വിളക്കുമരമുറങ്ങി; പക്ഷേ വെളിച്ചം അസ്തമിക്കാതെ ബാക്കി: രത്തൻ ടാറ്റ യാത്രയാകുമ്പോൾ...
Mail This Article
ഇന്ത്യ കണ്ട എക്കാലത്തെയും വലിയ സംരംഭകവീര്യത്തിന്റെ പേരാണു ടാറ്റ. വിശ്വാസ്യതയായിരുന്നു അതിന്റെ മുഖമുദ്ര. ഇംഗ്ലിഷുകാർക്കു മാത്രമേ പ്രവേശനമുള്ളൂ എന്നുപറഞ്ഞ് ആഡംബര ഹോട്ടലിന്റെ വാതിലുകൾ തനിക്കു മുന്നിൽ കൊട്ടിയടച്ച സാമ്രാജ്യത്വ ധാർഷ്ട്യത്തിനു മറുപടിയായി താജ്മഹൽ പാലസെന്ന മഹാസംരംഭം കെട്ടിപ്പൊക്കിയ ജാംഷെഡ്ജി ടാറ്റയുടെ ചോരയും നീരുമാണ് അതിന്റെ പൈതൃകം. വ്യവസായവും വ്യാപാരവും ലാഭം കൊയ്യാനുള്ള എളുപ്പവഴികളല്ലെന്നും സമൂഹത്തോട് അത് എക്കാലത്തും കടപ്പെട്ടിരിക്കുന്നുവെന്നും ഉറച്ചു വിശ്വസിച്ച പ്രസ്ഥാനമാണ് അത്. ജാംഷെഡ്ജി ടാറ്റയുടെ ഇളയ മകൻ സർ രത്തൻ ടാറ്റയാകട്ടെ ഗാന്ധിജിയെ ധാർമികമായും സാമ്പത്തികമായും പിന്തുണയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിക്കും അർഹനായി. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിന് എതിരായ പോരാട്ടത്തിന് 1909–13 കാലത്ത് 1.25 ലക്ഷം രൂപയാണു അദ്ദേഹം ഗാന്ധിജിക്കു സംഭാവനയായി നൽകിയത്. ഗോഖലെയുടെ സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അടക്കമുള്ള പ്രസ്ഥാനങ്ങൾക്കും കയ്യയച്ചു സഹായം നൽകി. സുജനമര്യാദയും ദാനശീലവും ടാറ്റാ കുടുംബത്തിന്റെ ജനിതകത്തിൽ കലർന്നിട്ടുള്ളതാണ്.
നാം കുടിക്കുന്ന ചായയിലും കാപ്പിയിലും രുചിക്കുന്ന ഉപ്പിലും ധരിക്കുന്ന വസ്ത്രത്തിലും കഴിക്കുന്ന മരുന്നിലും സഞ്ചരിക്കുന്ന വാഹനത്തിലും ടാറ്റയെന്ന മാന്ത്രികമുദ്ര പതിഞ്ഞുകിടക്കുന്നു. ടാറ്റയെന്നത് ഇന്ത്യയ്ക്ക് ഒരു ഉടനീള അനുഭവമായിരുന്നു. എവിടെത്തിരിഞ്ഞാലും എവിടെത്തൊട്ടാലും അവിടെല്ലാം ഒരു ടാറ്റാ സാന്നിധ്യം! കണ്ണുംപൂട്ടി വാങ്ങാവുന്ന ഉറപ്പായിരുന്നു അത്. ടാറ്റ വഞ്ചിക്കില്ലെന്നത് അടിയുറച്ച വിശ്വാസമായിരുന്നു. ജാംഷെഡ്ജിയും ജെ.ആർ.ഡി.ടാറ്റയുമെല്ലാം പതാകയേന്തിയ ടാറ്റയുടെ മഹാപ്രയാണത്തിനു പുതിയ ദിശാബോധം പകർന്ന ക്രാന്തദർശിയായിരുന്നു രത്തൻ നവൽ ടാറ്റ. അച്ഛനെ ടാറ്റാ കുടുംബത്തിലേക്കു ദത്തെടുത്തതുകൊണ്ടു മാത്രം കൈവന്ന നിയോഗത്തെ കർമയോഗം കൊണ്ട് അദ്ദേഹം സഫലമാക്കിയതു ചരിത്രം.
