വാർത്തകളിലെ നേരും നുണയും തിരിച്ചറിയാം: വിഡിയോ പരമ്പരയുമായി ഫാക്ട്ശാല; പരിശീലനം സൗജന്യം
Mail This Article
ഓൺലൈനിലൂടെ പ്രചരിക്കുന്ന വിവരങ്ങളിൽ നുണയും വാസ്തവവും തിരിച്ചറിഞ്ഞ് വിശകലനം ചെയ്യാനുള്ള പരിശീലന പദ്ധതിയായ ദ് ഫാക്ട്ശാല അംബാസഡർ പ്രോഗ്രാം മലയാള മനോരമയുമായി ചേർന്ന് അവതരിപ്പിക്കുന്ന വിഡിയോ പരമ്പര പുറത്തിറക്കി. അടിസ്ഥാന മാധ്യമ സാക്ഷരത വളർത്തി പ്രേക്ഷകരെ ശാക്തീകരിക്കുകയും ഭാവനാസൃഷ്ടികളിൽനിന്ന് വസ്തുതകളെ വേർതിരിച്ചറിയാൻ വേണ്ട നൈസർഗിക കഴിവുകളുള്ള പുതുതലമുറയെ വാർത്തെടുക്കുകയുമാണ് മലയാളത്തിലുള്ള ഈ പരമ്പരയുടെ ലക്ഷ്യം. വിമർശനാത്മക ചിന്തയും ഉത്തരവാദിത്ത പൗരത്വവും പരിപോഷിപ്പിക്കുന്നതിനായി, ഫാക്ട്ശാല പ്രോഗ്രാമിന്റെ മലയാള ഭാഷാ വിഭാഗം അംബാസഡറായി മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു പ്രവർത്തിക്കും.
ഡേറ്റലീഡ്സ്, മീഡിയവൈസ് എന്നിവയുടെ പങ്കാളിത്തത്തിൽ ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിന്റെ പിന്തുണയോടെ നടപ്പാക്കുന്ന സംരംഭമാണ് ഫാക്ട്ശാല അംബാസഡർ പ്രോഗ്രാം. ഡിജിറ്റൽ മീഡിയ സാക്ഷരത സങ്കേതങ്ങളുടെ സഹായത്തോടെ വ്യാജവാർത്തകൾ തിരിച്ചറിയാൻ ജനങ്ങളെ സഹായിക്കാനായി പോയ്നർ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച സംരംഭമാണ് മീഡിയവൈസ്. ഇന്റർനെറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന വ്യാജവാർത്തകൾ തിരിച്ചറിയാനുള്ള നിർദേശങ്ങളും പരിശീലനവും ഈ പ്രോഗ്രാമിലൂടെ സൗജന്യമായി നൽകുന്നുണ്ട്.
ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവിന്റെ പിന്തുണയോടെ ഡേറ്റലീഡ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണ വാർത്താ–വിവര സാക്ഷരതാ പദ്ധതിയാണ് ഫാക്ട്ശാല മാധ്യമ സാക്ഷരതാ നെറ്റ്‌വർക്ക്. ഓൺലൈനിൽ ലഭിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്യാനും വ്യാജവിവരങ്ങൾ തിരിച്ചറിയാനും ഗ്രാമങ്ങളിലെയും ചെറു പട്ടണങ്ങളിലെയും ജനങ്ങളെയും യുവാക്കളെയും വിദ്യാർഥികളെയും പ്രാപ്തരാക്കാനുള്ള യജ്ഞത്തിലേർപ്പെട്ടിട്ടുള്ള 250ലേറെ മാധ്യമപ്രവർത്തകർ, മാധ്യമ അധ്യാപകർ, ഫാക്ട് ചെക്കർമാർ, സന്നദ്ധ പ്രവർത്തകർ, കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ എന്നിവയുടെ കൂട്ടായ്മയാണിത് ഫാക്ട്ശാല അംബാസഡർ പ്രോഗ്രാമിനെപ്പറ്റി കൂടുതൽ അറിയാൻ സന്ദർശിക്കൂ: https://factshala.com/ambassador-programme/