എക്സിറ്റ് പോൾ സർവേ ഫലങ്ങള്‍ പുറത്ത്; സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും, പ്രധാനവാർത്തകള്‍ ഒറ്റ നോട്ടത്തിൽ
Mail This Article
ഹരിയാനയിൽ കോൺഗ്രസിന് വൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ. ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണു പ്രവചനം. നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചിക്കുന്നത്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം.
ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നൽകി. തിരുവനന്തപുരം നാർക്കോട്ടിക് സെൽ എസിയാണ് നോട്ടീസ് നൽകിയത്.
എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി എസ്.ദര്‍വേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്കു കൈമാറി. പൂരം കലക്കല്‍, ആര്‍എസ്എസ് കൂടിക്കാഴ്ച എന്നിവയില്‍ എഡിജിപിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് ഡിജിപിയുടെ റിപ്പോര്‍ട്ട് എന്നാണ് സൂചന.
പി.വി.അൻവർ നാളെ പ്രഖ്യാപിക്കുന്ന പാർട്ടിയുടെ പേര് ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ). ഔദ്യോഗിക പ്രഖ്യാപനം നാളെ മഞ്ചേരിയിൽ നടക്കും. തമിഴ്നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡിഎംകെ) സഖ്യത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കാസർകോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.