ADVERTISEMENT

തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയ ഉത്തരവിൽ കാരണം വ്യക്തമാക്കാത്തത് പരിശോധന പൂർണമായും അവസാനിക്കാത്തതുകൊണ്ടായിരിക്കുമെന്നും അത് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. എഡിജിപി ആരോപണം നേരിടുന്ന തൃശൂർ പൂരവുമായി ബന്ധപ്പെട്ട പ്രശ്നം അവസാനിച്ചിട്ടില്ല. പൂരമല്ല, വെടിക്കെട്ടാണ് അലങ്കോലപ്പെട്ടതെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു. 

നിയമസഭയിൽ അതിക്രമം കാട്ടിയ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടിയെടുക്കണോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടതെന്നും എൽഡിഎഫ് നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘2011ൽ അന്നത്തെ സ്പീക്കറായിരുന്ന ജി.കാർത്തികേയന്റെ റൂളിങ് ലംഘിച്ചെന്ന പേരിൽ സിപിഎം എംഎൽഎമാരായ ജെയിംസ് മാത്യുവിനെയും ടി.വി.രാജേഷിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്ന് അതിനായി പ്രമേയം അവതരിപ്പിച്ചത് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയാണ്. ആ ചരിത്രം ആവർത്തിക്കുമോയെന്ന് കണ്ടറിയാം. ജനങ്ങളുടെ ജനാധിപത്യ ബോധം വെല്ലുവിളിക്കപ്പെട്ട സംഭവമാണ് നിയമസഭയിൽ ഉണ്ടായത്. സ്പീക്കറെയും മുഖ്യമന്ത്രിയേയും ആക്ഷേപിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടന്നത്. ഡയസിലേക്ക് തള്ളിക്കയറിയതിനൊപ്പം സ്പീക്കർക്കെതിരെ ബോധപൂർമായ കയ്യേറ്റ ശ്രമവുമുണ്ടായി. സ്പീക്കറെ മാത്യു കുഴൽനാടൻ ചോദ്യം ചെയ്തപ്പോൾ അതിനെ വിമർശിച്ചുകൊണ്ടാണ് ആരാ നേതാവെന്ന് സ്പീക്കർ ചോദിച്ചത്. പ്രതിപക്ഷ നേതാവിനെ അവഹേളിച്ചുകൊണ്ടായിരുന്നില്ല പ്രതിപക്ഷ പ്രതിഷേധം’’– രാമകൃഷ്ണൻ പറഞ്ഞു.

എൽഡിഎഫ് പ്രതിപക്ഷത്തായിരുന്ന കാലത്ത് സ്പീക്കറുടെ ഡയസ് അടിച്ചു തകർത്ത സംഭവമുണ്ടായിട്ടുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോൾ അത് അന്നത്തെ സാഹചര്യത്തിൽ ഉണ്ടായതാണെന്നും അതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നുമായിരുന്നു ടി.പി. രാമകൃഷ്ണന്റെ പ്രതികരണം.

English Summary:

LDF Convener T.P. Ramakrishnan speaks out about the ADGP transfer amidst the Thrissur Pooram fireworks controversy and the recent uproar in the Kerala Assembly.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com