‘അനാവശ്യ പരാമർശം; ഉദ്യോഗസ്ഥർ ഹാജരാകുന്നതിൽ നേരത്തെ പറഞ്ഞ മറുപടിയിൽ ഉറച്ചുനിൽക്കുന്നു’
Mail This Article
തിരുവനന്തപുരം∙ കത്തുകളും മറുപടിക്കത്തുകളുമായി മുഖ്യമന്ത്രി-ഗവര്‍ണര്‍ പോര് മുറുകുന്നു. ഇന്നലെ ഗവര്‍ണര്‍ അയച്ച കത്തിലെ പരാമര്‍ശങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു മറുപടി നല്കി. താന്‍ ചോദിച്ച വിഷയങ്ങളില്‍ മറുപടി നല്കാന് വൈകുന്നത് മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍ ഇന്നലെ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.
തനിക്കെന്തെങ്കിലും മറച്ചുവയ്ക്കാനുണ്ട് എന്നത് അനാവശ്യ പരാമര്‍ശമാണെന്ന് മുഖ്യമന്ത്രി ഇന്നു വൈകിട്ടു നല്കിയ മറുപടിയില്‍ പറയുന്നു. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണം ഉന്നയിക്കുന്നതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശദ്രോഹ പ്രവര്‍ത്തനങ്ങളെപ്പറ്റി താന്‍ ഒരു തരത്തിലുള്ള പൊതുപ്രസ്താവനയും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
'ഇക്കാര്യത്തില്‍ താങ്കള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായതോ ആരെങ്കിലും തെറ്റായ വിവരം നല്കിയതോ ആയിരിക്കും. 'ദ് ഹിന്ദു' പത്രത്തില്‍ വന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് താങ്കള്‍ ഒക്ടോബര്‍ മൂന്നിന് കത്തയച്ചത്. എന്നാല്‍ അഭിമുഖത്തിലെ ദേശവിരുദ്ധ പരാമര്‍ശം ഞാന്‍ പറഞ്ഞതല്ലെന്ന് പത്രം തന്നെ വിശദീകരിച്ചിരുന്നു. തങ്ങള്‍ക്കു തെറ്റുപറ്റിയെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും പത്രം അറിയിക്കുകയും ചെയ്തു. അഭിമുഖത്തില്‍ ഞാന്‍ അത്തരം പരാമര്‍ശം നടത്തിയിട്ടില്ല എന്നത് വ്യക്തമായതാണ്. ഈ സാഹചര്യത്തില്‍ ഞാന്‍ പറയാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ കാര്യമില്ല.
സെപ്റ്റംബര്‍ 21ന് നടത്തിയ പത്രസമ്മേളനത്തില്‍ കേരളത്തിലെ ചില വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തത്. പൊലീസ് സ്വീകരിച്ച നടപടികളാണ് മാധ്യമങ്ങളോടു വിശദീകരിച്ചത്. സ്വര്‍ണക്കടത്തു പോലുള്ള നടപടികള്‍ രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് ഞാന്‍ പറഞ്ഞത്.
സ്വര്‍ണക്കടത്ത് തടയേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തം കസ്റ്റംസിനാണെന്ന് അങ്ങേയ്ക്കും അറിയാമല്ലോ. എന്നാല്‍ സ്വര്‍ണക്കടത്ത് ക്രമസമാധാനപ്രശ്നത്തിനും നികുതിചോര്‍ച്ചയ്ക്കും ഇടയാക്കുന്നതു കൊണ്ട് പൊലീസ് ജാഗ്രതയോടെ നടപടി സ്വീകരിക്കുകയാണ്. സ്വര്‍ണക്കടത്ത് കൂടുന്നത് കസ്റ്റംസിന്റെ അശ്രദ്ധകൊണ്ടാണ്. ഇക്കാര്യം താങ്കള്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തണം. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരോടു ഹാജരാകാന്‍ ആവശ്യപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 8ന് നല്കിയ മറുപടിയില്‍ ഉറച്ചുനില്‍ക്കുന്നു.’- മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കുന്നു.