‘നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഇട്ട് വരുന്നവരെ സൂക്ഷിക്കണം; അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവർ’
Mail This Article
നിലമ്പൂര്‍∙ കേരളം മോശമാണെന്ന് പറയാന്‍ കുറച്ചു ആളുകളെ കോലു കൊടുത്ത് നിര്‍ത്തിയിട്ടുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. നിലമ്പൂർ ചന്തക്കുന്നിൽ പി.വി. അൻവറിനെതിരെ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരെ ഒരാളെ കിട്ടിയെന്ന് കരുതി ആഘോഷിക്കുകയാണെന്നും അൻവറിനെയും മാധ്യമങ്ങളേയും ഉന്നംവച്ച് വിജയരാഘവൻ പറഞ്ഞു.
‘‘അന്‍വറിന്റെ കക്കാടംപൊയില്‍ പാര്‍ക്ക് നിര്‍മാണം മാധ്യമങ്ങള്‍ മറന്നോ? കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ അന്‍വര്‍ ആണെന്നാണ് അന്ന് മാധ്യമങ്ങള്‍ പറഞ്ഞത്. സര്‍ക്കാരിനെതിരെ മോശം പറയാന്‍ മാധ്യമ പ്രവര്‍ത്തകരെ ശമ്പളം കൊടുത്തു നിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ വീട്ടിലെ കോഴി കൂവുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തും. അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ നല്‍കുന്നു. നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണ്. നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം. അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്. മലപ്പുറം എന്ന വാക്ക് ഇപ്പോള്‍ ഉച്ചരിക്കാന്‍ പാടില്ല. പണ്ട് പോളണ്ട്, പോളണ്ട് എന്ന് പറയരുതെന്നു ശ്രീനിവാസന്‍ പറയും പോലെയാണ് ചിലര്‍ ഇപ്പോള്‍ മലപ്പുറം മലപ്പുറം എന്ന് പറയരുത് എന്ന് പറയുന്നത്. ഇങ്ങനെ ചിന്തിക്കുന്നവരുടെ കയ്യടി കിട്ടുന്ന പ്രവര്‍ത്തനം ആണ് അന്‍വര്‍ നടത്തുന്നത്’’ – വിജയരാഘവൻ പറഞ്ഞു.
നിയമ വിരുദ്ധ പ്രവര്‍ത്തനം, കള്ളക്കടത്ത്, കുഴല്‍പ്പണം, മണലടിക്കുക ഇതെല്ലാം നടത്തണം എന്ന് ചിന്തിക്കുന്നവരുണ്ട്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ആര്‍എസ്എസ് അജണ്ടയാണ് നടപ്പിലാക്കുന്നത്. ഇ.എന്‍. മോഹന്‍ദാസിനെ ആര്‍എസ്എസുകാരനാക്കിയപ്പോഴാണ് അന്‍വര്‍ ഏറ്റവും ചെറുതായതെന്നും വിജയരാഘവന്‍ പറഞ്ഞു.
ഈ ചെങ്കൊടി തൊട്ട് കളിക്കണ്ട എന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ പറഞ്ഞു. അൻവറിനെ നെഞ്ചോട് ചേർത്ത് കൊണ്ട് നടന്നിട്ടുണ്ട്. പക്ഷേ പാർട്ടിക്കെതിരെ അധിക്ഷേപങ്ങൾ ചൊരിയാൻ തുടങ്ങിയാൽ അതിനെ വക വച്ച് തരില്ല. നിലമ്പൂരിലെ വികസനങ്ങൾ പുത്തൻവീട്ടിൽ തറവാട്ടിൽ നിന്ന് കൊണ്ടു വന്നതല്ല. മാസങ്ങളോളം ആഫ്രിക്കയിൽ പോയി കിടക്കുമ്പോഴും അൻവറിനെ സംരക്ഷിച്ചത് നിലമ്പൂരിലെ സാധാരണക്കാരായ സഖാക്കളാണെന്നും പത്മാക്ഷൻ പറഞ്ഞു.
അൻവറിനെ പിന്തുണച്ച നാടക–സിനിമ നടി നിലമ്പൂർ ആയിഷയും യോഗത്തിൽ പങ്കെടുത്തു. മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, പി.കെ. സൈനബ, ടി.കെ. ഹംസ, കെ.ടി. ജലീല്‍, നാസ കൊളായി തുടങ്ങിയവരും യോഗത്തില്‍ പ്രസംഗിച്ചു. പി.വി. അന്‍വര്‍ എംഎല്‍എ മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചതിനു പിന്നാലെ ആയിരുന്നു സിപിഎമ്മിന്റെ യോഗം.