ADVERTISEMENT

കൊൽക്കത്ത∙ ആർ.ജി.കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ. ഒക്ടോബർ 14 മുതൽ, 48 മണിക്കൂർ ഭാഗിക പണിമുടക്കിന് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘടന ആഹ്വാനം ചെയ്തു. 

അത്യാഹിത വിഭാഗം തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു. വിഷയത്തിൽ ജൂനിയർ ഡോക്ടർമാരുടെ സംഘടന മരണംവരെ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. 14ന് രാവിലെ 6 മുതൽ പണിമുടക്ക് ആരംഭിക്കും. സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കണമെന്ന് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു. സർക്കാർ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും സംഘടന മുന്നറിയിപ്പു നൽകി. 

ഓഗസ്റ്റ് ഒന്‍പതിനാണ് ആർ.ജി.കർ ആശുപത്രിയിലെ 31 വയസ്സുള്ള പിജി ഡോക്ടർ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രതി സഞ്ജയ് റോയ് പിടിയിലായി. സംഭവത്തെക്കുറിച്ച് കൃത്യമായി അന്വേഷിക്കണമെന്നും, ഡോക്ടർമാരുടെ സുരക്ഷ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ സമരം ആരംഭിച്ചു. സമരത്തിന് രാജ്യവ്യാപകമായി വലിയ പിന്തുണ ലഭിച്ചു. രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി എത്തിയതോടെ മമത സർക്കാർ പ്രതിസന്ധിയിലായി.

ജൂനിയർ ഡോക്ടർമാരുമായി ചർച്ച നടത്തി സമരം ഒത്തുതീർപ്പിലെത്തിയെങ്കിലും വാഗ്ദാനങ്ങളിൽനിന്ന് സർക്കാർ പിന്നോട്ടുപോകുന്നതായി കാട്ടി ജൂനിയർ ഡോക്ടർമാർ സമരം പുനരാരംഭിച്ചിരിക്കുകയാണ്.ജൂനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി ഇരുന്നൂറോളം സർക്കാർ ഡോക്ടർമാർ പ്രതീകാത്മകമായി രാജിവച്ചു. അതേസമയം, സർക്കാർ ആശുപത്രികളിൽനിന്നുള്ള ഡോക്ടർമാരുടെ കൂട്ടരാജി സേവന ചട്ടങ്ങൾ അനുസരിച്ചല്ലെന്ന് സർക്കാർ വ്യക്തമാക്കി. രാജി സാധുതയുള്ളതല്ലെന്നും ചട്ടങ്ങൾ അനുസരിച്ച് വ്യക്തിഗതമായി വേണം രാജിക്കത്ത് സമർപ്പിക്കേണ്ടതെന്നും സർക്കാർ അറിയിച്ചു.

English Summary:

Doctors strike Kolkata murder protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com