കശ്മീരിൽ കോൺഗ്രസിനു 3 മന്ത്രിമാർ; ഏക സിപിഎം എംഎൽഎ തരിഗാമിയും മന്ത്രിയാകും?
Mail This Article
ശ്രീനഗർ∙ ജമ്മു കശ്മീരിൽ കോൺഗ്രസിന് മൂന്നു മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് വിവരം. താരിഖ് ഹമീദ് കാര, ഗുലാം അഹ്മദ് മിർ, ഇഫ്ത്തിക്കർ അഹ്മദ് എന്നിവർ കോൺഗ്രസിൽ നിന്നും മന്ത്രിമാരായേക്കും. ഒമർ അബ്ദുല്ല മന്ത്രിസഭയിൽ ചെറുകക്ഷികൾക്ക് ഇടം ലഭിച്ചേക്കില്ല. എന്നാൽ സംസ്ഥാനത്തെ ഏക സിപിഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമി മന്ത്രിയാകുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. തരിഗാമിയുടെ മന്ത്രിസഭാ പ്രവേശനം സിപിഎം നിഷേധിച്ചിട്ടില്ല.
ഉപമുഖ്യമന്ത്രി പദം കോൺഗ്രസ് ആവശ്യപ്പെട്ടേക്കാം. ഇതു സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന മുന്നണി യോഗത്തിലുണ്ടാകും. കോൺഗ്രസിന് 2 മന്ത്രിസ്ഥാനം നൽകാനായിരുന്നു നാഷനൽ കോൺഫറൻസിന്റെ ആദ്യത്തെ തീരുമാനം. ഒമർ അബ്ദുല്ല ഇന്നു തന്നെ ഗവർണറെ കാണും. മത്സരിച്ച 57ല്‍ 42 സീറ്റുകളിലും നാഷനൽ കോൺഫറൻസ് വിജയിച്ചിരുന്നു. മത്സരിച്ച രണ്ട് സീറ്റുകളിലും ഒമര്‍ അബ്ദുല്ലയും വിജയിച്ചു. ഇന്ത്യ സഖ്യത്തില്‍ 32 സീറ്റുകള്‍ കോണ്‍ഗ്രസിനു നല്‍കിയെങ്കിലും വിജയിക്കാനായത് 6 ഇടത്ത് മാത്രമാണ്.