ADVERTISEMENT

വേരില്ലാത്ത ജലസസ്യങ്ങളെപ്പോലെയാണ് ചില മനുഷ്യർ. ഒരിടത്തും ഉറയ്ക്കാനാവാതെ ഒഴുകുകയോ എവിടെയെങ്കിലും അടിഞ്ഞുപോകുകയോ ചെയ്യുന്നവർ. അവരുടേതെന്നു പറയാൻ ഒരിടമോ വിലാസമോ ഇല്ലാത്തവർ. യുദ്ധമോ കലാപമോ നശിപ്പിച്ച സ്വന്തം നാടുകളിൽനിന്ന് അഭയം തേടി പലായനം ചെയ്ത് എവിടെയൊക്കെയോ എത്തിയവരും ജോലി തേടിയും പട്ടിണിയിൽ വശംകെട്ടും പ്രകൃതിദുരന്തങ്ങളിൽ വലഞ്ഞും നാടും വീടും വിട്ടു മറ്റു രാജ്യങ്ങളിലെത്തിയവരുമൊക്കെ അക്കൂട്ടത്തിൽ പെടുന്നു. അത്തരം അഭയാർഥികളെ പല രാജ്യങ്ങളും അകറ്റിനിർത്തുകയാണ് പതിവ്. നഷ്ടപ്പെട്ട സ്വന്തം നാടും എത്തിച്ചേർന്ന പുതിയ നാടും അവർക്ക് അഭയമാകാത്ത അവസ്ഥയുണ്ടാകുന്നു. ഒരു രാജ്യത്തിന്റെയും പൗരത്വപ്പട്ടികയിൽ അവരുടെ പേരുണ്ടാവില്ല. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, രാജ്യരഹിതരായ മനുഷ്യർ.

പഠിക്കുക, തൊഴിലെടുക്കുക, സ്വതന്ത്രമായി സഞ്ചരിക്കുക തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ പോലും പൗരത്വരഹിതരായ ഇത്തരം മനുഷ്യർക്കു നിഷേധിക്കപ്പെടുന്നു. ഔദ്യോഗികമായി വിവാഹം കഴിക്കാനോ അസുഖം വന്നാൽ ആശുപത്രിയിൽ പോകാനോ പോലും അവർക്കു നിയന്ത്രണങ്ങളുണ്ട്. അപേക്ഷാ ഫോമുകളിലെ ‘നാഷനാലിറ്റി / സിറ്റിസൺ ഓഫ്...’ എന്ന കോളം പൂരിപ്പിക്കാനാകാത്ത ലക്ഷക്കണക്കിനുപേരാണു ഭൂമിയിലുള്ളത്. ഒരു അവകാശവുമില്ലാത്ത, ഒരു രാജ്യവും പൗരത്വം കൊടുക്കാത്ത, അതിനാൽ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, തൊഴിൽ തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട മനുഷ്യർ.

ഇവർക്കു വേണ്ടി തിങ്കളാഴ്ച ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) നേതൃത്വത്തിൽ ജനീവയിൽ വലിയൊരു യോഗം നടക്കുകയാണ്. ഭൂമിയിലെ ഏറ്റവും അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ദുരിതം അവസാനിപ്പിക്കാനുള്ള പദ്ധതികൾ അവലോകനം ചെയ്യാനും അതിനായി പുതിയ ശ്രമങ്ങൾ ആരംഭിക്കാനും വേണ്ടിയാണ് ഈ യോഗം. ‘രാജ്യരഹിതരില്ലാത്ത ഭൂമി’ എന്ന ലക്ഷ്യത്തോടെ പത്തു വർഷം മുൻപ് ആരംഭിച്ച #IBelong എന്ന ക്യാംപെയ്നിന്റെ സഫലമായ പര്യവസാനമാണ് ഈ യോഗത്തിന്റെ ലക്ഷ്യം. അതായത്, ഈ ഭൂമിയിൽ ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ഒരാൾപോലും ഉണ്ടാകരുതെന്ന കർശന നിബന്ധനയാണ് യുഎൻ മുന്നോട്ടുവയ്ക്കുന്നത്. പതിറ്റാണ്ടുകൾ നീണ്ട അവഗണനയ്ക്കുശേഷം, ഈ പ്രശ്നം പരിഹരിക്കാൻ പല രാജ്യങ്ങളും നടപടിയെടുത്തു തുടങ്ങി. അതേസമയം, ചില രാജ്യങ്ങളാകട്ടെ അത്തരം മനുഷ്യരുണ്ടെന്നു സമ്മതിക്കാൻ പോലും തയാറായിട്ടില്ല.

