വീണയുടെ മൊഴി രേഖപ്പെടുത്തി എസ്എഫ്ഐഒ; ചോദ്യം ചെയ്തതിൽ പുതുതായി ഒന്നുമില്ലെന്ന് റിയാസ്: പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ
Mail This Article
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉൾപ്പെട്ട മാസപ്പടിക്കേസ് വീണ്ടും ചർച്ചാവിഷയമാവുന്നു. വീണയുടെ മൊഴി എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) രേഖപ്പെടുത്തിയെന്ന വാർത്ത ഇന്നു പുറത്തുവന്നു. ചെന്നൈയിൽ കഴിഞ്ഞ ബുധനാഴ്ച എസ്എഫ്ഐഒ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് വീണയുടെ മൊഴിയെടുത്തത്.
എന്നാൽ വീണയെ ചോദ്യം ചെയ്തതിൽ പുതുതായി ഒന്നുമില്ലെന്നായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞത്. ‘‘ ചോദ്യം ചെയ്യൽ പുതുമയുള്ള ഒന്നായി എനിക്ക് തോന്നുന്നില്ല. വിഷയത്തിൽ നേരത്തെ തന്നെ രാഷ്ട്രീയ നിലപാട് പാർട്ടിയും മറ്റുള്ളവരും പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല’’– മുഹമ്മദ് റിയാസ് പറഞ്ഞു.
എന്നാൽ ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തതെന്നു ഷോൺ ജോർജ് പ്രതികരിച്ചു.
അതിനിടെ വിവാദമായ അഭിമുഖത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നും മറയ്ക്കാനില്ലെന്നും സ്വർണക്കത്ത് രാജ്യവിരുദ്ധ പ്രവർത്തനമെന്നും ഗവർണർക്ക് നൽകിയ കത്തിൽ മുഖ്യമന്ത്രി പറയുന്നു.