വിഎസിന്റെ മകനെ ഐഎച്ച്ആർഡി ഡയറക്ടറാക്കാൻ യോഗ്യതകളിൽ ഇളവ് ? അഭിമുഖം മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ തസ്തികയ്ക്ക് തത്തുല്യമായ ഐഎച്ച്ആർഡി ഡയറക്ടറുടെ യോഗ്യതകളിൽ ഇളവ് വരുത്തി ഡയറക്ടറെ നിയമിക്കാൻ നാളെ തിരുവനന്തപുരത്ത് അഭിമുഖം നടത്തുന്നു. മസ്കറ്റ് ഹോട്ടലിൽ വച്ചാണ് അഭിമുഖം.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ.അരുൺ കുമാറിനെ നിയമിക്കുന്നതിനാണ് എഐസിടിഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളിൽ ഇളവ് വരുത്തി തിടുക്കത്തിൽ സ്പെഷൽ റൂൾ സർക്കാർ ഭേദഗതി ചെയ്തതെന്നാണ് ആക്ഷേപം. സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയുടേതാണ് ആരോപണം.
ഐഎച്ച്ആർഡി നിയമാവലി പ്രകാരം യോഗ്യതകളിൽ ഭേദഗതി വരുത്താൻ ഗവേണിങ് ബോഡിക്ക് മാത്രമേ അധികാരമുള്ളൂവെന്നിരിക്കെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് യോഗ്യതകളിൽ ഇളവ് വരുത്തിയിരിക്കുന്നത്.
വ്യവസ്ഥപ്രകാരം എൻജിനീയറങ്ങിൽ ബിരുദാനന്തര ബിരുദവും 15 കൊല്ലത്തെ അധ്യാപന പരിചയവും പിഎച്ച്ഡി ഗൈഡ് ഷിപ്പും രണ്ടുപേരെ ഗൈഡ് ചെയ്ത പരിചയവും യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളപ്പോഴാണ് പകരമായി ഏഴു വർഷത്തെ അഡീഷനൽ ഡയറക്ടർ പരിചയം കൂടി ഡയറക്ടർ നിയമനത്തിനുള്ള പുതിയ യോഗ്യതയായി കൂട്ടിച്ചേർത്തിരിക്കുന്നത്. ഡയറക്ടർക്ക് നിശ്ചയിച്ചിട്ടുള്ള എൻജിനീയറിങ് ബിരുദത്തിനു പകരം അരുൺകുമാറിന് എംസിഎ ബിരുദമാണുള്ളത്.
അഭിമുഖം മാറ്റിവയ്ക്കണമെന്നും യോഗ്യതകളിൽ ഇളവ് വരുത്തിയ സർക്കാർ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.