യുദ്ധം, ആഭ്യന്തര കലഹം, വംശീയ വിദ്വേഷം തുടങ്ങിയവ മൂലം നാട്ടിൽനിന്ന് ഓടിപ്പോകേണ്ടിവന്നവരും രാജ്യം തന്നെ നാമാവശേഷമായവരുമൊക്കെയാണു രാജ്യരഹിതരുടെ പട്ടികയിൽപെടുന്നത്. ജന്മനാട്ടിലെ നിയമക്കുരുക്കുകളാണ് ചിലരുടെ പൗരത്വം നഷ്ടമാക്കിയത്. സ്വന്തം പൗരന്മാർക്കു വിദേശത്തു വച്ചു ജനിച്ച കുട്ടികൾക്കു പൗരത്വമനുവദിക്കാത്ത രാജ്യങ്ങളുണ്ട്. രാജ്യരഹിതരായവരുടെ മക്കളും പൗരത്വ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ചിലരുടെ ജന്മദേശത്തെ മറ്റു രാജ്യങ്ങൾ ‘രാജ്യം’ എന്ന നിലയിൽ അംഗീകരിക്കാത്തതും പ്രശ്നമാണ്.

2024 ഓടെ ഇത്തരം പൗരത്വ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ഒരു പദ്ധതിക്ക് യുഎൻ ഹൈക്കമ്മിഷണർ ഫോർ റഫ്യൂജീസ് (യുഎൻഎച്ച്സിആർ) 2013ൽ തുടക്കമിട്ടിരുന്നു. എന്നാൽ അതിന്റെ പൂർത്തീകരണസമയമായിട്ടും, പൗരത്വപ്രശ്നം അനുഭവിക്കുന്നവരുടെ കണക്കുകൾ അങ്ങനെതന്നെ നിലനിൽക്കുകയാണെന്നാണു കഴിഞ്ഞ വർഷം പകുതിയോടെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം യൂറോപ്യൻ യൂണിയനിൽ ഏകദേശം 3,81,000 പേരാണു രാജ്യരഹിതരായുള്ളത്. സർക്കാരുകൾ നൽകിയ വിവരങ്ങൾക്കും സന്നദ്ധ സംഘടനകൾ നൽകിയ കണക്കുകൾക്കും മുകളിലാണ് രാജ്യരഹിതരുടെ എണ്ണമെന്ന് യുഎൻഎച്ച്സിആർ തന്നെ സമ്മതിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പട്ടികയിൽപെടാത്ത, ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടാത്ത മനുഷ്യരാണ് ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്നതും.

ലിബിയയിൽനിന്ന് ഒഴിപ്പിക്കപ്പെട്ടവർ നൈമെയിലെ യുഎൻഎച്ച്സിആർ ഓഫിസിൽ. 2017 നവംബർ 17ലെ ചിത്രം. (Photo by Sia KAMBOU / AFP)
ലിബിയയിൽനിന്ന് ഒഴിപ്പിക്കപ്പെട്ടവർ നൈമെയിലെ യുഎൻഎച്ച്സിആർ ഓഫിസിൽ. 2017 നവംബർ 17ലെ ചിത്രം. (Photo by Sia KAMBOU / AFP)

രാജ്യരഹിതർക്കുവേണ്ടി 1954ലും 1961ലും യുഎൻ കൺവൻഷനുകൾ നടത്തിയിരുന്നു. എന്നാൽ ഫ്രാൻസ്, ഗ്രീസ്, സ്ലൊവേനിയ തുടങ്ങിയ രാജ്യങ്ങൾ 1961ലെ കൺവൻഷൻ തീരുമാനങ്ങൾ അംഗീകരിച്ചിട്ടില്ല. സൈപ്രസ്, എസ്റ്റോണിയ, പോളണ്ട് എന്നീ രാജ്യങ്ങള്‍ 1954 തീരുമാനങ്ങളും അംഗീകരിച്ചിട്ടില്ലെന്ന് ഇയുവിന്റെ ഇന്റർഗവൺമെന്റൽ ഓർഗനൈസേഷൻ ആയ യൂറോപ്യൻ മൈഗ്രേഷൻ നെറ്റ്‌വർക്കിന്റെ (ഇഎംഎൻ) റിപ്പോർട്ടിൽ പറയുന്നു. 2004ൽ യുഎൻഎച്ച്സിആർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്, 13 ഇയു രാജ്യങ്ങളിലായി ആക 6.25 ലക്ഷം രാജ്യരഹിതർ ഉണ്ടെന്നാണ്. ഇതിൽ 6,02,700 പേർ ലാത്‌വിയ, എസ്റ്റോണിയ എന്നിവിടങ്ങളിൽനിന്നാണ്. 2013ലെ യുഎൻഎച്ച്സിആർ റിപ്പോർട്ടിൽ 2,55,700 ആണ് ഈ രാജ്യങ്ങളിലെ രാജ്യരഹിതരുടെ എണ്ണം. 2005ൽ സ്വീഡനിൽ രാജ്യരഹിതരുടെ എണ്ണം 5,300 ആയിരുന്നത് 2023 ആയപ്പോൾ 40,400 ആയി. ഡെൻമാർക്കിൽ 2005ലെ എണ്ണം 446 ആയിരുന്നു. കഴിഞ്ഞവർഷം അത് 11,400 ആയി വർധിച്ചു.

