മുന്നണി പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി സ്ഥാനാർഥി ആരായാലും പിന്തുണയ്ക്കും, ഹരിയാനയിലെ കോൺഗ്രസിന്റെ തിരിച്ചടിക്കു പിന്നാലെ ഉദ്ധവ്
Mail This Article
മുംബൈ ∙ സംസ്ഥാനത്തെ ‘രക്ഷിക്കാനായി’ സഖ്യകക്ഷികളായ കോൺഗ്രസോ എൻസിപി പവാർ വിഭാഗമോ പ്രഖ്യാപിക്കുന്ന ഏത് മുഖ്യമന്ത്രി സ്ഥാനാർഥിയെയും പിന്തുണയ്ക്കുമെന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഹരിയാനയിൽ കോൺഗ്രസിനു തിരിച്ചടിയായ ഫലം വന്നതിനു പിന്നാലെയാണ് ഉദ്ധവിന്റെ പ്രസ്താവന. എന്നാൽ, മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരായാലും താൻ പിന്തുണയ്ക്കുമെന്നു പറയുന്ന ഉദ്ധവ്, സഖ്യകക്ഷികൾ തന്റെ പേര് ആ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടണമെന്ന് ആഗ്രഹിക്കുന്നതായും വിലയിരുത്തലുണ്ട്.
മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം തിരഞ്ഞെടുപ്പിനെ നേരിടണമെന്നും ആ സ്ഥാനത്തേക്കു സഖ്യകക്ഷികൾ നിശ്ചയിക്കുന്നയാളെ താൻ അംഗീകരിക്കുമെന്നും ഉദ്ധവ് താക്കറെ നേരത്തേയും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഫലം വന്നശേഷം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയാണ് തങ്ങളുടെ രീതിയെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസും പവാർ വിഭാഗം എൻസിപിയും ആ നിർദേശം തള്ളുകയായിരുന്നു.