ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ അൻവറിന് പുതിയ കസേര; പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി
Mail This Article
തിരുവനന്തപുരം ∙ പി.വി. അൻവറിന് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ കസേര അനുവദിക്കുമെന്നു സ്പീക്കർ അൻവറിനെ അറിയിച്ചു. അൻവറിന്റെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫിസ് എംഎൽഎയെ അറിയിച്ചു. അൻവറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം.
നാലാം നിരയിലെ സീറ്റാണ് പ്രത്യേക ബ്ലോക്കായി കണക്കാക്കുക. പ്രതിപക്ഷനിരയിൽ ഇരിക്കാൻ ആകില്ലെന്നായിരുന്നു അൻവറിന്റെ നിലപാട്. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് അന്‍വര്‍ നേരത്തെ സ്പീക്കറെ അറിയിച്ചിരുന്നു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നുമായിരുന്നു പി.വി.അൻവറിന്‍റെ നിലപാട്. പ്രത്യേക ബ്ലോക്ക് അനുവദിക്കാത്തതിനാൽ ഇന്ന് അദ്ദേഹം നിയമസഭയിൽ എത്തിയിരുന്നില്ല. നാളെ അൻവർ നിയമസഭയിലെത്തും. സിപിഎമ്മുമായി ഇടഞ്ഞ ശേഷം നാളെയാണ് അൻവർ ആദ്യമായി നിയമസഭയിലെത്തുന്നത്.