stateless-persons-info1

ജർമനിയിലുള്ള രാജ്യരഹിതരുടെ എണ്ണം 30,000 ആണെന്ന് ജർമൻ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ കണക്കുകൾ വച്ച് യുഎൻഎച്ച്സിആർ പറയുന്നു. 97,150 പേരുടെ മറ്റൊരു കണക്കും ജർമനിയുടെ കൈവശമുണ്ട്. ഇതിൽ പകുതിയും സിറിയയിൽനിന്നു വന്നവരാണ്. ഇവർ ജർമനിയിൽ അഭയത്തിന് അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടു. ഇവരെ തിരിച്ചയയ്ക്കാനും ബുദ്ധിമുട്ടാണ്. ഏതു രാജ്യത്തേക്ക് അയയ്ക്കണമെന്നു ഭരണകൂടത്തിനും അറിയില്ല. നടപടിക്രമങ്ങളെല്ലാം കഴിഞ്ഞാൽ മാത്രമേ അവരെ രാജ്യരഹിതരെന്ന പട്ടികയിലെങ്കിലും പെടുത്തി, എന്തെങ്കിലും ആനുകൂല്യങ്ങൾ നൽകാനാകൂ.

രാജ്യരഹിതർ ഏറ്റവും കൂടുതലുള്ള രാജ്യങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം

∙ മ്യാൻമർ, ബംഗ്ലദേശ്

മ്യാൻമർ 1982ൽ പാസാക്കിയ പൗരത്വ നിയമത്തിലൂടെ, മുസ്‌ലിം സമൂഹമായ റോഹിൻഗ്യകൾ രാജ്യമില്ലാത്തവരായി മാറി. അവർക്കെതിരെയുള്ള ആക്രമണങ്ങൾ അവരിൽ പലരെയും രാജ്യം വിട്ടുപോകാൻ പ്രേരിപ്പിച്ചു. യുഎന്നിന്റെ കണക്കുകൾ പ്രകാരം, ഏകദേശം 6,34,000 റോഹിൻഗ്യകളാണ് മ്യാൻമറിൽ ഇപ്പോഴുള്ളത്. ഏകദേശം 10 ലക്ഷം റോഹിൻഗ്യകൾ അടുത്തുള്ള ബംഗ്ലദേശിലേക്കു കുടിയേറി. നിരവധി പേർ ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് മലേഷ്യയിലേക്കു രക്ഷപ്പെട്ടു. ചിലരെ മനുഷ്യക്കടത്തുകാർ മത്സ്യബന്ധന ബോട്ടുകളിലും തോട്ടങ്ങളിലും അടിമകളായി വിറ്റു.

മ്യാൻമറിൽനിന്ന് പോകുന്ന രോഹിൻഗ്യൻ വംശജർ. 2023 മേയ് 5ലെ ചിത്രം. (Photo by Tanbirul Miraj / AFP)
മ്യാൻമറിൽനിന്ന് പോകുന്ന രോഹിൻഗ്യൻ വംശജർ. 2023 മേയ് 5ലെ ചിത്രം. (Photo by Tanbirul Miraj / AFP)

∙ ഐവറി കോസ്റ്റ്

ഏകദേശം 9,31,000 പേർക്കു പൗരത്വമില്ല. ഇവരിൽ പലരും 20-ാം നൂറ്റാണ്ടിൽ ഐവറി കോസ്റ്റിലെ കാപ്പി, പരുത്തി തോട്ടങ്ങളിൽ ജോലി ചെയ്യാൻ സമീപ രാജ്യങ്ങളിൽനിന്ന് എത്തിയ കുടിയേറ്റക്കാരുടെ പിൻഗാമികളാണ്. ഐവറി കോസ്റ്റിലെ ജനസംഖ്യയുടെ കാൽഭാഗമെങ്കിലും വിദേശ വംശജരായിരിക്കാമെന്നാണു കണക്കാക്കപ്പെടുന്നത്. ആരാണ് ഐവോറിയൻ എന്നും അല്ലാത്തവരെന്നുമുള്ള ചോദ്യമാണ് ഈ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തെ പൗരത്വപ്രശ്നങ്ങൾക്കു തുടക്കമിട്ടത്.

