമെന്നാണ് കണക്കുക്കൂട്ടൽ. ഇതിനാലാണ് വാർഡ് പുനർവിഭജനത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ട് തവണയും ഏറെ പ്രതീക്ഷകൾക്കൊടുവിൽ നഷ്ടപ്പെട്ട ഭരണം എന്തുവില കൊടുത്തും പിടിക്കാനാണ് വാർഡ് പുനർവിഭജനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ബിജെപിയുടെ മെമ്പർഷിപ്പ് ക്യാംപയിൻ തീരുന്ന മുറയ്ക്കാകും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരിട്ട് ആരംഭിക്കുക. പ്രമുഖ നേതാക്കൾ മത്സര രംഗത്തുണ്ടാകും. കോർപ്പറേഷൻ ഭരണത്തിനെതിരെ വരുന്ന ഒരു വർഷം സമരപരിപാടികൾ ശക്തമാക്കാനാണ് തീരുമാനം.
ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയ വാർഡുകൾ
ശാസ്തമംഗലം, നെട്ടയം, പിറ്റിപി നഗര്‍, പാങ്ങോട്, വലിയവിള, പൂജപ്പുര, വലിയശാല, ആറന്നൂര്‍, പാപ്പനംകോട്, നെടുങ്കാട്, കാലടി, മേലാങ്കോട്, വെള്ളാര്‍, തിരുവല്ലം, ആറ്റുകാല്‍, ചാല, മണക്കാട്, കുര്യാത്തി, ശ്രീവരാഹം, ഫോര്‍ട്ട്, തമ്പാനൂര്‍, വഞ്ചിയൂര്‍, ശ്രീകണേ്ഠശ്വരം, പെരുന്താന്നി, പാല്‍ക്കുളങ്ങര,കഴക്കുട്ടം, ശ്രീകാര്യം, ചെറുവയക്കല്‍, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, പൗഡിക്കോണം, ഞാണ്ടൂര്‍ക്കോണം, മെഡിക്കല്‍ കോളജ്, പാതിരപ്പള്ളി, ചെട്ടിവിളാകം, കവടിയാര്‍, തൈക്കാട്, വഴുതക്കാട്, കാഞ്ഞിരംപാറ, പേരൂര്‍ക്കട, കാച്ചാണി, വാഴോട്ടുകോണം, വട്ടിയൂര്‍ക്കാവ്, കൊടുങ്ങാനൂര്‍, തിരുമല, വലിയവിള, ജഗതി, കരമന, മുടവന്‍മുഗള്‍, തൃക്കണാപുരം, നേമം, പൊന്നുമംഗലം, പുന്നയ്‌ക്കാമുഗള്‍, എസ്‌റ്റേറ്റ്, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാന്നൂര്‍, മുല്ലൂര്‍, കമലേശ്വരം, മുട്ടത്തറ, ചാക്ക, കരിക്കകം, കടകംപള്ളി, പേട്ട, അണമുഖം, ആക്കുളം, കുളത്തൂര്‍, ആറ്റിപ്ര.