ADVERTISEMENT

കൊച്ചി ∙ ലോകപ്രശസ്ത സംഗീതജ്ഞൻ അലൻ വോക്കറുടെ ഡിജെ ഷോയ്ക്കായി കൊച്ചിയിലെത്തിയവരെ ലക്ഷ്യമിട്ടുള്ള ലഹരി മരുന്ന് വിൽപ്പനയായിരുന്നു ഓംപ്രകാശിന്റെയും കൂട്ടരുടേയും പദ്ധതിയെന്ന നിഗമനത്തിൽ പൊലീസ്. അതിനിടെയാണ് മലയാള സിനിമയെ കുറെക്കാലമായി മൂടിനിൽക്കുന്ന ലഹരി മരുന്ന് ആരോപണത്തിലേക്ക് കൂടി കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ അറസ്റ്റ് വഴിതുറന്നിരിക്കുന്നത്. അതേസമയം, കേസ് വളരെ ദുർബലമാണെന്നതിന്റെ തെളിവാണ് ഓംപ്രകാശിന് ഇന്നു തന്നെ കോടതി ജാമ്യം അനുവദിച്ചതെന്നും ഇപ്പോഴത്തെ കോലാഹലങ്ങൾ അടങ്ങുമ്പോൾ കേസ് തന്നെ തള്ളിപ്പോകാനാണ് സാധ്യതയെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. 

ആറായിരത്തോളം പേരാണ് ബോൾഗാട്ടിയിലെ ഗ്രൗണ്ടിൽ അലൻ വോക്കറെ കേൾക്കാനായി ഞായറാഴ്ച തടിച്ചുകൂടിയത്. ഇവരെ മുഴുവൻ പ്രത്യേക പരിശോധനയിലൂടെയാണ് അകത്തേക്ക് കടത്തിവിട്ടത്. പൊലീസിന്റെയും എക്സൈസിന്റെയും വലിയ സാന്നിധ്യവും ഇവിടെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഗ്രൗണ്ടിൽ കാര്യമായ ലഹരി ഇടപട് നടന്നിട്ടില്ല എന്നാണ് പറയപ്പെടുന്നത്. സംഗീത ഷോയുടെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സംഗീതനിശയ്ക്കായി കൊച്ചിയിലെത്തിയവരെ ലക്ഷ്യമിട്ട് ദിവസങ്ങളായി ലഹരി മരുന്ന് ഇടപാട് നടന്നിരിക്കാം എന്ന സംശയം പൊലീസിനുണ്ട്. ഓംപ്രകാശ് കൊച്ചിയിൽ എത്തിയിട്ടുണ്ടെന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട നീക്കങ്ങൾ നടക്കുന്നുവെന്നും ഡാൻസാഫ് സംഘത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ താമസിച്ചിരുന്ന ആഡംബര ഹോട്ടലില്‍ പൊലീസ് എത്തിയത്. പക്ഷേ കൊക്കെയിന്‍ സൂക്ഷിച്ചിരുന്ന ഒരു കവറും 8 ലിറ്റർ മദ്യവും മാത്രമേ പൊലീസിനു ലഭിച്ചുള്ളൂ. ഇതിൽ 2 മദ്യക്കുപ്പികൾ പൊട്ടിച്ച നിലയിലായിരുന്നു.

തങ്ങൾ നടത്തിയ ഡിജെ പാർട്ടിയിൽ വിതരണം ചെയ്യാന്‍ എത്തിച്ചതാണ് കൊക്കെയ്ൻ എന്ന് ഓംപ്രകാശിനൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ഷിഹാസ് സമ്മതിച്ചെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പിടിച്ചെടുത്ത കവറും അതിലെ പൊടിയുടെ അവശിഷ്ടങ്ങളും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പൊലീസ്. ഇതിന്റെ ഫലം വരുന്നതിന് അനുസരിച്ചാകും ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ തുടങ്ങിയവരിൽ നിന്ന് മൊഴിയെടുക്കുക.

ശ്രീനാഥ് ഭാസിയും പ്രയാഗയും ശനിയാഴ്ച രാത്രി ഹോട്ടിലിലെ മുറിയിലെത്തി ഓംപ്രകാശിനെ കണ്ടു എന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട്. എന്നാൽ ഓംപ്രകാശിനെ കണ്ടു എന്നതിന്റെ പേരിൽ ഇവർക്കെതിരെ കേസെടുക്കാൻ സാധിക്കില്ല. ഇവർ ലഹരി മരുന്ന് ഉപയോഗിച്ചോ എന്നതും തെളിയിക്കുക ബുദ്ധിമുട്ടാണ്. ഇരുവർക്കും പുറമെ 20ഓളം പേർ ഓംപ്രകാശിനെ കാണാനെത്തിയിരുന്നു എന്നാണു വിവരം. ബിനു, ബൈജു, അനൂപ്, ഡോൺ ലൂയിസ്, അരുൺ, അലോഷ്യ, സ്നേഹ, ടിപ്സൺ, ശ്രീദേവി, രൂപ, പാപ്പി എന്നിങ്ങനെ 20ഓളം പേരുകളാണ് ഓംപ്രകാശിനെ കണ്ടവരായി റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഇവരില്‍ നിന്നെല്ലാം മൊഴിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ചും അന്വേഷണം വേണമെന്നുള്ള ആവശ്യങ്ങൾ ഉയര്‍ന്നിരുന്നു. പുതിയ വിവാദം ഈ ആവശ്യങ്ങൾക്ക് ശക്തിപകരാൻ സാധ്യതയുണ്ട്. ലഹരി ഉപയോഗത്തിന്റെ കാര്യത്തിൽ കൊച്ചി വലിയ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്നു എന്ന റിപ്പോർട്ടുകളും ഇതിനൊപ്പമുണ്ട്. പരമ്പരാഗത കഞ്ചാവ് തുടങ്ങിയവയ്ക്കു പുറമെ എംഡിഎംഎ അടക്കമുള്ള രാസലഹരി മരുന്നുകളുടെ വലിെയാരു കേന്ദ്രമായി കൊച്ചി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈഡ്രോ കഞ്ചാവ് പോലുള്ളവയും കൊച്ചിയിലേക്ക് എത്തിതുടങ്ങിയിരിക്കുന്നത്. കൊച്ചി പൊലീസ് ലഹരിമരുന്നിനെതിരെ തങ്ങൾ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പ്രഖ്യാപിച്ച സമയത്തു തന്നെയാണ് ഇത്തരമൊരു സംഭവുമുണ്ടായിരിക്കുന്നതും. സെപ്റ്റംബർ മാസത്തിൽ മാത്രം 137 ലഹരിക്കേസുകളാണ് കൊച്ചി പൊലീസും ഡാൻസാഫും ചേർന്ന് റജിസ്റ്റർ ചെയ്തത്. ഇതിൽ 153 പേർ അറസ്റ്റിലായി. 52 കിലോഗ്രാം കഞ്ചാവ്, 84.89 ഗ്രാം എംഡിഎംഎ, കൊക്കൈൻ, ബ്രൗൺഷുഗർ, ഹാഷിഷ് ഓയിൽ തുടങ്ങിയവയൊക്കെ കഴിഞ്ഞ മാസം പിടിച്ചെടുത്തവയിൽ ഉൾപ്പെടും.

English Summary:

Om Prakash Arrest: Drug Trafficking Ring Targeting Alan Walker Fans Busted in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com