ADVERTISEMENT

ശ്രീനഗർ∙ ബിജ്ബെഹ്റ, പിഡിപിയുടെ ശക്തികേന്ദ്രം, മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ട...ആ സീറ്റിൽ നിന്നാണ് മുഫ്തി കുടുംബത്തിലെ ഇളമുറക്കാരി കന്നിയങ്കത്തിനിറങ്ങി തോൽവിയേറ്റുവാങ്ങിയത്. നാഷണൽ കോൺഫറൻസിന്റെ ബഷീർ അഹമ്മദ് ഷാ വീരിയോടാണ് ഇൽത്തിജ മുഫ്തി പരാജയപ്പെട്ടത്. ‘‘ജനവിധി അംഗീകരിക്കുന്നു, ബിജ്ബെഹ്റയിലെ ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹവും വാത്സല്യവും എപ്പോഴും എനിക്കൊപ്പമുണ്ടായിരിക്കും’’– തോൽവിയിലേക്കെന്നുറപ്പിച്ചതോടെ ഇൽത്തിജ എക്സിൽ കുറിച്ചു. ജമ്മു കശ്മീർ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം മത്സരരംഗത്തേക്കില്ലെന്ന മെഹ്ബൂബയുടെ തീരുമാനമാണ് ഇൽത്തിജയെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിച്ചത്. 99 മുതൽ പിഡിപി വിജയിച്ചുവരുന്ന ബിജ്ബെഹ്റയിൽ നിന്നുതന്നെ മെഹ്ബൂബയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന ഇൽത്തിജ ജനവിധി തേടുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചതും ഇൽത്തിജയായിരുന്നു. പാരമ്പര്യ വോട്ടുകൾ നേടുന്നതിനായി ശീലമില്ലെങ്കിലും പാരമ്പര്യ വസ്ത്രങ്ങൾ ധരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇൽത്തിജ ഇറങ്ങി. പക്ഷെ ജനവികാരം പിഡിപിക്ക് എതിരായിരുന്നു. 

ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഇത്തവണ പിഡിപി രുചിച്ചിരിക്കുന്നത്. നേടാനായത് വെറും രണ്ടുസീറ്റുകൾ മാത്രം. 2014ൽ 28 സീറ്റുകൾ നേടിയ പാർട്ടിയാണ് പിഡിപിയെന്നോർക്കണം. അന്ന് ബിജെപിയുമായുണ്ടാക്കിയ സഖ്യമാണ് ഇന്ന് പിഡിപിയെ ഒന്നുമല്ലാതാക്കി തീർത്തിരിക്കുന്നത്. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കുക, കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 സംരക്ഷിക്കുക എന്നീ ആഗ്രഹങ്ങളോടെയാണ് ബിജെപിയുമായി പിഡിപി സഖ്യത്തിലേർപ്പെടുന്നത്. എന്നാൽ പിഡിപിയെ സഖ്യകക്ഷിയായ ബിജെപി തന്നെ തിരിഞ്ഞുകൊത്തി. ആർട്ടിക്കിൾ 370 റദ്ദാക്കി. കശ്മീരിൽ ബിജെപിക്ക് ഇരിപ്പടമൊരുക്കിയ പിഡിപിയെ അതോടെ ജനം തള്ളിപ്പറഞ്ഞു. പിന്തുണ പിൻവലിച്ചു. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ, ഒരിക്കൽ പിഡിപിയുടെ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന ദക്ഷിണ കശ്മീരിൽ മെഹബൂബ ആദ്യമായി പരാജയപ്പെട്ടു. അപ്‌നി പാർട്ടി, ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി), പീപ്പിൾസ് കോൺഫറൻസ് തുടങ്ങി മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് നേതാക്കാൾ കൂട്ടത്തോടെ രാജിവച്ചു പലായനം ചെയ്തു. പാർട്ടി ശക്തിപ്പെടുത്താനുള്ള നീക്കത്തിന് എൻസി–കോൺഗ്രസ് സഖ്യവും വിഘാതം സൃഷ്ടിച്ചു. പാർട്ടിയുടെ വിശ്വസ്തരെ അരികുവൽക്കരിക്കാനുള്ള നീക്കവും തിരിച്ചടിച്ചു. 

നാഷണൽ കോൺഫറൻസിന് ഒരു ബദലായിട്ടാണ് പിഡിപി 1999ൽ ജമ്മു കശ്മീരിൽ മുഫ്തി മുഹമ്മദ് സയ്യീദിന്റ നേതൃത്വത്തിൽ അവതരിക്കുന്നത്. 2002ൽ കോൺഗ്രസുമായി സഖ്യം ചേർന്ന് അവർ അധികാരത്തിലെത്തുകയും ചെയ്തു. മുഫ്തിയുടെ ഭരണകാലത്ത് അതിർത്തി കടന്നുള്ള ബന്ധങ്ങൾ മെച്ചപ്പെട്ടു. 2008ലും 2014ലും നടന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടി മുന്നേറ്റം തുടർന്നു. എൻസി കോട്ടകളിൽ പോലും സാന്നിധ്യമറിയിച്ചു. 2016ൽ മുഫ്തിയുടെ മരണത്തോടെയാണ് പാർട്ടി ക്ഷയിച്ചുതുടങ്ങിയത്. നേതാക്കളെ ഒന്നിച്ചുനിർത്തുന്നതിലും ചേർത്തുപിടിക്കുന്നതിലും മെഹ്ബൂബ മുഫ്തി പരാജയപ്പെട്ടു. തുടർന്നു ബിജെപി സഖ്യവും ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയും പതനത്തിന് ആക്കം കൂട്ടി. ഏറ്റവും ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി പിഡിപി എന്ന സംസ്ഥാനപാർട്ടിയുടെ ഭാവിയിലേക്ക് തന്നെ ചൂണ്ടുവിരൽ ഉയർത്തിയിരിക്കുകയാണ്.

English Summary:

PDP loses Bijbehara Mufti dynasty shaken

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com