∙ തായ്‌ലൻഡ്

5,87,000ൽ അധികം പേർക്ക് തായ്‌ലൻഡിൽ പൗരത്വമില്ല. ഇതിൽ മ്യാൻമറുമായും ലാവോസുമായും അതിർത്തി പങ്കിടുന്ന പർവത മേഖലകളിലെ ഹ്മോങ്, കരൻ തുടങ്ങിയ ഗോത്രവർഗക്കാർ, ആൻഡമാൻ തീരങ്ങളിൽ കഴിയുന്നവർ എന്നിവരും ഉൾപ്പെടുന്നു.

∙ ലാത്വിയ / എസ്റ്റോണിയ

1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ നിരവധി റഷ്യൻ വംശജർ പുതിയതായി രൂപം കൊണ്ട രാജ്യങ്ങളിൽ തുടരുകയും പിന്നീട് ‘നോൺ-സിറ്റിസൺസ്’ (പൗരത്വമില്ലാത്തവർ) പട്ടികയിൽ പെടുകയും ചെയ്തു. ലാത്വിയയിൽ ഏകദേശം 1,80,600 ഉം എസ്റ്റോണിയയിൽ ഏകദേശം 64,900 ഉം രാജ്യരഹിതർ ഉണ്ടെന്നാണു വിവരം. പൗരത്വം നേടാൻ പ്രയാസം അനുഭവിക്കുന്ന റഷ്യൻ വംശജർ പലപ്പോഴും വിവേചനത്തിനും വിധേയരാകുന്നുണ്ട്.

2019ൽ കിർഗിസ്ഥാൻ, തങ്ങളുടെ ഭരണപരിധിയിലുള്ള എല്ലാവർക്കും പൗരത്വം നൽകി ‘രാജ്യമില്ലായ്മ’ അവസാനിപ്പിച്ച ആദ്യ രാജ്യമായി മാറി. അടുത്ത ആഴ്ച നടക്കുന്ന യോഗത്തിൽ തുർക്ക്മെനിസ്ഥാൻ ഇതേ പ്രഖ്യാപനം നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

∙ സിറിയ

1962ൽ വടക്കുകിഴക്കൻ സിറിയയിലെ നിരവധി കുർദുകൾക്ക് പൗരത്വം നഷ്ടമായി. ആഭ്യന്തരയുദ്ധത്തിനു മുൻപ് സിറിയയിൽ ഏകദേശം 3,00,000 രാജ്യരഹിത കുർദുകൾ ഉണ്ടായിരുന്നു, അവരിൽ പലർക്കും 2011ലെ അറബ് വസന്തത്തിന്റെ സമയത്ത് പ്രസിഡന്റ് ബഷാർ അൽ അസദ് പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. യുഎന്നിന്റെ കണക്കുകൾ പ്രകാരം സിറിയയിലെ പൗരത്വരഹിതരുടെ എണ്ണം 1,60,000 ആയി കുറഞ്ഞിട്ടുണ്ട്. ആഭ്യന്തരകലഹം രൂക്ഷമായ സിറിയയൽനിന്നു പലരും പലായനം ചെയ്തതുമാകാം ഇതിനു കാരണം. അതേസമയം, യുദ്ധം മൂലം നാടുവിടേണ്ടിവന്ന സിറിയൻ കുടുംബങ്ങളിൽ ജനിച്ച പല കുട്ടികളും പൗരത്വമില്ലാത്തവരായേക്കാമെന്ന ആശങ്കയുമുണ്ട്.

