ADVERTISEMENT

മുംബൈ ∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻസിപി അജിത് പവാർ പക്ഷത്തുനിന്ന് ശരദ്പവാർ പക്ഷത്തേക്ക് കൂടുതൽ നേതാക്കൾ വരാനൊരുങ്ങുന്നു. നിയമസഭാ കൗൺസിൽ മുൻ ചെയർമാൻ രാംരാജെ നിംബൽക്കറാണ് പുതുതായി ശരദ് പക്ഷത്ത് ചേരാനൊരുങ്ങുന്നത്.

ഇദ്ദേഹത്തിനു പുറമേ പശ്ചിമ മഹാരാഷ്ട്രയിലെ ചില ബിജെപി നേതാക്കളും മറ്റുചില അജിത് പക്ഷ നേതാക്കളും കളം മാറ്റി ചവിട്ടുമെന്ന് രാഷ്ട്രീയ വിദഗ്ധർ സൂചിപ്പിക്കുന്നു. ഷിൻഡെ സർക്കാരിനു കീഴിൽ സഖ്യകക്ഷിയായിരുന്നിട്ടും തന്നെ വീണ്ടും നിയമസഭാ കൗൺസിൽ ചെയർമാൻ ആക്കാത്തതിൽ നിംബൽക്കർ അസ്വസ്ഥനാണ്.

2022ൽ അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞതിനു ശേഷം ആർക്കും നൽകാതെ ഈ പദവി ഒഴിച്ചിട്ടിരിക്കുകയാണ്. നിംബൽക്കറുടെ പാർട്ടി മാറ്റവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ വന്നിട്ടില്ല. സതാരയിൽ നടക്കുന്ന പൊതുപരിപാടിയിൽ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. അജിത് പക്ഷ നേതാവായ ഫാൽത്തൺ എംഎൽഎ ദീപക് ചവാൻ ശരദ്പക്ഷത്തേക്ക് വന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

എൻസിപി പിളർത്തിയ അജിത് പവാറിനോട് ശരദ് പവാർ ക്ഷമിച്ചേക്കുമെന്ന് അജിത്തിന്റെ സഹോദരൻ ശ്രീനിവാസ് പവാർ വ്യക്തമാക്കി. ശരദ് പവാറിനൊപ്പം നിലകൊള്ളുന്നയാളാണ് ശ്രീനിവാസ്. ശരദ് പവാറിന്റെ സഹോദരന്റെ മക്കളാണ് അജിത്തും ശ്രീനിവാസും. പവാറിനു രാഷ്ട്രീയവും കുടുംബവും രണ്ടാണ്. അദ്ദേഹം നേരത്തെയും അജിത്തിനോടു ക്ഷമിച്ചിട്ടുണ്ട്. അതിനാൽ, ഇത്തവണയും അതുണ്ടാകുമെന്നും ദീപാവലിക്ക് കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുമെന്നാണ് പ്രതീക്ഷയെന്നും ശ്രീനിവാസ് പറഞ്ഞു.

പാർട്ടി പിളർത്തിയതിനു പുറമേ, ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയ്ക്കെതിരെ ഭാര്യ സുനേത്രയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അജിത് മത്സരിപ്പിച്ചതോടെയാണ് ഭിന്നത രൂക്ഷമായത്. പവാർ കുടുംബത്തിലെ ഭൂരിഭാഗം പേരും ശരദിനൊപ്പം നിലയുറപ്പിച്ചു. ജനവികാരവും ശരദ് പവാറിന് അനുകൂലമായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ താൻ ചെയ്തത് തെറ്റായിപ്പോയെന്നും സഹോദരിക്കെതിരെ ഭാര്യയെ മത്സരിപ്പിക്കരുതായിരുന്നെന്നും അജിത് പ്രതികരിച്ചിരുന്നു. ശരദ് പവാറിനെ പരിഹസിച്ചുളള പരാമർശങ്ങളിൽ നിന്നും അജിത് പിൻമാറി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രീനിവാസ് പവാറിന്റെ മകൻ യുഗേന്ദ്രയാണ് സുപ്രിയ സുളെയുടെ പ്രചാരണത്തിനു ചുക്കാൻ പിടിച്ചിരുന്നത്. ബാരാമതി നിയമസഭാ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയായ അജിത്തിനെതിരെ യുഗേന്ദ്രയെ മത്സരിപ്പിക്കാനാണ് ശരദ് പക്ഷം പദ്ധതിയിടുന്നത്.

English Summary:

NCP Power Struggle: Sharad Pawar's Camp Gains Momentum Ahead of Maharashtra Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com