‘ധീര വനിതയ്ക്ക് സ്വാഗതം’: ആർ.ശ്രീലേഖ ബിജെപിയിൽ; കെ.സുരേന്ദ്രനിൽനിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു
Mail This Article
തിരുവനന്തപുരം∙ കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍.ശ്രീലേഖ ബിജെപിയിൽ ചേർന്നു. ബുധനാഴ്ച വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍നിന്ന് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചു. ശ്രീലേഖയെ ഷാള്‍ അണിയിച്ച ശേഷം സുരേന്ദ്രന്‍ ബൊക്കെയും താമരപ്പൂവും നല്‍കി. തുടര്‍ന്ന് മധുരപലഹാരം വിതരണം ചെയ്തു.
പൊലീസില്‍ നിരവധി പരിഷ്‌കാരങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുള്ള ധീരവനിതയാണ് ശ്രീലേഖയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പൊലീസില്‍ സ്ത്രീകളുടെ ശാക്തീകരണത്തിനു വേണ്ടി വിപ്ലവകരമായ പല തീരുമാനങ്ങളും അവര്‍ എടുത്തിരുന്നു. അതിനു പുറമേ അറിയപ്പെടുന്ന സാഹിത്യകാരി കൂടിയാണ്. ശക്തി ഉപാസകരുടെ ഉത്സവമായ നവരാത്രി കാലത്ത് ഒരു ധീരവനിതയ്ക്ക് അംഗത്വം കൊടുക്കാന്‍ കഴിഞ്ഞത് അഭിമാന മുഹൂര്‍ത്തമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ പത്തു വര്‍ഷം രാജ്യത്തു വരുത്തിയ മാറ്റങ്ങളില്‍ ആകൃഷ്ടയായാണ് ശ്രീലേഖ ബിജെപിയില്‍ ചേരുന്നത്. കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണിത്. വരും വര്‍ഷങ്ങളില്‍ ശ്രീലേഖയുടെ അനുഭവസമ്പത്ത് ബിജെപി ഗുണകരമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വെറും മൂന്നാഴ്ചത്തെ ആലോചനയ്ക്കു ശേഷമാണ് ബിജെപിയിൽ ചേരുന്നതെന്ന് ആർ.ശ്രീലേഖ പ്രതികരിച്ചു. മൂന്നാഴ്ച മുൻപാണ് ഇങ്ങനെയൊരു നിർേദശം വന്നത്. നരേന്ദ്ര മോദി പ്രഭാവമാണ് ബിജെപിയിലേക്ക് എത്തിച്ചത്. മുപ്പത്തിമൂന്നര വര്‍ഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. വിരമിച്ച ശേഷം കാര്യങ്ങളെ മാറിനിന്നു കാണാന്‍ തുടങ്ങിയപ്പോള്‍, അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇതാണു നല്ല വഴിയെന്നു തോന്നി. സമൂഹത്തെ സേവിക്കാനുള്ള മാര്‍ഗമാണിത്. ബിജെപിയുടെ ആദര്‍ശങ്ങളോടു വിശ്വസമുള്ളതു കൊണ്ടു കൂടെ നില്‍ക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു.
ചേര്‍ത്തല എഎസ്പിയായി ഔദ്യോഗിക ജീവിതത്തിനു തുടക്കമിട്ട ശ്രീലേഖ തൃശൂര്‍, പത്തംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായിരുന്നു. വിജിലന്‍സ്, ക്രൈംബ്രാഞ്ച് ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് മേധാവി ആയിരിക്കുമ്പോഴാണ് സര്‍വീസില്‍നിന്നു വിരമിച്ചത്.