ADVERTISEMENT

കൊച്ചി∙ ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നൽകി. തിരുവനന്തപുരം നാർക്കോട്ടിക് സെൽ എസിയാണ് നോട്ടീസ് നൽകിയത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിനെത്തണമെന്നാണ് നിർദ്ദേശം. സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം നേടി ദിവസങ്ങൾക്ക് ശേഷമാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാനുളള നീക്കം നടക്കുന്നത്.

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. നടന്റെ മുൻകൂർ ജാമ്യഹർജിയിൽ ഈ മാസം 22ന് സുപ്രീം കോടതി വിശദ വാദം കേൾക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഇ മെയിൽ വഴി അറിയിച്ചത്. സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘത്തിനും നടനും ഒരുപോലെ പ്രധാനമാണ്. സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഇരുകൂട്ടരും എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് ചോദ്യം ചെയ്യലിന്റെ കൂടി അടിസ്ഥാനത്തിലാവും.

സിദ്ദിഖിനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നേരത്തെ അന്വേഷണ സംഘം യോഗം ചേർന്നിരുന്നു. അന്തിമ വിധി വരുന്നതിനു മുൻപ് ചോദ്യം ചെയ്യൽ പൂർത്തിയാക്കണോ അതോ വിധി വന്ന ശേഷം ചോദ്യം ചെയ്താൽ മതിയോ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് ആശയക്കുഴപ്പമുണ്ടെന്ന സൂചനകൾ പുറത്തുവന്നിരുന്നു.

അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ തന്റെ ചോദ്യം ചെയ്യലടക്കം പൂർത്തിയായതായി സിദ്ദിഖിന് ചൂണ്ടിക്കാട്ടാം. ചോദ്യം ചെയ്തില്ലെങ്കിൽ, താൻ സ്വമേധയാ ഹാജരാകാമെന്ന് കത്ത് നൽകിയിട്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചില്ലെന്നും സിദ്ദിഖിന് വാദിക്കാം. ഈ സാഹചര്യത്തിൽ അന്വേഷണ സംഘം എന്തു നിലപാട് സ്വീകരിക്കും എന്നതാണ് പ്രധാനം. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമായിരിക്കും അന്വേഷണ സംഘം കോടതിയിൽ വാദിക്കുക. 

തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് പീഡിപ്പിച്ചു എന്നാരോപിച്ചാണ് നടി പരാതി നൽകിയത്. തുടർന്ന് സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റവും ഭീഷണിപ്പെടുത്തലും അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ  സമീപിച്ചെങ്കിലും ഇത് തള്ളിയത് സിദ്ദിഖിന് വലിയ തിരിച്ചടിയായി. ഇതിനു പിന്നാലെ ഒളിവിൽ പോയ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. താൽക്കാലിക മുൻകൂർ ജാമ്യം സുപ്രീം കോടതി അനുവദിച്ചതോടെ ഏഴു ദിവസത്തെ അജ്‍ഞാതവാസത്തിനു ശേഷം സിദ്ദിഖ് പുറത്തു വന്ന് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.

English Summary:

Investigating team will question Siddique on Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com