ലഹരിക്കേസ്: ശ്രീനാഥ് ഭാസിയെയും പ്രയാഗയേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; നാളെ ഹാജരാകാൻ നോട്ടിസ്
Mail This Article
കൊച്ചി ∙ ഗുണ്ടാത്തലവൻ ഓംപ്രകാശ് എറണാകുളത്തെ ആഡംബര ഹോട്ടലിൽ നടത്തിയ ലഹരിപ്പാർട്ടിയിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. മൊഴിയെടുക്കുന്നതിനായി വ്യാഴാഴ്ച ഹാജരാകാനാണ് കേസന്വേഷിക്കുന്ന മരട് പൊലീസ് ഇരുവരോടും നിർദേശിച്ചിരിക്കുന്നത്. ഇവർക്ക് പുറമെ പാര്‍ട്ടിയിൽ പങ്കെടുത്തെന്നു കരുതുന്ന ഇരുപതോളം പേരിൽ നിന്നും മൊഴി എടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
-
Also Read
ലഹരിക്കേസ്: ഹോട്ടലിൽ ഫൊറൻസിക് പരിശോധന
ഹോട്ടലിലെ ക്യാമറയിൽ നിന്ന് ശ്രീനാഥിന്റെയും പ്രയാഗയുടെയും ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇരുവരെയും ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിൽ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. നോർവീജിയൻ സംഗീതജ്ഞൻ അലൻ വോക്കറിന്റെ സംഗീതനിശയ്ക്കായി കൊച്ചിയിലെത്തിയവരെ ലക്ഷ്യമിട്ട് ഓംപ്രകാശും കൂട്ടരും ലഹരിമരുന്ന് ഇടപാട് നടത്തിയിരിക്കാമെന്ന സംശയം പൊലീസിനുണ്ട്.
ശ്രീനാഥ് ഭാസിയും പ്രയാഗയും 5ന് രാത്രി ഹോട്ടിലിലെ മുറിയിലെത്തി ഓംപ്രകാശിനെ കണ്ടു എന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട്. എന്നാൽ ഓംപ്രകാശിനെ കണ്ടു എന്നതിന്റെ പേരിൽ ഇവർക്കെതിരെ കേസെടുക്കാൻ സാധിക്കില്ല. ഇവർ ലഹരി മരുന്ന് ഉപയോഗിച്ചോ എന്നതും തെളിയിക്കുക ബുദ്ധിമുട്ടാണ്. എങ്കിലും ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഇവരിൽ നിന്ന് മൊഴിയെടുക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
മരടിലെ ആഡംബര ഹോട്ടലിൽ ഓംപ്രകാശ് എത്തിയിട്ടുണ്ടെന്നും ലഹരിമരുന്ന് വിൽപ്പനയാണ് ഇവരുടെ ലക്ഷ്യമെന്നും ഡാൻസാഫ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഹോട്ടലിൽ റെയ്ഡ് നടത്തിയപ്പോൾ മുറിയിൽ നിന്നു കൊക്കെയ്ൻ തരികൾ അടങ്ങിയ പ്ലാസ്റ്റിക് കവറും 4 ലീറ്റർ മദ്യവും പൊലീസ് പിടിച്ചെടുത്തു. പ്ലാസ്റ്റിക് കവറിലെ ലഹരി പദാർഥം പ്രതികൾ വെളിപ്പെടുത്തിയ പോലെ കൊക്കെയ്ൻ തന്നെയാണെന്നു പരിശോധനയിൽ ബോധ്യപ്പെട്ടെങ്കിലും പ്രതികളുടെ ദേഹവും മുറിയും പരിശോധിച്ചപ്പോൾ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാനുള്ള അളവിൽ ലഹരി പദാർഥം കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേത്തുടർന്നു കോടതി പ്രതികൾക്കു ജാമ്യം അനുവദിച്ചു. ഇതിനു പിന്നാലെയാണ് അന്വേഷണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചത്.
മൂന്നു മുറികളാണ് ഓം പ്രകാശും കൂട്ടരും ഹോട്ടലില്‍ എടുത്തിരുന്നത്. രണ്ടു ദിവസത്തിനിടെ ഒട്ടേറെ പേർ ഓംപ്രകാശിനെ സന്ദർശിച്ചിരുന്നു എന്നും മനസിലാക്കിയതോടെയാണ് കേസ് വിശദമായി അന്വേഷിക്കാൻ പൊലീസ് തീരുമാനിക്കുന്നത്. വന്നവരുടെ കൂട്ടത്തിൽ ശ്രീനാഥ് ഭാസിയും പ്രയാഗയും ഉണ്ടായിരുന്നെന്ന് വ്യക്തമായതോടെ കേസിന് കൂടുതൽ പ്രചാരവും കൈവന്നു. അതേസമയം, തനിക്ക് ഓംപ്രകാശിനെ അറിയില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും പ്രയാഗ മനോരമ ഓൺലൈനോട് വ്യക്തമാക്കിയിരുന്നു. ഒരു സുഹൃത്തിനെ കാണാനായി മറ്റൊരു സുഹൃത്തിനൊപ്പം ഹോട്ടലിൽ പോയിരുന്നെന്നും അവർ വ്യക്തമാക്കി.