ADVERTISEMENT

തിരുവനന്തപുരം∙ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉള്‍പ്പെടെ കേരളാ പൊലീസ് ഏറെ വിവാദങ്ങള്‍ നേരിടുന്ന നിര്‍ണായകഘട്ടത്തില്‍ ക്രമസമാധാനച്ചുമതലയിലേക്ക് എഡിജിപിയായി മനോജ് ഏബ്രഹാമിനെ എത്തിച്ചതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് പൊലീസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തല്‍. മനോജ് ഏബ്രഹാമിന് പകരം ഇന്റലിജന്‍സ് തലപ്പത്തേക്ക് ആര് എത്തുമെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടാതെയാണ് എഡിജിപി എം.ആര്‍.അജിത് കുമാറിനെ മാറ്റി മനോജ് ഏബ്രഹാമിന് ക്രമസമാധാനച്ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. 

സര്‍ക്കാരിന്റെ വിശ്വസ്തന്‍ എന്നതിനപ്പുറം താഴേത്തട്ടിലുള്ള പൊലീസുകാര്‍ മുതല്‍ ഐപിഎസ് തലത്തില്‍ വരെ ഒരേപോലെ സ്വാധീനമുള്ള ഐപിഎസ് ഓഫിസര്‍ എന്ന നിലയിലാണ് മനോജ് ഏബ്രഹാമിന് നറുക്ക് വീണത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ വിശ്വസ്തനായ എഡിജിപി എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റേണ്ട അവസ്ഥയെത്തിയപ്പോള്‍ പകരക്കാരന്‍ ആര് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ലഭിക്കുന്ന ഏറ്റവും സുരക്ഷിതമായ ഉത്തരവും മനോജ് ഏബ്രഹാം തന്നെ. 2023ല്‍ ടി.കെ.വിനോദ് കുമാറിനു പകരക്കാരനായാണ് മനോജ് ഏബ്രഹാം ഇന്റലിജന്‍സ് മേധാവിയായി നിയമിതനായത്. തുടര്‍ന്ന് ഡിസംബറില്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപിയുടെ അധികച്ചുമതലയും നല്‍കി. സര്‍ക്കാരുകള്‍ മാറിവരുമ്പോഴും പ്രധാനചുമതലകളില്‍ മനോജ് ഏബ്രഹാമിനെ നിയോഗിക്കുന്നത് രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസത്തിന്റെ നേര്‍സാക്ഷ്യമാണ്. 

മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപി സഞ്ജീവ് കുമാര്‍ പട്ജോഷി ഈ ഡിസംബറില്‍ വിരമിക്കുമ്പോള്‍ ഒഴിവുവരുന്ന പദവിയില്‍ മനോജ് ഏബ്രഹാം ഡിജിപിയാകാനുള്ള സാധ്യതയും ഏറെയാണ്. എന്നാല്‍ കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള ഡിജിപി നിഥിന്‍ അഗര്‍വാള്‍ തിരിച്ചെത്തിയാല്‍ മനോജ് ഏബ്രഹാമിന്റെ സ്ഥാനക്കയറ്റം 2025 ഏപ്രിലില്‍ ഫയര്‍ഫോഴ്‌സ് ഡിജിപി കെ. പത്മകുമാര്‍ വിരമിക്കുന്നതു വരെ വൈകും. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് ഏബ്രഹാമിന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ കലാപങ്ങള്‍ നിയന്ത്രിക്കുന്നതിലും കൊച്ചിയിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുന്നതിലും മനോജ് ഏബ്രഹാമിന്റെ ഇടപെടല്‍ ഏറെ ചര്‍ച്ചയായിരുന്നു. അടൂര്‍ എഎസ്പിയായാണ് സര്‍വീസ് ആരംഭിച്ചത്. പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ എസ്പിയായും കൊച്ചിയിലും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായും തിരുവനന്തപുരം റേഞ്ച് ഐജി, പൊലീസ് ആസ്ഥാനത്തെ ഐജി, വിജിലന്‍സ് എഡിജിപി, ഇന്റലിജന്‍സ് മേധാവി എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. 

രാജ്യത്തെ സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയുള്ള മികച്ച പ്രവര്‍ത്തനം നടത്തുന്നവരുടെ പട്ടികയില്‍  സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ കൂടിയായ മനോജ് ഏബ്രഹാം ഇടംപിടിച്ചിരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദി 420 (The420) ആണ് 100 പേരുടെ പട്ടിക പുറത്തുവിട്ടത്. സൈബര്‍ ഡോം വഴി നടത്തുന്ന സൈബര്‍ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് മനോജ് എബ്രഹാം പട്ടികയില്‍ വന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കൊക്കൂണ്‍ രാജ്യാന്തര കോണ്‍ഫറന്‍സും സൈബര്‍ സുരക്ഷാ രംഗത്തെ ലോകത്തിലെ പ്രമുഖമായ സമ്മേളനമാണ്.

English Summary:

Cybersecurity Expert Manoj Abraham to Lead Kerala's Law and Order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com