കുട്ടികളടക്കം 141 ജീവനുകൾ; ആശങ്കയ്ക്കൊടുവിൽ സുരക്ഷിത ലാൻഡിങ്; പൈലറ്റിനും വനിതാ കോ–പൈലറ്റിനും കയ്യടി
Mail This Article
ചെന്നൈ∙ രാജ്യത്തെ രണ്ടര മണിക്കൂർ മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി – ഷാർജ വിമാനത്തിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ, വിമാനത്തിന്റെ പൈലറ്റിനും സഹപൈലറ്റിനും രാജ്യമൊട്ടാകെ അഭിനന്ദനപ്രവാഹം. സമ്മർദ്ദങ്ങൾക്ക് നടുവിലും കുഞ്ഞുങ്ങളടക്കം 141 പേരുടെ ജീവൻ കയ്യിൽ പിടിച്ചാണ് ഇഖ്റോ റിഫാദലിയും വനിതാ സഹപൈലറ്റായ മൈത്രേയി ശ്രീകൃഷ്ണയും ചേർന്ന് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്. ഇതോടെ ഇരുവർക്കും സമൂഹമാധ്യമങ്ങളിൽ അഭിനന്ദനം നിറയുകയാണ്.
ആശങ്കകൾ നിറഞ്ഞ രണ്ടര മണിക്കൂറിനൊടുവിലാണ് വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. പൈലറ്റുമാരുടെ അനുഭവ സമ്പത്ത് അടിയന്തര ഘട്ടത്തിൽ തുണയായി എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. പൈലറ്റുമാരെയും ക്യാബിന്‍ ക്രൂവിനെയും തമിഴ്‌നാട് മുഖ്യമന്ത്രി എക്സിലൂടെ അഭിനന്ദിച്ചു.
തിരുച്ചിറപ്പള്ളി – ഷാർജ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം (AXB613) പറയുന്നയര്‍ന്ന ഉടനെ തന്നെ സാങ്കേതിക തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നിറയെ ഇന്ധനമുള്ളതിനാല്‍ ലാന്‍ഡ് ചെയ്യാനും യാത്ര തുടരാനും സാധിക്കാത്ത അവസ്ഥയായി. വിമാനത്തിലെ ഇന്ധനം കത്തിതീർക്കുക എന്നതായിരുന്നു പിന്നീട് മുൻപിലുള്ള ഏക മാർഗം. ഇതിനു വേണ്ടിയാണ് ആകാശത്ത് രണ്ടര മണിക്കൂറോളം വട്ടമിട്ടു പറന്നത്. തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്.