‘എൽഡിഎഫിനെ സ്നേഹിക്കുന്ന എല്ലാവരുടെയും വിജയം’: സിപിഐ ആവശ്യം നിറവേറ്റപ്പെട്ടെന്ന് ബിനോയ് വിശ്വം
Mail This Article
തിരുവനന്തപുരം∙ എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റിയതിലൂടെ സിപിഐ ആവശ്യം നിറവേറ്റപ്പെട്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണ്. നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എൽഡിഎഫ് സർക്കാർ സ്വീകരിച്ചത് ഉചിതമായ തീരുമാനമാണ്. സിപിഐ ആവശ്യപ്പെട്ടത് സർക്കാർ നടപ്പാക്കി. ഇത് എൽഡിഎഫിനെ സ്നേഹിക്കുന്ന എല്ലാവരുടെയും വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
വിവിദങ്ങൾക്കൊടുവിൽ എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പൊലീസ് ബറ്റാലിയനിലേക്കാണ് മാറ്റിയത്. പകരം ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർണായക തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത്. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെക്കുറിച്ച് ഉൾപ്പെടെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തള്ളിയിരുന്നു.