ADVERTISEMENT

കോഴിക്കോട്∙ മഞ്ചേശ്വരം സുന്ദര കേസ് ആസൂത്രിത ഗൂഢാലോചനയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.  ഭരണകക്ഷിയായ സിപിഎമ്മും കോണ്‍ഗ്രസും ലീഗും ഒത്തുചേര്‍ന്ന് നടത്തിയ ഗൂഢാലോചനയായിരുന്നു കേസ്.

സുന്ദരകേസ് എന്നാണ് അറിയപ്പെട്ടതെങ്കിലും സിപിഎം നേതാവ് വി.വി. രമേശന്‍ നല്‍കിയ പരാതിയാണിത്. സുന്ദരയെ പിന്നീട് കക്ഷിചേര്‍ക്കുകയായിരുന്നു. മൂന്നുവര്‍ഷം സര്‍വസന്നാഹത്തോടെ തന്നെ വേട്ടയാടി. എല്ലാതരത്തിലുമുള്ള പരീക്ഷണത്തിനും വിധേയമാക്കിയെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രഗത്ഭനായ അഭിഭാഷകനെ തന്നെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കി നിയമിച്ചു. ശബ്ദപരിശോധന നടത്തി. രാജ്യത്ത് പട്ടിവിഭാഗ അതിക്രമ നിയമപ്രകാരം രാഷ്ട്രീയ നേതൃത്വത്തിനെതിരെ കേസ് എടുത്തിട്ടില്ല. ഇത്തരത്തില്‍ കേസില്‍ കുടുക്കി തുടര്‍ച്ചയായി ജയിലില്‍ ഇടുകയായിരുന്നു ലക്ഷ്യം.

ഒരുതരത്തിലും നീതീകരിക്കാനാവാത്തതാണ് ഇത്. ഒടുവില്‍ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതിക്ക് തന്നെ ബോധ്യമായി. ഇത് ബിജെപിയുടെ രാഷ്ട്രീയ വിജയമാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേസില്‍ ഒത്തുകളിച്ചു എന്നു പറയുന്നവര്‍ കോടതി വിധി വായിക്കണം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശതകോടി കണക്കിന് രൂപ തട്ടിപ്പു നടത്തിയ പുനർജനി കേസില്‍ ഒരു ഘട്ടത്തിലും സതീശനെ ചോദ്യം ചെയ്തിട്ടില്ല. ടെലഫോണ്‍ ശബ്ദം പരിശോധന നടത്തിയിട്ടില്ല. ഇതൊന്നും ചെയ്യാത്ത പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ  വി.ഡി. സതീശനാണ് ഒത്തുകളിയെന്ന് പറയുന്നത്.

ഈ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിട്ടു. ഒരു ദാക്ഷീണ്യവും സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല, പ്രതീക്ഷിച്ചിട്ടുമില്ല. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ബിജെപിക്കെതിരെയുള്ള ഏത് കള്ളക്കേസും ഇതുപോലെ നേരിടും. പൂരം കലക്കല്‍ മാത്രമല്ല, ശബരിമല കലക്കിയതിനെപ്പറ്റിയും അന്വേഷണം വേണം. അതിനു വലിയ ഗൂഢാലോചന നടന്നു.

അതിലും പൊലീസ് ഉദ്യോഗസ്ഥരുണ്ടായി. മനീതിയെ കൊണ്ടുവന്നത് പൊലീസാണ്. എരുമേലിയില്‍ പൊട്ടുകുത്തലിനു പണം വാങ്ങുന്നു. സ്വർണക്കടത്തും ഹവാല ഇടപാടും നടത്തുന്നത് ഒരുവിഭാഗമാണെന്ന് പറഞ്ഞത് കെ.ടി. ജലീലാണ്. നമ്മുടെ കൂട്ടരോട് അത്തരം ഏര്‍പ്പാട് നടത്തരുതെന്ന് പറയാന്‍ പാണക്കാട് തങ്ങളെ സമീപിച്ചത് ജലീലാണന്നും ബിജെപിക്ക് ആ അഭിപ്രായമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com