ഇന്ത്യൻ കമ്പനികളെ എന്തിനുകൊള്ളാം എന്ന വിദേശഹുങ്കിനു ജാംഷെഡ്ജിയുടെ കാലത്തേ തക്ക മറുപടി കൊടുക്കാൻ തുടങ്ങിയ ടാറ്റ, രത്തന്റെ കാലത്ത് അതിന്റെ തീവ്രത കൂട്ടി. യുകെയുടെ അഭിമാനമായിരുന്ന ടെറ്റ്ലി തേയിലക്കമ്പനിയെയും ഉരുക്കുനിർമാതാക്കളായ കോറസിനെയും വിലയ്ക്കു വാങ്ങിയപ്പോൾ ഒരു ‘റിവേഴ്സ് കൊളോണിയലിസ’ത്തിന്റെ സുഖമാണ് ഇന്ത്യ അനുഭവിച്ചത്. ‘ഗംഗയിൽ മുക്കിയ സ്പോഞ്ച് തെയിംസിന്റെ തീരത്തു പിഴിഞ്ഞെന്നു’ വിശേഷിപ്പിക്കപ്പെട്ട സാമ്രാജ്യത്വാധിനിവേശത്തിന്റെയും കൊള്ളയുടെയും ദാരുണസ്മരണകൾ പേറുന്ന ഒരു ജനതയ്ക്ക് അഭിമാനിക്കാനുള്ള വകയായിരുന്നു അത്. വ്യക്തിപ്രഭാവം കൊണ്ടു ജെ.ആർ.ഡി.ടാറ്റ വേറിട്ടുനിന്നിരുന്നെങ്കിലും രത്തനു കൈമാറിക്കിട്ടിയത് ഇളക്കംതട്ടിയൊരു സാമ്രാജ്യമായിരുന്നു. പുതിയ കാലത്തോട് ഉന്മുഖമാകാത്ത, പരമ്പരാഗത സംരംഭങ്ങളുടെ കൂടാരമെന്നു പറയാം. ടിസിഎസ് പോലും പുതിയ കാലത്തിന് അനുസരിച്ച് ഓടിയെത്തിയിരുന്നില്ല.
പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾക്കും ആഗോളവൽക്കരണത്തിനും ഉതകുംവിധം ടാറ്റാ കമ്പനികളെ പരിഷ്കരിച്ച് വിദേശ വിപണിയിൽ പോലും ഇടമുറപ്പിക്കും വിധം സജ്ജമാക്കുകയെന്നതു ചെറിയ വെല്ലുവിളിയല്ലായിരുന്നു. ഓരോ ടാറ്റ കമ്പനിയും സാമന്തൻമാരുടെ കീഴിലുള്ള നാട്ടുരാജ്യങ്ങൾ പോലെയാണു പ്രവർത്തിച്ചിരുന്നത്. ‘സിനർജി’യെന്നതു സാധ്യമാകാത്ത സങ്കൽപമായിരുന്നു. കളകളേറെ പറിച്ചുകളയേണ്ടി വന്നു രത്തന്. പരാജയങ്ങളുടെ രുചിയറിഞ്ഞതു തുണയായി. വിജയത്തിന്റെ വിലയറിഞ്ഞത് അങ്ങനെയാണ്. ജെആർഡിയുടെ കാലത്തു ടാറ്റാ സ്റ്റീലായിരുന്നു ഗ്രൂപ്പിന്റെ ‘കറവപ്പയ്യെ’ങ്കിൽ രത്തന്റെ കാലമെത്തുമ്പോഴേക്കും അതു ടിസിഎസായി മാറി. ടെക് ബൂമിന്റെ കാലത്ത് ടിസിഎസിനെ ഓഹരിവിപണിയിലേക്ക് എത്തിക്കാതെ അറച്ചുനിന്ന രത്തൻ, ഒടുവിൽ അതിനു തീരുമാനിച്ചത് ടാറ്റാ ഗ്രൂപ്പിന് ഒന്നാകെ പകർന്ന സാമ്പത്തിക സ്വാതന്ത്ര്യം ചെറുതായിരുന്നില്ല.
