സിഡ്നി–ടോക്കിയോ വിമാനത്തിൽ രതിചിത്ര പ്രദർശനം; സ്ക്രീൻ ഓഫായില്ല, മാപ്പ് പറഞ്ഞ് വിമാന കമ്പനി
Mail This Article
മെൽബൺ∙ സാങ്കേതിക തകരാർ മൂലം ക്വാന്റസ് വിമാനത്തിന്റെ ഒരു സർവീസിൽ രതിചിത്രം പ്രദർശിപ്പിക്കപ്പെട്ടു. ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്ന് ജപ്പാനിലെ ടോക്കിയോയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. വിമാനത്തിലെ എല്ലാ സ്ക്രീനിലും ‘ഡാഡിയോ’ എന്ന രതിചിത്രമാണ് പ്രദർശിപ്പിക്കപ്പെട്ടത്. നഗ്നതയും, രതിയും വിഷയമായ ഉള്ളടക്കമുള്ള ഈ ചിത്രം ഒരു മണിക്കൂറോളം നേരം കുട്ടികളടക്കം കുടുംബമായി യാത്ര ചെയ്തവർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി. സ്വന്തം സീറ്റിനു മുന്നിലുള്ള സ്ക്രീൻ ഓഫ് ചെയ്യാൻപോലും ഇവർക്കു സാധ്യമായിരുന്നില്ല. ഒരു മണിക്കൂറിനുശേഷം സാങ്കേതിക പ്രശ്നം പരിഹരിച്ചു കുട്ടികൾക്കുകൂടി കാണാൻ പറ്റുന്ന തരത്തിലുള്ള ചിത്രം പ്രദർശിപ്പിച്ചു.
ചിത്രം പോസ് ചെയ്യാനോ, ബ്രൈറ്റ്നസ് കുറയ്ക്കാനോ ഓഫ് ചെയ്യാനോ സാധിച്ചില്ലെന്നു സമൂഹമാധ്യമമായ റെഡിറ്റിൽ ഒരു യാത്രക്കാരൻ കുറിച്ചു. സംഭവത്തിൽ ക്വാന്റസ് വിമാന കമ്പനി മാപ്പു പറഞ്ഞു. സാഹചര്യം പരിശോധിക്കുകയാണെന്നും കമ്പനി അറിയിച്ചു. ‘‘യാത്രയ്ക്ക് ഒട്ടും പറ്റിയ ചിത്രമായിരുന്നില്ല. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നു. കുടുംബ പ്രേക്ഷകർക്ക് കാണാൻ പറ്റുന്ന ചിത്രം പിന്നീട് പ്രദർശിപ്പിച്ചു. ഡാഡിയോ എന്ന ചിത്രം എങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു എന്നത് പരിശോധിക്കും’’ – കമ്പനി വക്താവ് അറിയിച്ചു.
‘‘വിമാനത്തിന്റെ ഇൻ–ഫ്ലൈറ്റ് എന്റർടെയ്ന്മെന്റ് സിസ്റ്റം പ്രവർത്തനരഹിതമായിരുന്നു. എന്നാൽ ഒരു മണിക്കൂർ വൈകിയപ്പോൾ വിമാനം പറത്താൻ തന്നെ പൈലറ്റ് തീരുമാനിച്ചു. പക്ഷേ, എല്ലാവരുടെയും മുന്നിലുള്ള സ്ക്രീനിൽ ഒരേ സിനിമ മാത്രമേ പ്രദർശിപ്പിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അതു പോസ് ചെയ്യാനോ, നിർത്താനോ സാധ്യമായിരുന്നില്ല. ആ സിനിമ ഒട്ടും അനുയോജ്യമായിരുന്നില്ല. നഗ്നതയും സെക്സ്ടിങ്ങും ഉണ്ടായിരുന്നു’’ – റെഡിറ്റിൽ ഒരു ഉപഭോക്താവ് എഴുതി.