വീണ്ടും ഗവർണർ – സിപിഎം വാക്ക്പോര്; ടാറ്റാ ട്രസ്റ്റിന്റെ പുതിയ ചെയർമാനായി നോയൽ ടാറ്റ– പ്രധാനവാർത്തകൾ
Mail This Article
ഒരിടവേളയ്ക്ക് ശേഷം ഗവർണർ ആരിഫ് മുഹമദ് ഖാനും സിപിഎമ്മും തമ്മിലുള്ള വാക്ക് പോര് വീണ്ടും ചർച്ചയാകുന്നതിനാണ് ഇന്നത്തെ വാർത്താ ദിനം സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തനിക്കു നല്‍കിയ മറുപടി കത്ത് വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ചൂണ്ടിക്കാട്ടി. കത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി തയാറായില്ലെന്നും ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വിളിപ്പിച്ചപ്പോഴാണ് മറുപടി നൽകാൻ മുഖ്യമന്ത്രി തയാറായതെന്നും ഗവർണർ ആരോപിച്ചു. ഇനി മുതൽ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടെന്നാണ് തന്റെ തീരുമാനമെന്നും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഗവർണർക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭയപ്പെടുത്താൻ നോക്കേണ്ടെന്നാണ് എം.വി.ഗോവിന്ദൻ മറുപടി നൽകിയത്. ഗവർണർ കെയർ ടേക്കർ ഗവർണറാണെന്നും ഗവർണറുടെ കാലാവധി സെപ്റ്റംബർ അഞ്ചിന് പൂർത്തിയായെന്നും ചൂണ്ടിക്കാട്ടിയ എം.വി ഗോവിന്ദൻ, പുതിയ ആളെ നിയമിക്കുന്നതുവരെ അദ്ദേഹത്തിന് സ്ഥാനത്തു തുടരാമെന്നും വ്യക്തമാക്കി. അതിനിടയിൽ ആ സ്ഥാനത്തിരുന്ന് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നതുപോലുള്ള തെറ്റായ നടപടികളിലേക്ക് ഗവണർ എത്തിയിരിക്കുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം.
രത്തൻ ടാറ്റയുടെ വിടവാങ്ങലിന് പിന്നാലെ ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. ഗ്രൂപ്പിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ നോയൽ ടാറ്റ.
അതിനിടെ കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കാസർകോട്ടെ ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിന്റെ ആത്മഹത്യ. വിഷയത്തിൽ എസ്ഐ അനൂപിനെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയ അനൂപിനെ സസ്പെൻഡ് ചെയ്യണമെന്ന് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വിഡിയോയും ഇതിനിടെ പുറത്തുവന്നു. ഇതിനു തൊട്ടുപിന്നാലെ മറ്റു വഴികളില്ലാതെയാണ് അനൂപിനെതിരെ വകുപ്പ് നടപടിയെടുത്തത്.
ജപ്പാനിൽ നിന്നുള്ള സന്നദ്ധ സംഘടനയ്ക്ക് ഇക്കൊല്ലത്തെ സമാധാന നൊബേൽ പുരസ്കാരം ലഭിച്ചു. നിഹോങ് ഹിദ്യാൻക്യോ എന്ന സംഘടനയ്ക്കാണ് പുരസ്കാരം. സംഘടനയുടെ ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഹിരോഷിമ നാഗസാക്കി അതിജീവിതരുടെ സംഘടനയാണ് നിഹോങ് ഹിദ്യാൻക്യോ.