ടാറ്റ മോട്ടോഴ്സ് തനി ഇന്ത്യൻ കാറായ ഇൻഡിക്ക പുറത്തിറക്കിയ സമയം. തീരുമാനം തെറ്റായിരുന്നോ എന്നു സംശയിച്ചപ്പോൾ അതു വിറ്റൊഴിവാക്കാൻ തീരുമാനിച്ചു. ഫോഡ് കമ്പനിയുമായി രത്തൻ ടാറ്റ ചർച്ച നടത്തി. യുഎസിലെ ഡെട്രോയിറ്റിലുള്ള ആസ്ഥാനത്തു നടന്ന ആ കൂടിക്കാഴ്ച രത്തൻ ടാറ്റയ്ക്ക് ഒരു പ്രഹരം പോലെയാണു തോന്നിയത്. നിങ്ങൾക്കൊന്നും അറിയില്ലെന്നും കാറുണ്ടാക്കാൻ തുടങ്ങിയതേ അബദ്ധമാണെന്നും ഞങ്ങൾ ഏറ്റെടുക്കുന്നതു സൗമനസ്യമായി കരുതിയാൽ മതിയെന്നുമുള്ള വാക്കുകൾ കൂരമ്പുപോലെ തറച്ചു. ആ കൈമാറ്റം നടന്നില്ല.
ഒൻപതു വർഷത്തിനിപ്പുറം, ലോകം കൊടിയ സാമ്പത്തികമാന്ദ്യത്തിലേക്കു കടന്നു. നഷ്ടത്തിൽനിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന ജാഗ്വർ ലാൻഡ് റോവർ കമ്പനി വിറ്റൊഴിവാക്കാൻ ഫോഡ് കിണഞ്ഞുശ്രമിക്കുകയായിരുന്നു. തൊട്ടാൽ പൊള്ളുമെന്നു പേടിച്ച് വൻ കമ്പനികൾ മാറിനിന്നപ്പോൾ ടാറ്റ മോട്ടോഴ്സ് സധൈര്യം അത് ഏറ്റെടുത്തു. ചെയർമാൻ ബിൽ ഫോഡിന് ആശ്വാസം മറച്ചുവയ്ക്കാനായില്ല. അദ്ദേഹം രത്തൻ ടാറ്റയോടു തുറന്നുപറഞ്ഞു: ‘നിങ്ങൾ നൽകുന്നതു വളരെ വലിയ സഹായമാണ്’. അത് ഏറ്റെടുക്കുക മാത്രമല്ല, നല്ല ഒന്നാംതരം പണംവാരി കമ്പനിയാക്കി മാറ്റി ലോകത്തിനു കാണിച്ചുകൊടുക്കുകയും ചെയ്തു. ടാറ്റ മോട്ടോഴ്സിന്റെ ഭാവിയെത്തന്നെ മാറ്റിമറിച്ച വിജയകരമായ നീക്കമായിരുന്നു അത്.
രത്തൻ ടാറ്റയുടെ വലംകൈയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ആർ.കെ.കൃഷ്ണകുമാർ ഒരിക്കൽ പറഞ്ഞു: ‘ആഗോളവൽക്കരണം കൊണ്ടുവന്ന മാറ്റത്തിന്റെ കാറ്റുകളെ, മറ്റുള്ളവരെക്കാളും മുന്നേ മണത്തറിയാൻ രത്തൻ ടാറ്റയ്ക്കു കഴിഞ്ഞിരുന്നു. ബർലിൻ മതിലിന്റെ വീഴ്ചയ്ക്കു ശേഷമുള്ള ആ കാറ്റുകൾക്കനുസരിച്ചാണ് അദ്ദേഹം തന്റെ പരിശ്രമങ്ങളെ രൂപപ്പെടുത്തിയത്’. ലോകത്തിന്റെ മാറ്റങ്ങളോട് അതിവേഗം അതിസൂക്ഷ്മതയോടെ പ്രതികരിക്കാനുള്ള ദീർഘദർശനം രത്തനുണ്ടായിരുന്നു. ആർക്കിടെക്ടായി ജോലി ചെയ്ത ദിനങ്ങളുടെ സംഭാവനയാകാം, എന്തിലും ഒരു ഗ്രാൻഡ് ഡിസൈൻ അദ്ദേഹം കണ്ടു. മറ്റുള്ളവർ കുഴഞ്ഞു മറിഞ്ഞതായി കരുതിയ ഇടങ്ങൾ ശരിപ്പെടുത്താനുള്ള സാധ്യതകളായി അദ്ദേഹത്തെ പ്രലോഭിപ്പിച്ചു.
