തെലുങ്ക് സിനിമകളുടെ ‘ഫാൻ’, മിതഭാഷി; ‘സൂപ്പർ ഡിജിപി’യുടെ ക്ലൈമാക്സ് എഴുതിയ ദർവേഷ് സാഹിബ്!
Mail This Article
തിരുവനന്തപുരം∙ തെലുങ്ക് സിനിമകൾ ഏറെ ഇഷ്ടമാണ് സംസ്ഥാന പൊലീസ് മേധാവി ഡോ.എസ്.ദർവേഷ് സാഹിബിന്. സിനിമകളിലെ ട്വിസ്റ്റ് പോലെ, എഡിജിപി വിഷയത്തിൽ പൊലീസ് മേധാവി സ്വീകരിച്ച ഉറച്ച നിലപാടുകളാണ് എഡിജിപി എം.ആർ.അജിത്കുമാറിന്റെ സ്ഥാനമാറ്റത്തിന്റെ കാരണങ്ങളിലൊന്ന്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചാ വിഷയത്തിൽ അജിത്കുമാറിനെതിരെ ഗുരുതര പരാമർശങ്ങളാണ് പൊലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ടായിരുന്നത്. ആർഎസ്എസ് നേതാവിനൊപ്പം സ്വകാര്യ കാറിൽ ഉന്നത ആർഎസ്എസ് നേതാക്കളെ കണ്ടതിന് എഡിജിപി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും, കൂടിക്കാഴ്ചയിൽ സംശയമുണ്ടെന്നുമായിരുന്നു പൊലീസ് മേധാവിയുടെ റിപ്പോർട്ട്. തുടരന്വേഷണം നിർദേശിച്ചില്ല.
ഇത് അവഗണിച്ച്, മുഖ്യമന്ത്രിയുടെ ഓഫിസിന്റെ തീരുമാനപ്രകാരമാണ് പൂരം സംബന്ധിച്ച് ത്രിതല അന്വേഷണം രണ്ടുദിവസം മുൻപ് പ്രഖ്യാപിച്ചത്. പൊലീസ് മേധാവി, ക്രൈംബ്രാഞ്ച് മേധാവി, ഇന്റലിജൻസ് എഡിജിപി എന്നിവരാണ് അന്വേഷണം നടത്തുന്നത്. എന്നാൽ, പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ കടുത്ത പരാമര്‍ശങ്ങളുള്ളതിനാൽ നടപടിയെടുക്കാതെ സർക്കാരിന് വഴിയില്ലാതെയായി. അതോടെയാണ് ആർക്കും കേടില്ലാത്ത സ്ഥാനമാറ്റം അജിത്കുമാറിന് നൽകിയത്. ‘സൂപ്പർ ഡിജിപി’ ചമയുന്നു എന്ന ആരോപണം വിവിധ കോണുകളിൽനിന്ന് ഉയർന്ന അജിത്കുമാറിന് പൊലീസ് മേധാവിയുടെ താക്കീത് കൂടിയായി റിപ്പോർട്ട്. തന്നെ അറിയിക്കാതെ അജിത്കുമാർ ചില തീരുമാനങ്ങളെടുത്തതിൽ പൊലീസ് മേധാവി അതൃപ്തനായിരുന്നു. പിണറായി സർക്കാർ അധികാരത്തിൽവന്നശേഷം ആദ്യമായാണ് ഉന്നത ഉദ്യോഗസ്ഥനായ സഹപ്രവർത്തകനെതിരെ ഒരു പൊലീസ് മേധാവി വിമർശനങ്ങളുയർത്തി റിപ്പോർട്ട് നൽകുന്നത്.
2023 ജൂലൈയിലാണ് എസ്.ദർവേഷ് സാഹിബ് പൊലീസ് മേധാവിയായി ചുമതലയേറ്റത്. ഈ വർഷം ജൂണിൽ കാലാവധി നീട്ടിനൽകി. പദവിയിൽ ചുമതലയേൽക്കുന്നതു മുതൽ രണ്ടു വർഷംവരെ തുടരാമെന്ന വ്യവസ്ഥ അനുസരിച്ചായിരുന്നു ഇത്. 1990 ബാച്ച് ഉദ്യോഗസ്ഥനാണ്. ആന്ധ്ര സ്വദേശിയാണ്. 2025 ജൂണ്‍വരെ സർവീസുണ്ട്. കേരള കേഡറിൽ നെടുമങ്ങാട് എഎസ്പിയായാണ് തുടക്കം. മിതഭാഷി, അഴിമതിരഹിതൻ എന്നീ ഘടകങ്ങളാണ് പൊലീസ് മേധാവി കസേരയിലെത്തിച്ചത്. വിവാദങ്ങളിൽ ഉൾപ്പെടാത്ത ഉദ്യോഗസ്ഥനാണ്. ഡിജിപി പട്ടികയിൽ ഒന്നാമനായിരുന്ന പത്മകുമാറിനെ ഒഴിവാക്കിയായിരുന്നു നിയമനം. കൃഷി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ആഗ്രോണമിയിൽ പിഎച്ച്ഡിയും ഫിനാൻസിൽ എംബിഎയുമുണ്ട്.