പ്രതീകാത്മക ചിത്രം. (Photo: Istockphoto / TheerapolP)
പ്രതീകാത്മക ചിത്രം. (Photo: Istockphoto / TheerapolP)

∙ കുവൈത്ത്

രാജ്യമില്ലാത്തവരെ കുവൈത്തിൽ ‘ബിദൂൻ’ എന്നാണു വിളിക്കുന്നത്. അറബിയിൽ ‘ബിദൂൺ ജിൻസിയ’ എന്നതിന്റെ ചുരുക്കമാണിത്. ‘രാജ്യമില്ലാത്തവർ’ എന്നാണ് അർഥം. യുഎന്നിന്റെ കണക്കുകൾ പ്രകാരം കുവൈത്തിൽ ഏകദേശം 92,000 ബിദൂനുകളുണ്ട്. പക്ഷേ, ഔദ്യോഗിക കണക്കുകളിൽപ്പെടാത്ത നിരവധിപ്പേരുണ്ടാകാമെന്നതിനാൽ ഈ സംഖ്യ വർധിച്ചേക്കാം. സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ജോലി തുടങ്ങിയവ ഇത്തരക്കാർക്കു ലഭ്യമാവില്ല.

∙ നേപ്പാൾ

രാജ്യരഹിതരായവർ രാജ്യത്തില്ലെന്ന് നേപ്പാൾ അവകാശപ്പെടുന്നുണ്ടെങ്കിലും നൂറുകണക്കിന് ആളുകൾ ഉണ്ടായിരിക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ധർ കരുതുന്നത്. വിദേശികളെ വിവാഹം കഴിച്ച സ്ത്രീകളുടെ കുട്ടികൾക്കു നേപ്പാൾ പൗരത്വം ലഭിക്കാൻ നിയന്ത്രണങ്ങളുണ്ട്. 1990കളിൽ ഭൂട്ടാനിൽനിന്നു പുറത്താക്കപ്പെട്ടവരും നേപ്പാളിൽ ഉണ്ട്. ഇവരും രാജ്യരഹിതരുടെ പട്ടികയിൽപ്പെടുന്നു.

∙ ഡൊമിനിക്കൻ റിപ്പബ്ലിക്

‍‍ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ജനിച്ച ഹെയ്റ്റിയൻ വംശജർ ഉൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാർക്കു പൗരത്വം നൽകാതിരിക്കാൻ ദേശീയ നിയമത്തിൽ വരുത്തിയ മാറ്റങ്ങളും 2013ലെ കോടതി വിധിയും നിരവധിപ്പേരെ രാജ്യരഹിതരാക്കി. 2013ൽ ഡൊമിനിക്കൻ പൗരത്വം നഷ്ടപ്പെട്ട ചിലർക്കു പൗരത്വം തിരിച്ചുപിടിക്കാനായെങ്കിലും, ഒരു ലക്ഷത്തോളം പേർ ഇപ്പോഴും പൗരത്വമില്ലാത്തവരായി തുടരുന്നു.

∙ യൂറോപ്പ്

ഇന്തോ – ആര്യൻ വംശത്തിൽപ്പെട്ട റോമാ വംശജരായ ലക്ഷക്കണക്കിനുപേർ പൗരത്വമില്ലാതെ യൂറോപ്പിന്റെ മധ്യ, കിഴക്കൻ, തെക്കൻ രാജ്യങ്ങളിൽ കഴിയുന്നുണ്ട്. ചെക്കോസ്ലൊവാക്യയും യുഗോസ്ലാവിയയും വിഘടിച്ചപ്പോൾ, പുതുതായി രൂപംകൊണ്ട രാജ്യങ്ങൾ, റോമാ വംശജർ തങ്ങളുടെ ഭൂപ്രദേശങ്ങളിൽനിന്നല്ലെന്ന് അവകാശപ്പെട്ടു. കൊസോവോയിലും ബോസ്നിയയിലും യുദ്ധകാലത്തുണ്ടായ സാഹചര്യങ്ങളിൽ നിരവധി റോമാ വംശജർ രാജ്യമില്ലാത്തവരായി മാറി. ഇവർക്കു പലപ്പോഴും കുട്ടികളുടെ ജനന രേഖകൾ റജിസ്റ്റർ ചെയ്യാനും സ്വത്തവകാശങ്ങൾ നേടാനും കഴിയാത്ത അവസ്ഥയുണ്ട്.

∙ മറ്റു രാജ്യങ്ങൾ

ലോകത്തെ 95 രാജ്യങ്ങളിൽനിന്നു ലഭ്യമായ ഡേറ്റ പ്രകാരം 44 ലക്ഷം ആളുകൾ പൗരത്വരഹിതരാണ്. ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലെബനൻ, പാക്കിസ്ഥാൻ, സിംബാബ്‌വെ തുടങ്ങിയ ചില രാജ്യങ്ങൾ ഇത്തരം കണക്കു പുറത്തുവിടാത്തതിനാൽ യഥാർഥ സംഖ്യ അതിലും കൂടുതലായിരിക്കാനാണു സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com