അത്യാഡംബരത്തിൽ ജനിച്ചുവളർന്നൊരാൾ, റോൾസ് റോയ്സിൽ സ്കൂളിൽ പോയിരുന്നയാൾ, വായിൽ വെള്ളിക്കരണ്ടിയുണ്ടായിരുന്നയാൾ, ലാളിത്യത്തിലാണു ജീവിച്ചത്. വായനയെയും സംഗീതത്തെയും നായ്ക്കളെയും സ്നേഹിച്ച്, ഏകാന്തതയുടെ നൂറുഹർഷങ്ങളറിഞ്ഞ് തന്നിലേക്ക് ഒതുങ്ങിക്കൂടാനായിരുന്നു അദ്ദേഹത്തിനു കൊതി. അതിവേഗക്കാറുകളും വിമാനങ്ങളും ഇഷ്ടമായിരുന്നെങ്കിലും അതിലും വേഗം തന്റെ ലളിതജീവിതത്തിലേക്കു തിരിച്ചുവരാൻ രത്തന് അറിയാമായിരുന്നു. യുഎസിലുണ്ടായിരുന്ന ദിനങ്ങളിലെ കഷ്ടപ്പാടുകളെക്കുറിച്ചാണ് അപ്പോൾ അദ്ദേഹം ഓർമിച്ചത്. പാത്രം വരെ കഴുകാൻ പോയ സങ്കടദിനങ്ങൾ.
സങ്കടപ്പെടുന്ന മനുഷ്യരെ എപ്പോഴും രത്തൻ ടാറ്റ ചേർത്തുപിടിച്ചു. അവർക്കു താങ്ങും തണലുമായി. ഇരുകൈകൾ കൊണ്ടും കരുണ ചൊരിഞ്ഞു. മുംബൈയിലെ താജ്മഹൽ പാലസ് ഹോട്ടലിനു നേർക്കു ഭീകരാക്രമണം ഉണ്ടായപ്പോൾ ടാറ്റയ്ക്കുണ്ടായ നഷ്ടം 400 കോടി രൂപയുടേതായിരുന്നു. അതിൽ മനസ്സു മടുത്തിരിക്കാതെ, ഭീകരാക്രമണത്തിന് ഇരയായ ജീവനക്കാരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി ട്രസ്റ്റുണ്ടാക്കുകയാണ് അദ്ദേഹം ചെയ്തത്. കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബത്തിനു ലക്ഷങ്ങൾ നൽകി. അവർ വിരമിക്കേണ്ടിയിരുന്ന തീയതി വരെ ഓരോ മാസവും പൂർണശമ്പളം വേണ്ടപ്പെട്ടവരുടെ അക്കൗണ്ടുകളിൽ കൃത്യമായി എത്താൻ വേണ്ട ക്രമീകരണങ്ങളും ചെയ്തു. മക്കൾക്കു ലോകത്തെവിടെപ്പോയി എത്ര ചെലവേറിയ വിദ്യാഭ്യാസവും നേടാൻ സൗകര്യമൊരുക്കി. ലാഭത്തിൽ മാത്രം കണ്ണുവച്ചൊരു വ്യവസായിക്കു ചെയ്യാനാകുന്ന കാര്യങ്ങളായിരുന്നില്ല അത്. രത്തൻ ലോകത്തോടു ‘ടാറ്റാ’ പറയുമ്പോൾ വെളിച്ചമണയുന്നത് ഇന്ത്യൻ സംരംഭകത്വത്തിന്റെ ലൈറ്റ്ഹൗസിലാണ്.