‘ശബരിമലയിൽ 10 ശതമാനം പേരെ നേരിട്ട് കടത്തിവിടണം’: തിരുപ്പതി മോഡൽ പ്രായോഗികമല്ലെന്ന് കെ. സുരേന്ദ്രന്‍
Mail This Article
തിരുവനന്തപുരം∙ ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പകരം പത്ത് ശതമാനം പേരെ നേരിട്ട് കടത്തി വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ പല കാരണങ്ങള്‍ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂ വഴി പ്രവേശിപ്പിക്കണം. പരിചയ സമ്പന്നരും മിടുക്കരുമായ പൊലീസ് ഉദ്യേഗസ്ഥരെ ക്രൗഡ് മാനേജ്‌മെന്റിനായി നിയോഗിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
പൊലീസിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് പലപ്പോഴും ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ശബരിമലയില്‍ തിരുപ്പതി മോഡല്‍ സജ്ജീകരണങ്ങള്‍ പ്രായോഗികമായിരിക്കില്ല. തിരുപ്പതിയില്‍ വര്‍ഷം മുഴുവന്‍ ഭക്തര്‍ വന്നുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ശബരിമലയിൽ പ്രത്യേക സമയങ്ങളിൽ മാത്രമാണ് ദര്‍ശനം ഉള്ളത്. പിണറായി സര്‍ക്കാര്‍ ഭക്തരോട് മുൻപ് അനുവര്‍ത്തിച്ച സമീപനം എന്തായിരുന്നുവെന്നത് ഇപ്പോഴും ഭക്തരുടെ മനസിലുണ്ട്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങളില്‍ ഭക്തർക്ക് സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.